വിത്തുകള്‍ മുള പൊട്ടുമ്പോള്‍

സര്‍വ്വകലാശാലയിലേക്ക് പോകുമ്പോഴും വരുമ്പോഴും, യുദ്ധത്തില്‍ വെച്ച് കാലൊടിഞ്ഞ് വടിയും കുത്തി നടക്കുന്ന ആ വ്യക്തിയെ ദിവസവും അദ്ദേഹം കാണാറുണ്ടായിരുന്നു. എന്നാല്‍ കാണുമ്പോഴെല്ലാം ആ മനുഷ്യന്‍ ചോദിക്കുന്ന ചോദ്യം അദ്ദേഹത്തിന്റെ മനസ്സില്‍ കിടന്ന് നീറിക്കൊണ്ടി രുന്നു. ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് നഷ്ടമായാല്‍ എന്തു പ്രയോജനമെന്നുള്ള ആ ചോദ്യം ഫ്രാന്‍സിസ് സേവ്യറിന്റെ ഹൃദയത്തില്‍ ഒരു വിത്ത് പോലെ പൊട്ടി പുറത്തേക്കു വന്നു. കാലൊടിഞ്ഞ ഇഗ്നേഷ്യസ് ലയോളയോടും മറ്റു സമാന ചിന്താഗതിക്കാരായ അഞ്ചുപേരോടും ചേര്‍ന്ന് ഒരു പുതിയ സന്യാസ സമൂഹം രൂപപ്പെടുത്തി. അന്ന് രൂപപ്പെട്ട ആ സമൂഹമാണിന്ന് ഈശോ സഭ അഥവാ സൊസൈറ്റി ഓഫ് ജീസസ്സ് (ജെസ്യൂട്ട്‌സ്) എന്ന പേരില്‍ അറിയപ്പെടുന്നത്. മാത്രമല്ല, ഫ്രാന്‍സിസില്‍ നിന്നും പൊട്ടിയ ആ വിത്ത്, അദ്ദേഹത്തെ ലോകമെമ്പാടും ഓടി നടന്ന് സുവിശേഷം അറിയിക്കുവാനുള്ള കാരണമായി മാറി. കടുകുമണിയുടെ ഉപമയില്‍ യേശുനാഥന്‍ പറയുന്നതു പോലെ, വളര്‍ന്നു വലുതായി എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന ഒരു വലിയ മരമായി മാറി. അതിനാല്‍ തന്നെ മിഷന്‍ മേഖലയില്‍ വിശുദ്ധ പൗലോസ് ശ്ലീഹായ്ക്കു തൊട്ടുതാഴെയായിട്ടാണ് സഭ അദ്ദേഹത്തെ ഇരുത്തിയിരിക്കുന്നത്.

ചെറുതും വളരെ നിസ്സാരവുമെന്ന് നമുക്കു തോന്നുന്ന പല കാര്യങ്ങളും പിന്നീട് ഒരു വലിയ കാര്യത്തിന്റെ മുന്നോടിയായി വന്നേക്കാം. അവനും അവള്‍ക്കും വിശുദ്ധരാകാമെങ്കില്‍ എനിക്കെന്തുകൊണ്ട് ആയിക്കൂടാ എന്ന ചിന്തയാണ്, മോശമായ വഴികളിലൂടെ യാത്ര ചെയ്ത അഗസ്റ്റിനെ ഒരു വിശുദ്ധനാക്കിത്തീര്‍ത്തത്. കഴിഞ്ഞയാഴ്ചയില്‍ എഴുതിയിരുന്നതു പോലെ, നാം കാണുന്നതു പോലെയല്ല ദൈവം ഒരു വ്യക്തിയെ കാണുന്നത്. നമുക്കു ആരെയും വിധിക്കുവാനുള്ള അവകാശമില്ല.

ഓരോ മനുഷ്യന്റെ ഉള്ളിലും നന്മയുടെയും തിന്മയുടെയും വിത്ത് വിതച്ചിട്ടുണ്ട്. ഓരോന്നിനും അനു കൂലമായ കാലം എത്തുമ്പോള്‍ അവ മുളച്ച് പുറത്തേക്കു വരുന്നു. അതുകൊണ്ടാണ് വിളകളോടൊപ്പം കളകളും വളരട്ടെ എന്ന് യജമാനന്‍ പറയുന്നതായി ഒരു ഉപമയില്‍ നാം കേള്‍ക്കുന്നത്. ചിലരെ കാണുമ്പോള്‍ നാം ജീവിക്കുന്ന വിശുദ്ധരെന്ന് പറയാറുണ്ട്, എന്നാല്‍ ആ വ്യക്തിയില്‍ തിന്മ ഒട്ടും ഇല്ലെന്ന് അതിനര്‍ത്ഥമില്ല. അതു പോലെ കാട്ടുകള്ളന്മാര്‍ എന്നു പറയുന്നവരില്‍ പോലും നന്മയുടെ അംശവും നാം കാണാറുണ്ട് (വീരപ്പന്റെ പേരില്‍ പോലും അമ്പലങ്ങള്‍ ഉണ്ട് - അതായത് സമൂഹത്തിലെ ഒരു കൂട്ടം ആളുകള്‍ക്ക് അയാള്‍ ഒരു വിശുദ്ധനായിരുന്നു).

ഓരോ മനുഷ്യനിലെയും നന്മയെ കാണുക, അവരിലുള്ള ദൈവാംശത്തെ തിരിച്ചറിയുക. ഇതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം. എന്നാല്‍ മാത്രമേ, ഈ ലോകത്തിന്റെതായ മാത്സര്യബുദ്ധിയും അസൂയയും എല്ലാം നമുക്കു ഉപേക്ഷിക്കുവാന്‍ സാധിക്കൂ. അതിനായി ദൈവം നമ്മെ സഹായിക്കട്ടെ.

സ്‌നേഹപൂര്‍വ്വം....

ആന്റിജോയ് ഒളാട്ടുപുറത്ത്

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161713