കരുണയുടെ വര്‍ഷം
അനീഷ് മാത്യു

ഇത് കരുണയുടെ വര്‍ഷം. വര്‍ഷം എന്ന വാക്കിന് രണ്ട് അര്‍ത്ഥങ്ങളുണ്ട്. ഒന്ന് കാലം, 365 ദിവസങ്ങളുടെ ആകെത്തുകയെ ഒരു വര്‍ഷം എന്നു നാം വിളിക്കും. ഇനി രണ്ടാമത്തെ അര്‍ത്ഥം വര്‍ഷം, വര്‍ഷകാലം, ചൊരിയുന്ന, വര്‍ഷിക്കുന്ന കാലം. അനന്തമായി വര്‍ഷിക്കപ്പെടുന്ന കരുണയുടെ കാലം. ലോകമെമ്പാടും ദേവാലയങ്ങളുടെ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുന്ന, സകല മനുഷ്യര്‍ക്കും പിതാവായ ദൈവത്തിന്റെ കരുണയിലേക്കു കടന്നുചെല്ലാന്‍. തന്റെ മക്കളെ മാറോട് ചേര്‍ക്കാന്‍ വെമ്പുന്ന പിതാവിന്റെ വിടര്‍ത്തിയ കൈകളാണ് ആ വാതില്‍പ്പാളികള്‍. ഒരു ചോദ്യം, സഹോദരാ, സഹോദരീ നിന്റെ ഹൃദയത്തില്‍, നീ കരുണയുടെ ഒരു വാതില്‍ തുറന്നിട്ടുണ്ടോ? പല കാരണങ്ങള്‍ക്കൊണ്ടും ക്ഷമിക്കാനാവാത്ത ചില പേരുകള്‍ നിന്റെ ഹൃദയഭിത്തിയില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ടോ? ഹൃദയവാതായനങ്ങള്‍ തുറക്കൂ. നിന്റെ ജീവിതവുമായി ചേര്‍ന്നു നില്‍ക്കുന്ന സകലതിനേയും, നിന്റെ ക്ഷമയുടെ വാതിലിലൂടെ, കരുണയുടെ കവാടത്തിലൂടെ കടത്തിവിടൂ.

കുരിശില്‍ പൂര്‍ത്തിയായ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ പേരാണ് കരുണ. ഉപാധികളില്ലാത്ത ക്ഷമ നമ്മുടെ ജീവിതത്തിന്റെ  ഭാഗമാകട്ടെ. അങ്ങനെ ദൈവകരുണയുടെ പെരുമഴപെയ്ത്തില്‍ നാം ആകെ നനയട്ടെ.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161710