നോമ്പിന്റെ നന്മകള്‍

നോമ്പിന്റെ പുണ്യദിനങ്ങളിലൂടെ കടന്നുപോവുകയാണല്ലോ നാമെല്ലാവരും. നമ്മിലുള്ള തിന്മയുടെ സ്വാധീനശക്തികളെ ചെറുത്തു തോല്പിക്കുവാനും, ആത്മീയവും ഭൗതികവുമായ പോരായ്മകളെ തിരിച്ചറിയുവാനും പരിഹരിക്കുവാനുമുള്ള ഒരു അവസരം കൂടിയാണിത്.

പ്രാര്‍ത്ഥന എന്നത് ഒരു സ്‌നേഹസംഭാഷണമാണ്.'അവന്‍ പുറത്തുവന്ന് പതിവുപോലെ ഒലിവുമലയിലേക്കു പോയി'(ലൂക്കാ 22:39). ദൈവപുത്രനായ ക്രിസ്തുവിന് ഇങ്ങനെ പതിവായി പ്രാര്‍ത്ഥിക്കേണ്ട എന്തെങ്കിലും ആവശ്യം ഉണ്ടോ? രണ്ടു സുഹൃത്തുക്കള്‍ തമ്മിലുള്ള സംസാരത്തില്‍ ഒരു വിഷയം ഉന്നയിച്ചത് ഇപ്രകാരമാണ്; ദൈവത്തോട് അധികസമയം പ്രാര്‍ത്ഥിക്കേണ്ട ഒരു കാര്യ വുമില്ല, ഏറിയാല്‍ ഒരു അഞ്ചു മിനുട്ട് അതുതന്നെ ധാരാളം!. ക്രിസ്തു പതിവുപോലെ ഏകാന്തത യില്‍ തന്റെ പിതാവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. നമ്മില്‍ പലരും ആവലാതികളും പരിഭവവും മാത്രം പറഞ്ഞു തീര്‍ക്കുവാനുള്ള ഒരു അവസരമായി പ്രാര്‍ത്ഥനയെ കാണുന്നു. നല്ല സ്‌നേഹബന്ധമുള്ളവര്‍ തമ്മില്‍ എത്ര അടുത്തു സമയം ചിലവഴിച്ചാലും മടുപ്പു തോന്നില്ല . ഈശോ യെ എല്ലാറ്റിനും ഉപരിയായി സ്‌നേഹിക്കുന്നവര്‍ അവിടുത്തോടു കൂടെയായിരിക്കുവാന്‍ എപ്പോഴും ആഗ്രഹിക്കും.

നമ്മിലുള്ള അകൃത്യങ്ങളെ കഴുകി വെണ്മയുള്ളതാക്കി തീര്‍ക്കുവാന്‍ ഈ നോമ്പുകാലം വിനിയോഗിക്കാം. മാനുഷിക ബലഹീനതമൂലം പാപസാഹചര്യത്തില്‍ വീണുപോയേക്കാം എന്നു കരുതി ആ സാഹചര്യത്തില്‍ തുടരുന്നത് ശരിയല്ല. നമ്മളെല്ലാവരും ദിവസവും ഒന്നും രണ്ടും പ്രാവശ്യം കുളിച്ചു ദേഹശുദ്ധി വരുത്തുന്നവരാണ്. കുളി കഴിഞ്ഞാലും കുറച്ചു സമയത്തിനകം തന്നെ മാലിന്യങ്ങള്‍ ശരീരത്തില്‍ വീണ്ടും വന്നുകൂടും എന്നുകരുതി ആരും കുളിക്കാതിരിക്കില്ല, കാരണം നമുക്കറിയാം, കുളിച്ചില്ലെങ്കില്‍ ശരീരത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ച് നമുക്കും ചുറ്റുപാടു മുള്ളവര്‍ക്കും അതുദോഷം ചെയ്യുമെന്ന്. മണ്ണിനോട് കൂടിചേരുവാനുള്ള നമ്മുടെ ഭൗതിക ശരീരത്തിന് ഇത്രമാത്രം പ്രാധാന്യം കൊടുക്കുന്നെങ്കില്‍ നിത്യതയിലെത്തിചേരേണ്ട നമ്മുടെ ആത്മാ വിനെ എത്രമാത്രം വിലപ്പെട്ടതായി കരുതണം . ആത്മാവിനെ പരിപോഷിപ്പിക്കുവാനായി നിരന്തര പ്രാത്ഥനയിലൂടെയും കൗദാശിക ജീവിതത്തിലൂടെയും ദൈവം ആഗ്രഹിക്കുന്ന രീതിയിലുള്ള സത്കര്‍മ്മങ്ങളിലൂടെയും മുന്നേറാം. സ്വര്‍ഗത്തെ ലക്ഷ്യമാക്കിയുള്ള നമ്മുടെ പ്രയാണം ജീവിതാ വസാനം വരെ നിലനില്‍ക്കുവാനായി നമുക്ക് പ്രാര്‍ത്ഥിക്കാം, അതിനായി പരിശ്രമിക്കാം.ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ .

സ്‌നേഹപൂര്‍വ്വം,
ഷാബു ചുമ്മാര്‍
ങീയ. 055 4960319

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161639