ദൈവത്തിന്റെ സ്വന്തം മുട്ടത്തോട്

പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണവുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോള്‍ എന്റെ മനസ്സിലേയ്ക്ക് ഓടിവരുന്നത് ശരീരവും അതിന്റെ അവസാനവും സംബന്ധിച്ചുള്ള കാര്യങ്ങളാണ്. മൃതസംസ്‌ക്കാര ശുശ്രൂഷയില്‍ വൈദീകന്‍ പറയുന്ന ഒരു വാചകമുണ്ട്. 'മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേയ്ക്ക് തന്നെ മടങ്ങുന്നു'. ശരിക്കും ഞാന്‍ മണ്ണിലേക്ക് തന്നെയാണോ മടങ്ങുന്നത്. ഇവിടെ പ്രതിപാദിക്കുന്നത് എന്റെ ആത്മാവിനെ പൊതിഞ്ഞിരിക്കുന്ന ശരീരത്തെക്കുറിച്ചാണ്. സ്വര്‍ഗ്ഗത്തില്‍നിന്നും ഭൂമിയിലേക്ക് ജീവിക്കുന്നതിനായി ദൈവം നമ്മെ അയക്കുമ്പോള്‍ നമ്മുടെ ആത്മാവിനു വസിക്കാന്‍ അവിടുന്നൊരുക്കുന്ന ഒരു കവചമാണ് ശരീരം. നമ്മുടെ മരണത്തോടെ ഈ കവചം ഭൂമിയോട് ചേരുന്നു. ആത്മാവ് അതിന് നിശ്ചയിച്ച സ്ഥലത്തേയ്ക്കും. 

എന്നാല്‍ പരിശുദ്ധ കന്യകാമാതാവിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ സംഭവിക്കുന്നില്ല. ദൈവത്തിന് ഭൂമിയിലേക്ക് വരാന്‍ കാരണമായ ഈ വാഗ്ദാനപേടകത്തെ അഴുകാന്‍ ദൈവം അനുവദിച്ചില്ല. അതേ നിര്‍മ്മലമായ ശരീരത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുകയാണുണ്ടായത്. ലോക ചരിത്രത്തില്‍ ഇതുവരെ ഒരിടത്തും മറിയത്തിന്റെ തിരുശേഷിപ്പുകള്‍ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടില്ല. ചില സഭാമക്കള്‍ പരിശുദ്ധ അമ്മയെ മുട്ടത്തോട് എന്നുവിളിച്ച് അവഹേളിക്കുമ്പോഴും ശ്രദ്ധിക്കുക, ഒരിക്കലും ഈ മുട്ടത്തോട് പൊടിഞ്ഞുപോവുകയോ, അഴുകിപ്പോവുകയോ ഉണ്ടായില്ല.

നമുക്ക് ഭൂമിയില്‍ വസിക്കാനായി നല്‍കിയിരിക്കുന്ന ഈ ശരീരം അത്രയേറെ പരിപാവനമായും നിര്‍മ്മലമായും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്ത്വം നമുക്കുണ്ട്. വചനം ഇപ്രകാരം പറയുന്നു. 'എന്തുകൊണ്ടെന്നാല്‍ ഓരോരുത്തരും തങ്ങളുടെ ശാരീരികതയില്‍ ചെയ്തിട്ടുള്ള നന്മതിന്മകള്‍ക്ക് പ്രതിഫലം സ്വീകരിക്കുന്നതിന് നാമെല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പില്‍ വരണം.' (2.കോറി.5 10). നമ്മുടെ ആത്മാവിന് ലഭിക്കാന്‍ പോകുന്ന രക്ഷയും ശിക്ഷയും എല്ലാം നാം ആയിരുന്ന ശരീരത്തോടും കൂടെ ബന്ധപ്പെട്ടാണ് ലഭിക്കുന്നത്. അതിനാല്‍ മരണത്തോടെ അഴുകിപ്പോകുന്ന നമ്മുടെ ഈ മര്‍ത്യശരീരത്തില്‍ നമുക്ക് കര്‍ത്താവിനെ മഹത്വപ്പെടുത്താം. അതിനായി ശരീരത്തോടെ സ്വര്‍ഗ്ഗാരോപണം ചെയ്ത പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥം നമുക്ക് യാചിക്കാം. 

സ്‌നേഹത്തോടെ,

മാത്യു ഈപ്പന്‍

സബ് എഡിറ്റര്‍

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161711