പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയണമേ !

ഈശോയുടെ സ്വര്‍ഗ്ഗാരോഹണത്തിരുനാളില്‍ വിശുദ്ധ കുര്‍ബാന മധ്യേ വികാരിയച്ചന്‍ സഹായകനായ പരിശുദ്ധാത്മാവിനെ കുറിച്ച് പ്രസംഗച്ചുകൊണ്ടിരുന്നപ്പോള്‍ പള്ളിയുടെ മുന്‍പന്തിയില്‍ തന്നെ തന്റെ പിതാവിന്റെ മടിയില്‍ സ്ഥാനം പിടിച്ചിരുന്ന ഒരു ഏഴു വയസ്സുകാരന്‍ ചോദിച്ചു, 'ആരാണ് പപ്പാ ഈ പരിശുദ്ധാത്മാവ് ?' വിശ്വാസികളുടെ പിതാവായ മാര്‍തോമാശ്ലീഹായുടെ പിന്മുറക്കാരനും, വിശ്വാസത്തില്‍ തഴക്കവും പഴക്കവും ഉണ്ടെന്ന് സ്വയം വിചാരിക്കുകയും ചെയ്യുന്ന ആ അപ്പന്‍ ആകെയൊന്നു വിയര്‍ത്തു. ്യുഎന്ത് ഉത്തരം പറയും, മകന്‍ വിടുന്ന ഭാവമില്ല. എല്ലാ ആലോചനകളും അള്‍ത്താരയിലെ ക്രൂശിത രൂപത്തില്‍ അവസാനിക്കുന്നു. അറിവിന്റെ നിറകുടമായ പരിശുദ്ധാത്മാവേ, നീ തന്നെ തുണ. കുര്‍ബാനയ്ക്ക് ശേഷം തന്റെ മകനെ വാത്സല്യത്തോടെ ചേര്‍ത്തു നിര്‍ത്തി ആ അപ്പന്‍ പറഞ്ഞു. 'മോന്‍ ഈശോയോട് പ്രാര്‍ത്ഥിക്കാറില്ലേ, അങ്ങനെ മോനേയും പപ്പായേയും എല്ലാവരേയും പ്രാത്ഥിക്കാന്‍ പഠിപ്പിക്കുന്നത് ഈ പരിശുദ്ധാത്മാവാണ്. മോന്‍ തെറ്റുകള്‍ ചെയ്യുമ്പോള്‍ അത് ചെയ്യരുത് എന്ന് മനസ്സില്‍ തോന്നാറില്ലേ.. അങ്ങിനെ തോന്നിപ്പിക്കുന്നതും ഈ പരിശുദ്ധാത്മാവ് തന്നെ.' അങ്ങനെ തനിക്കറിയാവുന്ന വിധത്തിലെല്ലാം ആ പിതാവ് പരിശുദ്ധാത്മാവിനെ കുറിച്ച് തന്റെ മകന് വിശദീകരിച്ച് കൊടുത്തു. 

ചന്ദ്രനും കടന്ന് ചൊവ്വയിലൂടെ സൂര്യനിലേയ്ക്ക് നീളുന്ന മനുഷ്യബുദ്ധിക്ക് അളക്കാന്‍ കഴിയാത്തതാണ് പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമന്‍ - പരിശുദ്ധാത്മാവ്. യേശു കര്‍ത്താവാണ് എന്ന് ഹൃദയം കൊണ്ട് ഏറ്റുപറയാന്‍ അവനിലൂടെ അല്ലാതെ നമുക്ക് സാധ്യമല്ല. സഭയില്‍ നിന്ന് നാം സ്വീകരിച്ച വിശ്വാസത്തിന്റെ ഒന്നാമത്തെ കൂദാശയായ മാമ്മോദീസ വഴി പരിശുദ്ധാത്മാവിനെ നമുക്ക് നല്‍കപ്പെട്ടു. ഈശോയുടെ സ്വര്‍ഗ്ഗാരോഹണ തിരുനാളിന് ശേഷം 'ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല' (യോഹ 14-18) എന്ന അവിടുത്തെ വാഗ്ദാനമനുസരിച്ച് പന്തക്കുസ്താ ദിവസം ആത്മാവ് തീനാളമായ് ശിഷ്യന്മാരുടെ മേല്‍ ആവസിച്ചു. 

പന്തക്കുസ്താ ദിവസം പരിശുദ്ധാത്മാവിനെ ഒരു ദൈവീക വ്യക്തി എന്ന നിലയില്‍ നമുക്ക് വെളിപ്പെടുത്തുകയും പകര്‍ന്നു നല്‍കുകയും ചെയ്തു. 'ആ ദിവസം പരിശുദ്ധ ത്രിത്വം പൂര്‍ണ്ണമായ് വെളിപ്പെടുത്തപ്പെട്ടു.' (C.C.C. 767) സഭയില്‍ പരിശുദ്ധാത്മാവിന്റെ അനുഗ്രഹം ഏറ്റവും കൂടുതല്‍ ചൊരിയപ്പെട്ടത് പരിശുദ്ധ അമ്മയിലൂടെയാണ്. ദൈവീക പദ്ധതിയനുസരിച്ച് പിതാവായ ദൈവം പരിശുദ്ധാത്മാവു വഴി പരിശുദ്ധ അമ്മയിലൂടെ രക്ഷകനായ ഈശോയെ ലോകത്തിലേയ്ക്ക് അയച്ചു. രക്ഷകന്‍ നമുക്ക് നിത്യജീവന്‍ പ്രധാനം ചെയ്തു. യഥാര്‍ത്ഥ പന്തക്കുസ്താ അനുഭവം അതിന്റെ പൂര്‍ണ്ണതയില്‍ ലഭ്യമാകണമെങ്കില്‍ നാം പരിശുദ്ധ അമ്മയോട് ചേര്‍ന്നു നില്‍ക്കണം. പിതാവായ ദൈവത്തിന്റ പുത്രിയും പുത്രനായ ദൈവത്തിന്റെ മാതാവും പരിശുദ്ധാത്മാവിന് ഏറ്റവും പ്രിയമുള്ളവളുമായ പരിശുദ്ധ അമ്മ പരിശുദ്ധാത്മാവ് നിറഞ്ഞ യഥാര്‍ത്ഥ ക്രിസ്തു ശിഷ്യന്മാരാക്കി നമ്മെ മാറ്റും. അതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. 

 

സ്‌നേഹപൂര്‍വ്വം,

ജോബിന്‍ അഗസ്റ്റിന്‍

എഡിറ്റര്‍

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161710