ഇന്നിന്റെ സമറായന്‍...
ജിന്‍സണ്‍

ചരിത്ര താളുകളിലെ എണ്ണപ്പെട്ട പ്രകൃതി ദുരന്തങ്ങളില്‍വെച്ചു ഭീകരമായ പ്രളയത്തില്‍നിന്നു കരകയറിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് നമ്മുടെ കൊച്ചുകേരളം ഇന്ന്. ആ പ്രളയം ഏല്‍പിച്ച മുറിവില്‍ നീറി നില്‍ക്കുമ്പോഴും ആശാജനകമായ ചില അനുഭവങ്ങള്‍ നമുക്കു ലഭിച്ചു എന്നുള്ളത് വിസ്മരിക്കാനാകാത്ത ഒന്നാണ്. പുരോഗമന ചിന്തയും ലഹരിയുടെ ഉപയോഗവും തലക്കുപിടിച്ചു ഒഴുകി നടക്കുന്നവര്‍ എന്ന് നമ്മുടെ സമൂഹം മുദ്രകുത്തിയ നമ്മുടെ യുവസമൂഹം ഒന്നാകെ നമ്മുടെ നാടിനെ കൈപിടിച്ചുയര്‍ത്തിയ കാഴ്ച വേദനയുടെ നടുവിലും നമുക്കു ആശ്വാസം പകര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ രാവെന്നോ പകലെന്നോ ഇല്ലാതെ ജാതി മത രാഷട്രീയത്തിന്റെ പേരില്‍ പോരടിച്ചിരുന്നവര്‍ കോരിച്ചൊരിയുന്ന പേമാരിയിലും കുത്തിയൊഴുകുന്ന പ്രളയത്തിലും അനേകര്‍ക്ക് കൈത്താങ്ങായി മാറി. സമയംകൊല്ലിയായി മാത്രമായി കൊണ്ടുനടന്ന മൊബൈലും സോഷ്യല്‍മീഡിയയും രക്ഷാപ്രവര്‍ത്തനത്തിന്റെ നൂതന ആയുധമായി അവര്‍ മാറ്റിയപ്പോള്‍ അതിജീവനത്തിന്റെ പുതിയൊരു അധ്യായം തുറക്കപ്പെട്ടു. മറ്റുള്ളവര്‍ വലിയ ആശങ്കയോടെ നിന്ന നിമിഷങ്ങളില്‍ വേറൊന്നും നോക്കാതെ സ്വന്തം ശരീരത്തെ ചവിട്ടുപടിയാക്കിയ യുവാവും സ്വന്തം ജീവിതം പോലും തൃണവത്കരിച്ചുകൊണ്ടും മറ്റുള്ളവരെ താങ്ങിനിറുത്തിയവരും രാപകലില്ലാതെ ഊണും ഉറക്കവും വെടിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അനേകം വ്യക്തികളുമെല്ലാം മാനവസ്‌നേഹത്തിന്റെ പുതിയ മാതൃകകള്‍ ആയിത്തീര്‍ന്നു. വലിയ കഴിവുകള്‍ ഒന്നും ഇല്ലാത്തവര്‍ എന്ന് സമൂഹം വിലകുറച്ചു കണ്ടവര്‍ രക്ഷകരുടെ രൂപം ധരിച്ചപ്പോള്‍ നമ്മുടെയൊക്കെ ഉള്ളിലെ ചില വികലമായ കാഴ്ചപ്പാടുകളുടെ മൂടുപടം അഴിഞ്ഞുവീഴുകയായിരുന്നു. കാറ്റിനോടും കടലിനോടും മല്ലടിച്ചുകൊണ്ടു ജീവിതനൗകയെ മുന്നോട്ടുകൊണ്ടുപോകുന്നവര്‍ സ്വജീവിതം മറന്നുപോലും അനേകരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. അതോടൊപ്പം നമ്മുടെയൊക്കെ ഉള്ളിലെ കാഴ്ചപ്പാടുകളെയും തിരുത്തിക്കുറിച്ചു...പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായി തീര്‍ന്നതുപോലെ മാറ്റിനിര്‍ത്തപ്പെട്ടവര്‍ ഇന്നിന്റെ താരങ്ങള്‍ ആയി തീര്‍ന്നു..

നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന ഗുരുവചനം അനേകരിലൂടെ നിറവേറുന്നത് ഈ പ്രളയകാലത്തു നാം അനുഭവിച്ചറിഞ്ഞു. സ്‌നേഹിതനുവേണ്ടി ജീവന്‍ ത്യജിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹമില്ലെന്നു സ്വജീവിതംകൊണ്ടു കാണിച്ചുതന്നവന്റെ അനുയായികളാണു നാം ഓരോരുത്തരും. പ്രളയകാലത്ത് തുടങ്ങിവച്ച ആ നല്ല മാറ്റങ്ങള്‍ അണഞ്ഞുപോകാതെ കാത്തുസൂക്ഷിക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണ്.. വളര്‍ന്നുവരുന്ന കുഞ്ഞുതലമുറയ്ക്ക് മാര്‍ഗദീപമായി പ്രശോഭിക്കുവാന്‍ ഇന്നിന്റെ തലമുറക്ക് കഴിയട്ടെ...ആവശ്യസമയങ്ങളില്‍ താങ്ങായി ഓടിയെത്തിയ ശിഷ്യസമൂഹത്തിന്റെ പിന്മുറക്കാരായ മത്സ്യത്തൊഴിലാളി സഹോദരങ്ങളെയും  ഇന്നും അനേകര്‍ക്കുവേണ്ടി വിയര്‍പ്പൊഴുക്കുന്ന നമ്മുടെ ന്യൂജനറേഷന്‍ ഫ്രീക്കന്മാരെയുമെല്ലാം നമ്മുടെ പ്രാര്‍ത്ഥനകളില്‍ ചേര്‍ത്തുവയ്ക്കാം..ദൈവം അനുഗ്രഹിക്കട്ടെ..

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 160803