' വൈറ്റ് ഹൗസ് ' സ്വന്തമാക്കുന്നതെങ്ങനെ?

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി 'വൈറ്റ് ഹൗസ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യന്‍ രാഷ്ട്രപതിഭവന്‍, ബക്കിംഗ്ഹാം പാലസ് എന്നിവയെപ്പോലെ വലിപ്പമുള്ള ഒന്നല്ല വൈറ്റ് ഹൗസ്. പക്ഷേ, ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയുടെ ഔദ്യോഗിക വസതി എന്ന നിലയില്‍ അത് ഏറെ ശ്രദ്ധേയമാണ്. 1816 മുതലാണ് ഈ കെട്ടിടം വൈറ്റ് ഹൗസ് എന്ന പേരിലറിയപ്പെട്ടു തുടങ്ങിയത്. അതിന്റെ പിന്നിലൊരു കഥയുണ്ട്.

ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും അമേരിക്കന്‍ ഐക്യനാടുകള്‍ സ്വതന്ത്രമായെങ്കിലും ഫ്രാന്‍സുമായി വ്യാപാരം നടത്തുന്ന അമേരിക്കന്‍ കപ്പലുകളെ ബ്രിട്ടീഷ് നാവിക സൈന്യം തടയുക പതിവായി. കൂടാതെ റെഡ് ഇന്ത്യന്‍ ഗോത്രങ്ങള്‍ക്ക് ബ്രിട്ടീഷ് സൈന്യം ആയുധങ്ങള്‍ നല്കി യു.എസിനെതിരെ അണിനിരത്തി. യു.എസിന്റെ പരമാധികാരത്തിനെതിരെയുള്ള കടന്നുകയറ്റമായി അവര്‍ അതിനെ കണക്കാക്കി. ഇതവസാനിപ്പിക്കുവാനായി 1812ല്‍ നടത്തിയ യുദ്ധത്തിനിടയില്‍ ബ്രിട്ടീഷ് സൈന്യം വാഷിംഗ്ടന്‍ നഗരത്തില്‍ ഒരു റെയ്ഡ് നടത്തി. റെയ്ഡിനിടയില്‍ അവര്‍ പ്രസിഡന്റിന്റെ വസതിക്ക് തീയിട്ടു. അന്നത്തെ പ്രസിഡന്റായിരുന്ന ജയിംസ് മാഡിസണ്‍ വസതി ഉപേക്ഷിച്ച് ഓടി രക്ഷപെടേണ്ടിവന്നു. എങ്കിലും, പിന്നീട് അദ്ദേഹം യുദ്ധത്തില്‍ ജയിച്ച് മടങ്ങിയെത്തി തന്റെ വസതിയുടെ കേടുപാടുകള്‍ തീര്‍ത്തു. കരിയും പുകയും പിടിച്ച് ഭിത്തികളെല്ലാം ഇരുണ്ടുപോയിരുന്നു. അതിനാല്‍ കെട്ടിടം മുഴുവനും അദ്ദേഹം വെള്ളപൂശി വൃത്തിയാക്കി. തീപിടുത്തത്തില്‍ കറുത്തിരുണ്ടു പോയ കെട്ടിടം വെളുത്ത പെയിന്റടിച്ച് ഭംഗിയാക്കിയപ്പോള്‍ ആളുകള്‍ അതിനെ 'വൈറ്റ് ഹൗസ്' എന്നു വിളിക്കാനാരംഭിച്ചു. ക്രമേണ അത് പ്രസിഡന്റിന്റെ വസതിയുടെ ഔദ്യോഗിക നാമമായി.

എല്ലാം പുതുതായി ആരംഭിക്കുവാന്‍ തക്കവിധം ഒരു പുതുവര്‍ഷം നമുക്ക് ലഭിക്കുകയാണ്. പോയ വര്‍ഷത്തിലെ തെറ്റുകളും കുറ്റങ്ങളും തിന്മയുടെ ആക്രമണങ്ങളുംമൂലം ജീവിതത്തിന്റെ ശോഭ നഷ്ടപ്പെട്ട അവസ്ഥയുണ്ടാകാം. ദുരിതങ്ങളും ദുരന്തങ്ങളും ജീവിതത്തെ ചിലപ്പോള്‍ വികൃതമാക്കിയിട്ടുണ്ടാകാം. എന്നാല്‍, ദൈവത്തിന് നമ്മുടെ ജീവിതത്തെ പുതുക്കിപ്പണിയാനാകും. അവിടുത്തേക്ക് വിട്ടുകൊടുക്കുക മാത്രം ചെയ്താല്‍ മതി. യേശുവിന്റെ രക്തത്തിന് നമ്മുടെ പാപത്തിന്റെ കറകളെല്ലാം കഴുകിക്കളയാനാകും. നമ്മുടെ പാപങ്ങളോര്‍ത്ത് ആത്മാര്‍ത്ഥമായി അനുതപിക്കുവാനും യേശുവിനെ നാഥനും കര്‍ത്താവുമായി ഏറ്റുപറയുവാനും തയാറാകുമ്പോള്‍ കര്‍ത്താവ് നമ്മുടെ ഉള്ളില്‍ വന്ന് വസിച്ച് സകലതും പുതുതാക്കും. സര്‍വശക്തനായ ദൈവം വസിക്കുന്ന 'വൈറ്റ് ഹൗസായി' നമ്മുടെ ജീവിതങ്ങള്‍ രൂപാന്തരപ്പെടും.

കര്‍ത്താവേ, കഴിഞ്ഞ വര്‍ഷത്തിന്റെ വേദനകളും യാതനകളും ഞാനങ്ങേക്ക് സമര്‍പ്പിക്കുന്നു. ചെയ്തുപോയ എല്ലാ തെറ്റുകളോര്‍ത്തും ഞാന്‍ അനുതപിക്കുന്നു. പാപങ്ങള്‍ ക്ഷമിച്ച് എന്നെ അനുഗ്രഹിക്കണമേ. അവിടുത്തെ ആത്മാവിനാല്‍ ഞാന്‍ വീണ്ടും നവീകരിക്കപ്പെടട്ടെ. പാപപങ്കിലമായ എന്റെ ജീവിതം അങ്ങയുടെ തിരുരക്തത്താല്‍ വിശുദ്ധീകരിക്കപ്പെടട്ടെ. ആമ്മേന്‍.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161710