പ്രവൃത്തികളില്‍ പ്രകടമാകേണ്ട ദൈവസ്‌നേഹം
രാജു ഹിലാരി

'ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്‍മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്ക് സ്‌നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്. എനിക്ക് പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും  ഞാന്‍ ഗ്രഹിക്കുകയും ചെയ്താലും സകല വിജ്ഞാനവും മലകളെ മാറ്റാന്‍ തക്ക വിശ്വാസവും എനിക്കുണ്ടായാലും സ്‌നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല' (1കൊറി 13:1-2)
ഇന്നത്തെ ആത്മീയ പ്രവര്‍ത്തനങ്ങളിലും കൂട്ടായ്മകളിലും നമുക്ക് കാണുവാന്‍ കഴിയുന്ന സ്‌നേഹം അല്ലെങ്കില്‍ ഇടപെടല്‍, അത് മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണോ? എല്ലാമൊരു കര്‍മ്മം പോലെയാണ് കൂടുതലായും കാണുവാന്‍ സാധിക്കുന്നത്. അതിലുപരി എല്ലാവര്‍ക്കും ഒരനുഭവമായി മാറുവാന്‍ ഇന്ന് നമുക്ക് സാധിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് വളരെ വിരളം മാത്രമാണ്. ഇന്ന് നമ്മുടെ വിശ്വാസവും ആത്മീയതയുമെല്ലാം ഒരു പൊങ്ങച്ചത്തിനും, പ്രദര്‍ശനത്തിനും മാത്രമായിട്ട് മാറിക്കൊണ്ടിരിക്കുകയാണോ? അതോ ജീവിതത്തിലും, പ്രവൃത്തിയിലും ഒരു ക്രിസ്തുവിന്റെ അനുയായിയായി  മാറുവാന്‍ ഈ വിശ്വാസവും, ആത്മീയതയും കൊണ്ട് നമുക്ക് സാധിക്കുന്നുണ്ടോ? ഇന്ന് പലരും വിശ്വാസത്തില്‍ നിന്നും, ആത്മീയ ജീവിതത്തില്‍നിന്നും വിരസത കാണിക്കുകയും അതില്‍നിന്നകന്ന് പൊയ്‌ക്കൊണ്ടിരിക്കുകയും ചെയ്യുന്നത് ഉത്തമ മാതൃകകള്‍ കാണുവാന്‍ സാധിക്കാത്തതു കൊണ്ടാണോ? വര്‍ഷങ്ങളായിട്ട് ആത്മീയ മേഖലയില്‍ ആയിരിക്കുമ്പോഴും വളരെ കുറച്ചു പേരെ മാത്രമേ ക്രിസ്തുവിന്റെ യഥാര്‍ത്ഥ അനുയായികളായിട്ട് കാണുവാന്‍ സാധിച്ചിട്ടുള്ളു. പലപ്പോഴും പ്രവൃത്തിയില്‍ ഇല്ലാതെ പ്രസംഗത്തില്‍ മാത്രം ഒതുങ്ങിക്കൂടുന്നവരായിട്ടാണ് ഇന്നത്തെ സമൂഹത്തില്‍ കൂടുതല്‍പേരെ കാണുവാന്‍ സാധിക്കുന്നത്. മറ്റുള്ളവര്‍ക്ക് അനുഭവമാകുന്ന, മറ്റുള്ളവരെ ആകര്‍ഷിക്കുന്ന ഒരു ക്രിസ്തുവിന്റെ അനുയായിയായിട്ട് മാറുവാന്‍ നമുക്ക് ഓരോരുത്തര്‍ക്കും സാധിക്കണം. മറിച്ച് എന്തൊക്കെ കഴിവുണ്ടെങ്കിലും അത് മുഴങ്ങുന്ന ചേങ്ങലയൊ, ചിലമ്പുന്ന കൈത്താളമോ മാത്രമാണ്. അത് വെറും മാനുഷികം മാത്രം; അതുകൊണ്ട്  ക്രിസ്തുവിന്റെ നല്ലൊരു അനുയായിയായി മാറുവാന്‍ നമുക്കോരോരുത്തര്‍ക്കും പരിശ്രമിക്കാം. അതിനായി ദൈവം തരുന്ന ഓരോ അവസരങ്ങളും നമുക്കാത്മാര്‍ത്ഥമായി ഉപയോഗിക്കാം. അങ്ങനെ നാം അനുഭവിച്ച ആത്മീയ വെളിച്ചം, മറ്റുള്ളവര്‍ക്കും, നമ്മുടെ ജീവിതത്തിലും വെളിച്ചം പകരുന്നതാക്കി മാറ്റാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161710