സ്‌നേഹ പിതാവ്
ഷിജോ സോനാപൂര്‍

ദൈവത്തിന്റെ ഒരു വിശേഷണം പ്രാര്‍ത്ഥന കേള്‍ക്കുന്ന പിതാവ് എന്നാണ്. ആത്മാര്‍ത്ഥതയുള്ള പ്രാര്‍ത്ഥന ഒരിക്കലും നിഷ്ഫലമാകുവാന്‍ അവിടുന്ന് അനുവദിക്കുകയില്ല. ഒരു പക്ഷേ, നാം ആശിക്കുന്ന വിധത്തിലും സമയത്തും ഉത്തരം നല്‍കി എന്നു വരില്ല. എന്നാല്‍ നമ്മെക്കാളധികമായി നമ്മെ മനസ്സിലാക്കുന്ന സ്വര്‍ഗ്ഗീയ പിതാവാണ് നമുക്കുള്ളത്. നമ്മുടെ നന്മ മാത്രമേ അവിടുന്ന് അഭിലഷിക്കുകയുള്ളൂ. എന്നാല്‍ അവിടുത്തെ വഴികള്‍ നിഗൂഢമായിരിക്കും. താത്ക്കാലിക ലാഭം മാത്രം പ്രതീക്ഷിക്കുന്ന ദീര്‍ഘദൃഷ്ടിയില്ലാത്ത മനുഷ്യന്‍ ആശിക്കുന്നതെന്തും തല്‍ക്ഷണം ലഭിച്ചില്ലെങ്കില്‍ നിരാശനാകുന്നു. ദൈവം എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു കൂട്ടുകാരി അവളുടെ അനുഭവം പങ്കുവച്ചത് ഓര്‍ക്കുന്നു. തന്റെ പിതാവ് അത്യാസന്ന നിലയില്‍ കിടക്കുകയാണെന്ന് പെട്ടെന്ന് അവള്‍ക്ക് ഒരു അറിയിപ്പു കിട്ടി. അവള്‍ വിട്ടിലേയ്ക്കു പോകുവാന്‍ ബസിന് ടിക്കറ്റെടുക്കുവാനായി കാത്തുനിന്നു. അപ്പോഴാണ് അവള്‍ അറിയുന്നത്, ടിക്കറ്റെല്ലാം തീര്‍ന്നിരിക്കുന്നു. വളരെ വിഷമത്തോടെ തൊണ്ടയിടറിക്കൊണ്ട് ദൈവമേ എന്ന് വിളിച്ചു. മരണവുമായി മല്ലടിക്കുന്ന പിതാവിന്റെ മുഖം അവളുടെ ഓര്‍മ്മയില്‍ തെളിഞ്ഞു. എന്തുചെയ്യണമെന്നറിയാതെ അവള്‍ പകച്ചു നിന്നു. 

അപ്പോള്‍ ആ ബസിന്റെ ചവിട്ടു പടിയിറങ്ങി ഒരാള്‍ അവളുടെ അടുത്തേയ്ക്ക് വന്നു. അവളുടെ മുഖഭാവം മനസ്സിലാക്കിയെന്ന വണ്ണം അയാള്‍ അവളുടെ കയ്യില്‍ ടിക്കറ്റ് വച്ചുകൊടുത്തു. അത്ഭുതത്തോടെ അവള്‍ ആ മനുഷ്യനെ നോക്കി. എന്താണ് അയാളോട് പറയേണ്ടത് എന്ന് അവള്‍ക്ക് ഒരു നിശ്ചയവുമില്ലായിരുന്നു. അവള്‍ ചോദിച്ചു, അങ്ങയുടെ പേരെന്താണ്? അയാള്‍ പറഞ്ഞു; പേരിലെന്തിരിക്കുന്നു കുഞ്ഞേ, നാമെല്ലാവരും സ്‌നേഹപിതാവിന്റെ മക്കളല്ലേ... കൃത്യസമയത്തു തന്നെ അവള്‍ പിതാവിന്റെ അടുത്തെത്തി. അന്ത്യസമയത്ത് പിതാവിന്റെ അടുത്തെത്തുവാന്‍ കഴിഞ്ഞതില്‍ അവള്‍ കൃതാര്‍ത്തയായി. അല്‍പ സമയത്തിനു ശേഷം അവളുടെ പിതാവ് എന്നെന്നേയ്ക്കുമായി കണ്ണുകള്‍ അടച്ചു. നമ്മുടെയെല്ലാം ജീവിതത്തില്‍ അറിഞ്ഞും അറിയാതെയും ഇതു പോലെയുള്ള എത്രയെത്ര അനുഭവങ്ങളാണ് ഉള്ളത്. എന്നിട്ടും അതെല്ലാം വിസ്മൃതിയില്‍ തള്ളി നിസ്സാരമായ കാര്യങ്ങള്‍ നമ്മുടെ ഇഷ്ടത്തിനൊത്ത് നടക്കാതെ വരുമ്പോള്‍ നാം ദൈവത്തെ പഴിക്കുന്നു. നന്മ മാത്രം ചെയ്യാന്‍ കഴിയുന്ന നല്ല പിതാവാണ് ദൈവം എന്ന് നമുക്ക് വിശ്വസിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ നമ്മുടെ ഹൃദയ സമാധാനം ശാശ്വതമായിരിക്കും. അല്ലാതുള്ള നേട്ടങ്ങളും സംതൃപ്തിയും ജലരേഖ പോലെ പരിണമിക്കും.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161710