സാക്ഷ്യമാകേണ്ട താലന്തുകള്‍
അജോ പുതുമന

ജോലിയൊക്കെ കഴിഞ്ഞ് വൈകിട്ട് 7:30ന്റെ വി.കുര്‍ബാനയ്ക്ക് ദേവാലയത്തില്‍ പോകാനായി മെട്രോയില്‍ യാത്രചെയ്യുമ്പോഴാണ് മീഡിയ & ലിറ്ററേച്ചര്‍ മിനിസ്ട്രിയില്‍ നിന്നും വിളിക്കുന്നത്. തൂലികയില്‍ പ്രസിദ്ധീകരിക്കാന്‍ ഒരു നുറുങ്ങുചിന്ത വേണമെന്നതാണ് ആവശ്യം. അയ്യോ.... ഞാനോ? എന്ന് പറയുവാനാണ് ആദ്യം തോന്നിയതെങ്കിലും അതൊന്നും പ്രകടിപ്പിക്കാതെ ആഹ്.... നോക്കട്ടെയെന്ന് ഒരു വിധത്തില്‍ സമ്മതം മൂളി. ഒരു രൂപവുമില്ലാതെ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് ഫേസ്ബുക്കില്‍ വന്നൊരു പോസ്റ്റ് ആണ്. അതു കണ്ടപ്പോള്‍ തോന്നിയത് ഇതെന്റെ കാര്യം തന്നെയല്ലേ എന്നാണ്.

ദേവാലയത്തില്‍ വി.കുര്‍ബാനയ്ക്ക് ചെന്ന് ആദ്യമേ തന്നെ ഈ കാര്യം ഈശോയോടു പറഞ്ഞു. പിന്നെ വി.കുര്‍ബാന കഴിഞ്ഞു തിരിച്ചു വരുന്നവഴി തോന്നി ഇതൊന്ന് എഴുതിയാലോ?

എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും   (ഫിലിപ്പി 4:13).  ഈ വചനം എത്രപേര്‍ക്ക് ഞാന്‍ പറഞ്ഞു കൊടുത്തിട്ടുണ്ട്. പക്ഷെ സ്വന്തം കാര്യം വന്നപ്പോള്‍ ഒരു വചനവുമില്ല, ശക്തിയുമില്ല. സമയവും സാഹചര്യവുമൊക്കെ ഒത്തു വന്നാല്‍ മാത്രമേ നമുക്കെന്തെങ്കിലും ചെയ്യാന്‍ പറ്റൂ. ഉടന്‍ തന്നെ ഈശോയുടെ ഒരു താക്കീതു പോലെ ഒരു വചനം എനിക്കോര്‍മ്മ വന്നു. 'മറ്റുള്ളവരെ പഠിപ്പിക്കുന്ന നീ  നിന്നെത്തന്നെ പഠിപ്പിക്കാത്തതെന്ത്? മോഷ്ടിക്കരുത് എന്ന് പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?' (റോമാ 2:21).

ദൈവം നമുക്ക് പലതരത്തിലുള്ള താലന്തുകള്‍ തന്നിട്ടുണ്ട്. നമ്മില്‍ പലരും അത് തിരിച്ചറിഞ്ഞിട്ടുമുണ്ട്. എങ്കിലും അത് ഉപയോഗിക്കേണ്ട ഒരു സാഹചര്യം വരുമ്പോള്‍ ദൈവത്തിനു സാക്ഷ്യം നല്‍കേണ്ട നാം അവിടുത്തെ നാമം ദുഷിക്കാന്‍ ഇടയാക്കുന്നു. (റോമാ 2:24).

നമ്മുടെ വിശ്വാസജീവിതം ഒരു അഡ്ജസ്റ്റ്‌മെന്റ് ആണോ? അതോ 50% അഡ്ജസ്റ്റമെന്റും 50% വിശ്വാസവുമാണോ നമുക്കുള്ളത്. ദൈവമേ ഞങ്ങള്‍ക്ക്  വിശ്വാസം പകര്‍ന്നുതന്ന വി.തോമാശ്ലീഹായെപ്പോലെ 'നമുക്കു അവനോടു കൂടെപ്പോയി മരിക്കാം'  എന്ന് പറയത്തക്കവിധം ആഴമേറിയ വിശ്വാസം ഞങ്ങള്‍ക്ക് നല്‍കണമേ. 'നാം ദൈവത്തിന്റ കരവേലയാണ്; നാം ചെയ്യാന്‍ വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്പ്രവര്‍ത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്'. (എഫേ 2:10)

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161710