സ്വര്‍ഗ്ഗം തുറക്കുന്ന നിമിഷം (കഥ)
ഷൈജോ. കെ. ജോയി -കല്ലംപറമ്പില്‍

തൊഴുത്തില്‍ നിന്നുള്ള പശുക്കളുടെ കരച്ചില്‍ കേട്ടുകൊണ്ടാണ് ആനി മുറ്റത്തേക്കിറങ്ങിയത്. ഈശോയേ... നേരം പോയത് അറിഞ്ഞില്ല, 8 മണിയാകാറായി. ഗ്രേസി ചേച്ചി ഇപ്പോള്‍ തന്നെയും കാത്ത് വഴിയരുകില്‍ നില്‍പ്പുണ്ടാകും! താമസിച്ചാലും ചേച്ചി ഒന്നും പറയാറില്ല. എന്നാലും ഇങ്ങനെ പറ്റില്ല. എന്നാലും അങ്ങനെയല്ലല്ലോ. സമയത്തിന് പാല് കൊണ്ടുകൊടുത്തില്ലങ്കില്‍ നാളെ മുതല്‍ വേറെ ആള്‍ക്കാര്‍ അവിടെ പാല് കൊണ്ടുപോയി കൊടുക്കാനുണ്ടാകും; അങ്ങനെ ആയാല്‍ താനും തന്റെ മോളും പട്ടിണിയാകും എന്നുള്ള തിരിച്ചറിവ് ആനിയുടെ നടത്തത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ചു. കയ്യില്‍ പിടിച്ചിരുന്ന പാല്‍ പാത്രം ഒന്നുകൂടി മുറുക്കി അടച്ചുകൊണ്ട് അവള്‍ വേഗത്തില്‍ നടന്നു.

ഇടവഴി തിരിയുമ്പോള്‍ എതിരെ നടന്നു വരുന്ന മിനിമോളെ കണ്ടപ്പോള്‍ അവള്‍ ഒന്നു നെടുവീര്‍പ്പിട്ടു. ഈ ലോകത്ത് സ്വന്തമെന്നു പറയാന്‍ ആകെയുള്ളത് അവള്‍ മാത്രമാണ്. അമ്മച്ചീ.... എന്നു നീട്ടിവിളിച്ചുകൊണ്ട് ഓടിവന്ന തന്റെ കുരുന്നിനെ ഒരു നിമിഷം അവള്‍ നെഞ്ചോടു ചേര്‍ത്തു. ക്ലാസ്സ് തീരാന്‍ വൈകിയോ? അത് റോസിയുടെ കൂടെ വര്‍ത്തമാനം പറഞ്ഞു വന്നപ്പോള്‍ താമസിച്ചു പോയി. സമയം പോയതറിഞ്ഞില്ല അമ്മച്ചീ.. അവള്‍ പുഞ്ചിരിയോടെ പറഞ്ഞു. ശരി ശരി അമ്മച്ചി പോയിട്ട് പെട്ടെന്ന് വരാട്ടോ. റേഷന്‍ കടയിലും കയറി സാധനം വാങ്ങിയിട്ടേ അമ്മച്ചി വരുള്ളൂ. എന്റെ മോള് പോയി കാപ്പി എടുത്തു കുടിക്കണം. പിന്നെ പശുക്കള്‍ക്ക് ഇത്തിരി പുല്ലും ഇട്ട് കൊടുത്തിട്ട് ഇന്നു പഠിപ്പിച്ച പ്രാര്‍ത്ഥനകള്‍ എല്ലാം ഇരുന്ന് നന്നായിട്ടു പഠിക്കണം. അപ്പോഴേക്കും അമ്മച്ചി റേഷന്‍ കടയില്‍ കൂടി പോയിട്ട് വേഗം വരാട്ടൊ.. ശരി അമ്മച്ചീ എന്നു പറഞ്ഞ് തലയാട്ടിയ ശേഷം അവള്‍ വീട്ടിലേക്കോടി.

ആനിയുടെ നടപ്പിന് വീണ്ടും വേഗത കൂടി. ഇടവഴിയില്‍ കണ്ടവരുടെ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞും ചിലത് പുഞ്ചിരിയില്‍ ഒതുക്കിയും അവള്‍ മുന്നോട്ട് പോയി. ഓ.... മറിയച്ചേടത്തി വരുന്നുണ്ട്. ഇനി അവരുടെ ചോദ്യത്തിനെല്ലാം ഉത്തരം പറയണം. എന്നുള്ള ചിന്ത അവളെ ആകെ അസ്വസ്ഥപ്പെടുത്തി. എന്നാ പറ്റി ആനി, ഇന്നും നീ താമസിച്ചോ? എന്നുള്ള അവരുടെ ചോദ്യത്തിന് അതെ ചേടത്തി എന്നു മാത്രം പറഞ്ഞുകൊണ്ട് അവള്‍ നടന്നു. ചേട്ടത്തി പിന്നേയും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അവള്‍ അതൊന്നും കേള്‍ക്കാത്ത ഭാവത്തില്‍ നടന്നകന്നു. അല്ലേലും അവരെ എന്തിനു കുറ്റം പറയണം. തന്നെ അറിയാവുന്നവര്‍ക്ക് തന്റെ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ എല്ലാം അറിയാം. അതുകൊണ്ട് ആരു കണ്ടാലും വര്‍ത്തമാനം പറയും. വിശേഷങ്ങള്‍ ചോദിക്കും. സത്യത്തില്‍ ഒരു പരിധിവരെ ഇവരെല്ലാം സഹായത്തിനുണ്ടായിരുന്നതുകൊണ്ടാണ് ജോണിച്ചായന്‍ മരിച്ചുപോയതിനു ശേഷം സ്വന്തക്കാര്‍ ആരുമില്ല എന്നുള്ള തോന്നല്‍ ഉണ്ടാകാതിരുന്നത്. ഇച്ചായന്‍ ഉണ്ടായിരുന്നപ്പോള്‍ ഒന്നിനും ഒരു കുറവുണ്ടായിരുന്നില്ല. അനാഥയായ തനിക്ക് ജീവിതം തന്നപ്പോള്‍ ജോണിച്ചായന് ബന്ധുക്കളെയെല്ലാം നഷ്ടമായി. പിന്നെ ഇങ്ങോട്ട് എല്ലാം ഈ നാട്ടുകാരായിരുന്നു. അവരുടെ കാരുണ്യം കൊണ്ടാണ് ജോണിച്ചായന്റെ ചികിത്സയും മരുന്നുമൊക്കെ നടന്നിരുന്നത്. അവസാനം ഇനി മരുന്നൊന്നും വേണ്ടിവരില്ല എന്നൊരു സന്ധ്യക്ക് ജോണിച്ചായന്‍ പറയുമ്പോള്‍ അറിഞ്ഞിരുന്നില്ല; അത് എന്നെയും   മോളേയും തനിച്ചാക്കി പോകാനായിരുന്നെന്ന്. പിറ്റേന്ന് തണുത്തു വിറങ്ങിലിച്ച ഇച്ചായന്റെ ശരീരം പള്ളിപ്പറമ്പില്‍ അടക്കുമ്പോള്‍ 6 വയസ്സായ മോള്‍ക്കും എനിക്കും പിന്നീട് താങ്ങും തണലുമായി നിന്നവര് ഈ നാട്ടുകാരുമാത്രമായിരുന്നു. പിന്നീട് പഞ്ചായത്തില്‍ നിന്ന് കിട്ടിയ കാശുകൊണ്ടാണ് രണ്ടു പശുക്കളെ വാങ്ങിയത്. അതുകൊണ്ട് ഇപ്പോള്‍ വീട്ടു ചിലവുകള്‍ മുട്ടില്ലാതെ നടന്നു പോകുന്നുണ്ട്. ഇടയ്ക്ക് പള്ളിയില്‍ നിന്നും എന്തെങ്കിലും സഹായമൊക്കെ കിട്ടും. കാര്യങ്ങള്‍ മുടക്കം കൂടാതെ നടത്തുന്ന ദൈവത്തിന് അവള്‍ മനസ്സില്‍ നന്ദി പറഞ്ഞു. മറ്റന്നാള്‍ ആണ് മിനിമോളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം. കാശില്ലാത്തതിനാല്‍ കഴിഞ്ഞ പ്രാവശ്യം നടത്തിയില്ല. ദൈവം നടത്തുമെന്ന ഒരേ ഒരു വിശ്വാസത്തിലാണ് ഈ വര്‍ഷം നടത്താന്‍ തീരുമാനിച്ചത്.

വളവു തിരിഞ്ഞു വരുമ്പോള്‍  ഗ്രേസിചേച്ചി ഗേയ്റ്റിന്റെ അരികില്‍ നില്‍പ്പുണ്ട്. പാല്‍ പാത്രം വാങ്ങിയ ശേഷം അവള്‍ക്ക് നേരെ അല്‍പ്പം നോട്ടുകള്‍ നീട്ടി. ആനീ ഇതുവരെയുള്ള പൈസാ ഇതാ. വേണമെന്ന് ആനി പറഞ്ഞതുകൊണ്ട് ഞാന്‍ ഇന്നലെ തന്നെ പിള്ളാരുടെ അപ്പനോട് വാങ്ങിച്ചു വച്ചിരുന്നു. ആനി അത് കൈ നീട്ടി വാങ്ങി. എങ്ങനാ ആനി കാശ് എല്ലാം റെഡിയായോ? കൊച്ചിന്റെ ആദ്യകുര്‍ബ്ബാന സ്വീകരണമല്ലേ. രണ്ടു ദിവസം കഴിഞ്ഞാല്‍ തിരിച്ചെന്താ പറയേണ്ടത് എന്നറിയാതെ അവള്‍ കുഴങ്ങി. അവളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയിട്ടാകും ഗ്രേസി പറഞ്ഞു, സാരമില്ല ആനി. കര്‍ത്താവീശോ മിശിഹാ നിനക്കും മകള്‍ക്കും കൂട്ടിനുണ്ടാകും. എല്ലാം നല്ലതുപോലെ നടന്നോളും. അതും പറഞ്ഞ് അവര്‍ തിരിഞ്ഞ് നടന്നപ്പോള്‍ ആനി കുറച്ചു നേരം അവരെ അങ്ങനെ നോക്കി നിന്നു.

റേഷന്‍ കടയില്‍ പോയി സാധനങ്ങളുമായി തിരികെ നടക്കുമ്പോള്‍ അവള്‍ കുരിശു പള്ളിയില്‍ കയറി കയ്യില്‍ കരുതിയ മെഴുകുതിരി കത്തിച്ചുവച്ചു മുട്ടുകുത്തി പരിശുദ്ധ അമ്മയുടെ മടിയിലിരിക്കുന്ന ഉണ്ണിയീശോയുടെ രൂപത്തെ നോക്കി തന്റെ വേദനയുടെയും പരാതികളുടെയും കെട്ടുകള്‍ ഒന്നൊന്നായി അഴിച്ചു. നേരം ഒരുപാട് കടന്നു പോയി. അവള്‍ പതിയെ വീടിനെ ലക്ഷ്യമാക്കി നടന്നു. സന്ധ്യാപ്രാര്‍ത്ഥനയ്ക്കിരിക്കുമ്പോള്‍ അവളുടെ മനസ്സു നിറയെ ആദ്യകുര്‍ബ്ബാന സ്വീകരണ ദിവസമായിരുന്നു. ജപമാലയുടെ ഓരോ രഹസ്യങ്ങളോടും അവള്‍ ആ ദിവസത്തെ തന്റെ ആവശ്യങ്ങളെ ചേര്‍ത്തുവച്ചു പ്രാര്‍ത്ഥിച്ചു. അമ്മേ....നാളെ എനിക്ക് ഉടുപ്പ് വാങ്ങിക്കുമോ?.. മിനിമോളുടെ ചോദ്യം വന്നപ്പോള്‍ അവള്‍ ഒന്നു പതറി. എങ്കിലും അത് പുറത്ത് കാണിക്കാതെ നാളെ അമ്മച്ചി വാങ്ങിക്കാം മോളേ. മോള് ഈശോയോട് നല്ല ഉടുപ്പ് തരണമേ എന്നുമാത്രം പ്രാര്‍ത്ഥിക്ക്. ഈശോ തരും എന്നു പറഞ്ഞു. അതു പറയുമ്പോഴും അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് മിനിമോള് കാണാതിരിക്കാന്‍ അവള്‍ ശ്രമിച്ചു. 

അത്താഴം കഴിക്കാന്‍ ഒന്നും തോന്നുന്നുണ്ടായിരുന്നില്ല. എന്നാലും മിനിമോളുടെ ഒപ്പമിരുന്നു കഴിച്ചു എന്നു വരുത്തി. ചിന്തിച്ച് ചിന്തിച്ച് രാവേറെ ചെന്നപ്പോള്‍ എപ്പഴോ അവള്‍ ഒന്നു     മയങ്ങി.

എന്റെ ഈശോയേ...കുര്‍ബ്ബാന തുടങ്ങിയേ. അവള്‍ മിനിമോളുടെ കയ്യും പിടിച്ച് പള്ളിയിലേക്ക് കയറി. വികാരിയച്ചന്റെ പ്രസംഗം ഭോഷനായ ധനികനെപ്പറ്റി ആയിരുന്നു. കര്‍ത്താവേ എനിക്കെന്തിനാ ഈ കഷ്ടപ്പാടുകള്‍ എന്നുള്ള ഒരു ചോദ്യത്തോടെ നിറകണ്ണുകളുമായി അവള്‍ ഈശോയുടെ തിരുസ്വരൂപത്തെ നോക്കിയിരുന്നു. വീട്ടിലേക്ക് തിരിച്ച് നടക്കുമ്പോള്‍ ആനി ആകെ അസ്വസ്ഥയായിരുന്നു. മിനിമോളും റോസിയും മുന്നില്‍ കൈ കോര്‍ത്തു നടക്കുന്നു. ആന്റി എനിക്കിന്ന് ഉടുപ്പ് വാങ്ങിക്കാന്‍ ഞങ്ങള്‍ ടൗണില്‍ പോകുന്നുണ്ട്. മിനിക്കെന്താ ഉടുപ്പൊന്നും വാങ്ങാത്തെ എന്നുള്ള റോസിയുടെ ചോദ്യത്തിന് എന്ത് പറയണം എന്നറിയാതെ അവള്‍ കുഴഞ്ഞു.  എനിക്കുള്ളത് ഈശോ തരും എന്ന് അമ്മച്ചി പറഞ്ഞിട്ടുണ്ട് അല്ലേ അമ്മച്ചീ. എന്നും പറഞ്ഞു മിനിമോള്‍ അമ്മയെ നോക്കി. അതെ മോളെ എന്ന് ഉത്തരം പറയാന്‍ മാത്രമേ അവള്‍ക്കായുള്ളൂ.

വഴിയരുകിലെ ആ വലിയ വീടിന്റെ മുന്നില്‍ സേവ്യര്‍ മുതലാളി നില്‍ക്കുന്നുണ്ട്. അയാളെ കണ്ടപ്പോഴേ അപ്പച്ചാ... എന്നു വിളിച്ചുകൊണ്ട് റോസി ഓടിച്ചെന്ന് അപ്പന്റെ കയ്യും പിടിച്ച് വീട്ടിലേക്ക് നടക്കുന്നത് മിനിമോള് അങ്ങനെ നോക്കിനിന്നു. വാ മോളേ പോകാം എന്ന് അമ്മ വിളിച്ചപ്പോള്‍ അവള്‍ പതിയെ നടന്നു തുടങ്ങി. എന്റെ അപ്പച്ചന്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്കും ഇപ്പോള്‍ അപ്പച്ചന്റെ കയ്യും പിടിച്ച് ഇങ്ങനെ നടക്കാമായിരുന്നു അല്ലെ അമ്മച്ചീ. ആനി അവളെ ചേര്‍ത്തു പിടിക്കുകമാത്രം ചെയ്തുകൊണ്ട് മുന്നോട്ട് നടന്നു. അമ്മച്ചിയെ വിഷമിപ്പിക്കേണ്ട എന്നുള്ള തിരിച്ചറിവ് ആകും പിന്നെ അവള്‍ ഒന്നും തന്നെ ചോദിച്ചില്ല.

ശരിയാണ്, ജോണിച്ചായന്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്കും മോള്‍ക്കും ഈ ഗതി വരത്തില്ലായിരുന്നു. വീടിനോട് അടുത്തപ്പോളും അവളുടെ മനസ്സ് മ്ലാനമായിരുന്നു. എന്തു ചെയ്യണമെന്നുമാത്രം അവള്‍ക്ക് ഒരു പിടുത്തവും ഉണ്ടായിരുന്നില്ല. കാശ് ചോദിച്ചവരാരും ഒന്നും തന്നതുമില്ല. പശുക്കള്‍ക്ക് പുല്ലും വെള്ളവുമെല്ലാം യാന്ത്രികമായി കൊടുത്തുകൊണ്ട് അവള്‍ അകത്തേക്കു കയറി. തിരുഹൃദയരൂപത്തെ ഒന്നു നോക്കിയപ്പോഴേക്കും അവള്‍ക്ക് സഹിക്കാനായില്ല. ഞാന്‍ ഇനി എന്തു ചെയ്യും എന്റെ കര്‍ത്താവേ..എന്നു നിലവിളിച്ചുകൊണ്ട് അവള്‍ കട്ടിലിലേക്ക് വീണു. നാളെ എന്റെ കൊച്ചിന്റെ ആദ്യകുര്‍ബ്ബാന സ്വീകരണം ആണ്. അതിന്റെ സന്തോഷത്തില്‍ അവള്‍ ഒരു ചിത്രശലഭത്തെപ്പോലെ പാറി നടക്കുന്നു. ആ കുരുന്ന് അറിയുന്നില്ല അവള്‍ക്ക് ഒരു ഉടുപ്പു പോലും വാങ്ങിക്കാന്‍ ഈ അമ്മച്ചിക്ക് കഴിയുന്നില്ല എന്ന്. എന്റെ ഈശോയേ...എന്റെ ഗതികേട് നീ കാണുന്നില്ലേ.. അവള്‍ വിങ്ങിപ്പൊട്ടിക്കരഞ്ഞു. അതുവരെ സംഭരിച്ചു വച്ചിരുന്ന അവളുടെ ധൈര്യമെല്ലാം ചോര്‍ന്നു പോയി. സങ്കടം സഹിക്കാന്‍ വയ്യാതെ അവള്‍ തേങ്ങി.

അവളുടെ കണ്ണുനീര്‍തുള്ളികളാല്‍ തലയിണ മുഴുവന്‍ കുതിര്‍ന്നു. എന്റെ അമ്മേ.. എന്റെ ആശ്രയമേ.. എന്നുള്ള പ്രാര്‍ത്ഥന അവളുടെ ഹൃദയത്തില്‍ നിന്ന് നിര്‍ത്താതെ പെയ്യുന്ന പെരുമഴയുടെ താളത്തില്‍ ഒഴുകിക്കൊണ്ടിരുന്നു. അമ്മച്ചി എന്നാ ഇങ്ങനെ കിടക്കുന്നത് എന്നുള്ള മിനിമോളുടെ ചോദ്യം കേട്ട് അവള്‍ പതുക്കെ എഴുന്നേറ്റിരുന്നു. ഒന്നുമില്ല മോളേ എന്നും പറഞ്ഞ് അവള്‍ ബൈബിള്‍ കയ്യിലെടുത്തു പതുക്കെ തുറന്നപ്പോള്‍ ഫിലിപ്പിയുടെ പുസ്തകം 4-ാം അദ്ധ്യായം 15-ാം വാക്യം അവളുടെ കണ്ണില്‍ ഉടക്കി. 'ദൈവം തന്റെ മഹത്വത്തിന്റെ സമ്പത്തില്‍ നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.' എന്ന് അതില്‍ എഴുതപ്പെട്ടിരിക്കുന്നു. അവള്‍ പതുക്കെ ബൈബിള്‍ തന്റെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു.

മുറ്റത്ത് ഒരു വാഹനം വന്നുനില്‍ക്കുന്ന ശബ്ദം കേട്ട് അവള്‍ പുറത്തേക്ക് ഇറങ്ങിവന്നു. റോസിമോളുടെ വീട്ടിലെ കാറാണ്. പെട്ടെന്ന് അതില്‍ നിന്നും റോസിയും അമ്മയും മോളിചേച്ചിയും ഇറങ്ങി. അപ്പനായ സേവ്യര്‍ മുതലാളി അപ്പോഴും കാറില്‍ത്തന്നെ ഗൗരവത്തില്‍ ഇരിക്കുന്നുണ്ടായിരുന്നു. സ്വതവേ ഗൗരവക്കാരനാണ് അയാള്‍. ആരോടും അധികം സംസാരിക്കാറുപോലുമില്ല. എന്നാ ചേച്ചീ ഈ വഴി വിശേഷിച്ച് ? എന്നുള്ള ചോദ്യത്തിന് ഒന്നുമില്ല ആനി വെറുതെ വന്നതാണ് എന്നു മോളി പറഞ്ഞു. ആദ്യകുര്‍ബ്ബാനയുടെ ഒരുക്കങ്ങള്‍ ഏതുവരെ ആയിനറിയാം പിന്നെ റോസിക്ക് അവളുടെ ഉറ്റ കൂട്ടുകാരിയേയും കാണാല്ലോ അവള്‍ക്ക്. പിന്നെ ഞങ്ങള്‍ ടൗണില്‍ പോയതാ. റോസിക്ക് ആദ്യകുര്‍ബ്ബാനയുടെ ഉടുപ്പു വാങ്ങാന്‍ . മിനിമോള്‍ക്ക് വേണ്ട കാര്യങ്ങള്‍ എല്ലാം മേടിച്ചോ എന്നുള്ള മോളിയുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ ആനിക്ക് ഒന്നും ഉണ്ടായിരുന്നില്ല. അവളുടെ നിറകണ്ണുകളിലേക്ക് നോക്കിയ ശേഷം മോളി പറഞ്ഞു റോസിമോളു പോയി അതിങ്ങെടുത്തോണ്ടുവാ... കേട്ടപ്പോഴേക്കും റോസി ഓടിപ്പോയി കാറിന്റെ ഡോര്‍ തുറന്നു ഒരു പൊതിയുമായി വന്നു. മോളി അതു വാങ്ങി മിനിമോളുടെ കൈയ്യില്‍ കൊടുത്തു. ആന്റിയുടെ പൊന്നുമോളു നാളെ സുന്ദരിക്കുട്ടിയായിട്ട് ഒരുങ്ങിവേണം പള്ളിയില്‍ വരാന്‍ എന്നും പറഞ്ഞു അവളുടെ കുഞ്ഞു കവിളില്‍ ഒരു ഉമ്മകൊടുത്തു. ഞങ്ങള്‍ ടൗണില്‍ പോയതാ. അപ്പോഴാണ് റോസി പറഞ്ഞത്  മിനിമോള്‍ക്ക് ആദ്യകുര്‍ബ്ബാനയുടെ ഉടുപ്പൊന്നും വാങ്ങിച്ചിട്ടില്ലന്ന്. അതു കേട്ടപ്പോള്‍തന്നെ ഇച്ചായന്‍ മിനിമോള്‍ക്ക്കൂടി ഒരു ഉടുപ്പ് വാങ്ങിച്ചു. അത് തരാന്‍കൂടിയാണ് വന്നത്. തിരിച്ചൊന്നും പറയാനാവാതെ  ആനി വേഗം മോളിയുടെ കൈകള്‍ കെട്ടിപ്പിടിച്ചു. സാരമില്ല ആനി, മിനിമോളും ഞങ്ങളുടെ മകള് തന്നെയാ. യാത്ര പറഞ്ഞ് അവര് പോകുമ്പോള്‍  അവള്‍ നിറകണ്ണുകളോടെ സേവ്യര്‍ മുതലാളിയെ ഒന്നു നോക്കി. ഇന്നുവരെ ഒരു വാക്കുപോലും സംസാരിക്കാത്ത ആ മനുഷ്യന്‍ അവരെ നോക്കി ഒന്നു  പുഞ്ചിരിക്കുകമാത്രം ചെയ്തു. തിരിച്ചു പോകുമ്പോള്‍ തലേ ദിവസം കുര്‍ബ്ബാന മദ്ധ്യേ കേട്ട വചനം'ഭോഷാ ഇന്നു ഞാന്‍ നിന്റെ ആത്മാവിനെ തിരികെ വിളിച്ചാല്‍ നീ സമ്പാദിച്ചു വച്ചിരിക്കുന്നതെല്ലാം ആരുടെതാകും.' എന്നുള്ള വചനം അയാളുടെ ഹൃദയം മുഴുവന്‍ മുഴങ്ങിക്കൊണ്ടിരുന്നു. 

അല്‍ത്താരയിലെ ഈശോയുടെ തിരുസ്വരൂപത്തെ നോക്കിയിരിക്കുമ്പോള്‍ ആനിയുടെ ഹൃദയം സന്തോഷത്താല്‍ നിറഞ്ഞു കവിയുകയായിരുന്നു. ഓരോ സെക്കന്റും നന്ദിയുടെ പൂച്ചെണ്ടുകള്‍ അവള്‍ പ്രാര്‍ത്ഥനയായി അര്‍പ്പിച്ചുകൊണ്ടിരുന്നു. ഈശോ....താന്‍ സ്‌നേഹിക്കുന്ന തന്റെ ഈശോ...തിരുവോസ്തി രൂപനായി തന്റെ മിനിമോളുടെ നാവില്‍ വന്നണയുന്നത്  ആ അമ്മ നിറ കണ്ണുകളോടെ കണ്ടു. ആദ്യമായി ഈശോയെ ഹൃദയത്തില്‍ സ്വീകരിച്ച മിനിമോളുടെ ഉള്ളില്‍ നിന്ന് 'മിശിഹായുടെ ദിവ്യാത്മാവേ എന്നെ ശുദ്ധീകരിക്കണേ, മിശിഹായുടെ തിരുശരീരമേ എന്നെ രക്ഷിക്കേണമേ..'എന്നുള്ള പ്രാര്‍ത്ഥന ഒഴുകിക്കൊണ്ടിരുന്നു. അപ്പോള്‍ പുറത്തു നിന്നുള്ള പ്രഭാത സൂര്യന്റെ കിരണങ്ങളുടെ പ്രഭയെന്നോളം മിനിമോളുടെ മുഖം സൂര്യനെപ്പോലെ ശോഭയാര്‍ന്നു നിന്നു. 

ഭക്തി നിറഞ്ഞ ദേവാലയ അന്തരീക്ഷത്തില്‍ ഈശോ എഴുന്നള്ളുമീ നിമിഷം എത്ര മോഹനം എന്നുള്ള പാട്ട് ഒരു കുളിര്‍ക്കാറ്റിനൊപ്പം അവിടെ മുഴുവന്‍ പ്രതിധ്വനിച്ചു. ആ സന്തോഷത്തില്‍ പങ്ക് ചേരാനെത്തിയ മാലാഖമാര്‍ സ്വര്‍ഗ്ഗീയ സുമങ്ങള്‍ വര്‍ഷിച്ചു കൊണ്ടിരുന്നു. അവിടെ സ്വര്‍ഗ്ഗം തുറക്കുകയായിരുന്നു.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161709