പദ്ധതികള്‍ ഒരുക്കുന്ന ദൈവം...
thoolikaa.net റിജോ കെ. എസ്. മണിമല

Annual Issue Images

ജെറമിയാ പ്രവാചകന്റെ പുസ്തകം 29-ാം അദ്ധ്യായത്തില്‍ ഹൃദയത്തെ വളരെയധികം സ്പര്‍ശിക്കുന്ന ഒരു തിരുവചനം നമുക്ക് കാണുവാന്‍ സാധിക്കും; വേദനയുടെയും നിരാശയുടെയുമൊക്കെ സമയങ്ങളില്‍ ആശ്വാസമാകുന്ന വചനഭാഗം. 'നിങ്ങളെകുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ളപദ്ധതിയാണ്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി'(ജെറമിയാ 29:11).

ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഒക്കെ വിപരീതമായി ജീവിതം വഴിമാറിപ്പോകുമ്പോള്‍ ഈ ദൈവവചനം എങ്ങനെയാണ് നമ്മെ സ്വാധീനിക്കുകയെന്ന് പലപ്പോഴും ചിന്തിച്ചുപോകാം. വേദനയുടെയും പ്രയാസങ്ങളുടെയും നിലയില്ലാക്കയത്തിലേക്കു മുങ്ങുമ്പോള്‍, എല്ലാം കഴിഞ്ഞു എന്ന് വിചാരിക്കുന്നിടത്തു അദൃശ്യമായ ദൈവീകകരം നീളുമ്പോള്‍ മാത്രമാണ് ആ 'പദ്ധതി' എന്തായിരുന്നെന്നു മനസ്സിലാക്കുവാന്‍ നമുക്ക് സാധിക്കുക.ലോകത്തിന്റെ മോഹങ്ങളില്‍പ്പെട്ടു ജീവിതം വഴിതെറ്റിപ്പോകാതെ തന്റെ മാറോടുചേര്‍ത്തുനിര്‍ത്തുവാനുള്ള അവന്റെ പദ്ധതിയുടെ ഭാഗമായിരുന്നു ഇത്തരം വേദനകളിലെല്ലാം തന്നില്‍ വിശ്വസിക്കുന്നവരാരും നശിച്ചുപോകാതെ ഉള്ളംകയ്യില്‍ പരിപാലിക്കുന്നവന്‍ നമുക്കായി കരുതിയ വഴികളില്‍ ഓരോന്നും.

മാനുഷികമായി ചിന്തിക്കുമ്പോള്‍ സുഖത്തിന്റെയും സന്തോഷത്തിന്റെയും ഈലോക ജീവിതത്തില്‍നിന്നും ആത്മീയ ജീവിതത്തിലേക്ക് പറിച്ചുനടപ്പെടുമ്പോള്‍ സങ്കടങ്ങളും കുറ്റപ്പെടുത്തലുകളും മാത്രമായിരിക്കും ആദ്യം നേരിടേണ്ടിവരുക. അപ്പത്തോളം ചെറുതായവന്‍ കൂടെയുണ്ടെന്നു ഇത്തരം നിമിഷങ്ങളില്‍ നാം മറന്നുകൂടാ. കാരണം, ഈ അശുഭനിമിഷങ്ങള്‍ ശുഭകരമായ അവന്റെ പദ്ധതികള്‍ നമ്മില്‍ ഫലമണിയുവാനുള്ള വഴികളാണ്. വാഗ്ദാനങ്ങളില്‍ വിശ്വസ്തനായവന്‍ നമുക്കായ് പദ്ധതികള്‍ ഒരുക്കുന്നത് നമ്മുടെ ചിന്തകള്‍ക്കും അതീതമായിരിക്കും.

നാളുകള്‍ക്കപ്പുറത്തു ജീവിതത്തിന്റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോള്‍, സന്തോഷങ്ങളിലും സങ്കടങ്ങളിലും എന്റെ ഹൃദയത്തിന്റെ ഉള്ളില്‍ ഇന്നും ആ വചനങ്ങള്‍ തെളിഞ്ഞുനില്‍ക്കുന്നു. ജീവിതത്തിലെ തീവ്രവേദനകളുടെ സമയങ്ങളിലും പ്രതീക്ഷയുടെ തിരിനാളം തെളിയിച്ചുകൊണ്ടു എന്റെ ബലഹീനതയില്‍ അവിടുന്നു എനിക്ക് ശക്തിപകര്‍ന്നുകൊണ്ടേയിരിക്കുന്നു. പാപിയും നിസ്സാരനുമായ എന്നെക്കുറിച്ചു പദ്ധതികള്‍ ഒരുക്കുന്നവന്റെ ഉറപ്പുള്ള വചനങ്ങള്‍....ദൈവം അനുഗ്രഹിക്കട്ടെ!

Read more ArticlesCopyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 166874