കൂടെവസിക്കുന്ന ദൈവം
റോബിന്‍

ദൈവം സ്‌നേഹമാകുന്നു എന്ന യാഥാര്‍ത്ഥ്യം വളരെ ചെറുപ്പം മുതലേ അനേകം പ്രാവശ്യം കേള്‍ക്കുകയും, ആ സത്യത്തെ ജീവിതത്തിലുടനീളം ധ്യാനിക്കുകയും മനസ്സിലാക്കുകയും ചെയ്തവരാണല്ലോ നാമോരോരുത്തരും. എന്നാല്‍ സ്‌നേഹിക്കുന്ന ഈ ദൈവത്തിന് എന്നോടുള്ള വ്യക്തിപരമായ ബന്ധത്തെ നമ്മിലെത്രപേര്‍ ആഴത്തില്‍ മനസ്സിലാക്കിയിട്ടുണ്ടെന്നത് ആത്മാര്‍ത്ഥമായി ചിന്തിക്കുന്നത് ഉചിതമായിരിക്കും. എന്റെയും ഈ ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക് പരിഹാരമായി കാല്‍വരിക്കുരിശില്‍ സ്വജീവന്‍ ബലിയായി നല്‍കി ഈ ലോകത്തില്‍നിന്നു തന്റെ പിതാവിന്റെ സന്നിധിയിലേയ്ക്ക് സ്വര്‍ഗ്ഗാരോഹണം ചെയ്ത ഈശോനാഥന്‍ മനുഷ്യമക്കളെ അനാഥരായി വിടുവാന്‍ ആഗ്രഹിച്ചില്ല. ആ സ്‌നേഹത്തിന്റെ പൂര്‍ണ്ണതയിലാണ് മാംസം ധരിച്ച, വചനമായ ദൈവം അപ്പമായി രൂപാന്തരപ്പെട്ടത്. തന്റെ മക്കളുടെ കൂടെ ആയിരിക്കുവാനും, അവരുടെ കൂടെ വസിക്കുവാനും ആഗ്രഹിക്കുന്ന ദൈവത്തിന്റെ സ്‌നേഹത്തിന്റെ ആഴമാണ് അപ്പമായി മാറുവാന്‍ അവിടുന്ന് കാണിച്ച കാരുണ്യത്തിലൂടെ പ്രകടമായത്.

യേശു പ്രതിവചിച്ചു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തു വന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും (യോഹ 14:23). ഓരോ വിശുദ്ധകുര്‍ബ്ബാനയിലൂടെയും തിരുവോസ്തിരൂപനായി നമ്മുടെ ഉള്ളിലേയ്ക്ക് കടന്നു വരുന്ന ഈ ദൈവസ്‌നേഹം നമ്മുടെ ഉള്ളില്‍ വസിച്ചുകൊണ്ട് ഓരോ നിമിഷവും നമ്മെ നവീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് ഉള്ളില്‍ വസിക്കുന്ന ഈ ദൈവസാന്നിധ്യത്തിന്റെ അവബോധവും, ഈ ദൈവത്തിന് വ്യക്തിപരമായെന്നോടുള്ള സ്‌നേഹവും മനസ്സിലാക്കുന്ന ഒരു വ്യക്തിക്കും പാപത്തിന്റെ ചതിക്കുഴികളില്‍ വീഴാതെ ഈ ലോകജീവിതത്തില്‍ പിടിച്ചു നില്‍ക്കുവാന്‍ കരുത്തേകുന്നത്. ആയതിനാല്‍, നമ്മുടെ ഈ ലോകജീവിതയാത്രയില്‍ കൂടെ വസിക്കുന്ന ഈ സ്‌നേഹനാഥന്റെ കരങ്ങള്‍ നമുക്കു ചേര്‍ത്തു പിടിക്കാം. നല്ല ഇടയനായ അവിടുന്ന് ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍, സഹനാവസ്ഥകളില്‍ എന്നെ വിട്ടുപേക്ഷിച്ച് പോകുന്ന ദൈവമല്ല; മറിച്ച് കഷ്ടതയുടെ അനുഭവങ്ങളില്‍നിന്ന് എന്നെ രക്ഷിക്കുകയും എന്നോടുകൂടെ ചേര്‍ന്നുനില്‍ക്കുകയും ചെയ്യുന്ന സഹായകനായ ദൈവമാണ്.

കൂടെവസിക്കുന്ന ഈ ദൈവത്തിന്റെ ഇഷ്ടത്തിന് എന്റെ ജീവിതത്തെ ഞാന്‍ വിട്ടുകൊടുക്കുമ്പോള്‍ എന്റെ ജീവിതത്തിന്റെ നിയന്ത്രണം ഈശോനാഥന്‍ ഏറ്റെടുക്കും. അങ്ങനെ ക്രിസ്തുവിന്റെ മനോഭാവം എന്നില്‍ പ്രകടമാവുകയും മറ്റൊരു ക്രിസ്തുവിനേപ്പോലെയാകുവാനുള്ള ദൈവികമായ ആ വിളിയിലേക്ക് ക്രമേണ വളരുകയും ചെയ്യും. അങ്ങനെ നമ്മുടെ ജീവിതം വഴി, മറ്റുള്ളവര്‍ ക്രിസ്തുവിന്റെ സ്‌നേഹത്തിലേക്ക് അടുക്കുവാനും, സത്യവിശ്വാസത്തിലേക്ക് കടന്നുവരുവാനുമതിടയാക്കും. അങ്ങനെ ഈശോ ആഗ്രഹിക്കുന്ന നല്ല ഒരു മിഷനറി ആകുവാന്‍ ഓരോരുത്തര്‍ക്കും സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. കൂടെ വസിക്കുന്ന ദൈവത്തിന്റെ സാന്നിധ്യം നമ്മുടെ ജീവിതമേഖലകളില്‍ നമുക്കു കരുത്താകട്ടെ.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161709