ഒരുമിച്ചിരിക്കാം അല്‍പനേരം

നാം ദൈവവുമായി നടത്തുന്ന സ്‌നേഹസംഭാഷണമാണ്  പ്രാര്‍ത്ഥന. വേദപാഠ ക്ലാസുകളില്‍ നിന്നും നാം ഹൃദ്യസ്തമാക്കിയ പ്രാര്‍ത്ഥനയുടെ നിര്‍വചനമാണിത്. പക്ഷേ നാം നടത്തുന്ന പ്രാര്‍ത്ഥനയില്‍ സ്‌നേഹമില്ല. പ്രാര്‍ത്ഥന പുസ്തകത്തിന്റെ താളുകളില്‍ അച്ചടിച്ചു വച്ചിരിക്കുന്ന വരികള്‍ അധരത്തിലൂടെ മാത്രം കടന്നുപോകുന്നു. അപ്പോഴുണ്ടാകുന്ന ശബ്ദം പ്രാര്‍ത്ഥനയെന്ന് ധരിച്ച്  തൃപ്തിപ്പെടുന്നു. അത് കേവലം അധര വ്യായാമം മാത്രമേ ആകുന്നുള്ളൂ. നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന സ്‌നേഹനിധിയായ ദൈവത്തോട് മനസ്സ് തുറക്കാന്‍ നമുക്ക് അച്ചടിഭാഷയുടെ ആവശ്യമില്ല. എല്ലാം അറിയുന്നവനാണ് ദൈവം. നാം പറയുന്നതിനു മുന്‍പേ അവിടുന്ന് അറിയുന്നു. അതിനാല്‍ മനസ്സും ശരീരവും ഏകാഗ്രമാക്കി അവിടത്തോട് ചേര്‍ന്നിരിക്കുമ്പോള്‍ നമ്മുടെ പ്രാര്‍ത്ഥന സ്‌നേഹമുള്ളതാകുന്നു. ഈ പ്രാര്‍ത്ഥനയില്‍ മറ്റുള്ളവരെക്കൂടി ഔര്‍ക്കുമ്പോള്‍ അവരുടെ വേദനകളും യാചനകളും കൂടി പങ്കുവെയ്ക്കുമ്പോള്‍ പ്രാര്‍ത്ഥന കൂടുതല്‍ മധുരമുള്ളതാകുന്നു.

നമ്മുടെ മനസ്സ് ദൈവത്തിങ്കലേക്ക് ഉയര്‍ത്തുന്നതാണ് പ്രാര്‍ത്ഥന. ദൈവത്തില്‍ നിന്ന് നന്മകള്‍ ലഭിക്കാന്‍ വേണ്ടിയുള്ള അഭ്യര്‍ത്ഥനയാണ് അത്. പക്ഷേ നാം പ്രാര്‍ത്ഥിക്കുമ്പോള്‍ നാം സംസാരിക്കുന്നത് നമ്മുടെ അഹന്തയുടെയും തന്നിഷ്ടത്തിന്റെയും ഔന്നത്യത്തില്‍ നിന്നാണോ അതോ വിനീതവും അനുതാപ പൂര്‍ണവുമായ ഹൃദയത്തിന്റെ അഗാധതലങ്ങളില്‍ നിന്നാണോ ?.. വിനയമാണ് പ്രാര്‍ത്ഥനയുടെ അടിത്തറ. എളിമയാണ് ദൈവത്തില്‍ നിന്ന് ദാനങ്ങള്‍ സ്വീകരിക്കാന്‍ വേണ്ട മനോഭാവം. നാം മനസിലാക്കിയാലും ഇല്ലെങ്കിലും ദൈവത്തിന്റെ ദാഹവും നമ്മുടെ ദാഹവും തമ്മിലുള്ള സമാഗമമാണ് പ്രാര്‍ത്ഥന. നാം ദാഹിക്കണമെന്നു ദൈവം ദാഹിക്കുന്നു.(വി. അഗസ്റ്റിന്‍)

ജീസസ് യൂത്തായ നമ്മെ സംബന്ധിച്ചിടത്തോളം നമ്മെ താങ്ങിനിറുത്തിയിരിക്കുന്ന തൂണുകളില്‍ പ്രധാനപ്പെട്ടതാണ് വ്യക്തിപരമായ പ്രാര്‍ത്ഥന അതിലൂടെ മാത്രമേ നമുക്ക് വളരാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ പ്രഭാതത്തിന്റെ നൈര്‍മല്യതയില്‍ എഴുന്നേറ്റ് അവിടുത്തെ സ്‌നേഹത്തിനായി നമുക്കേവര്‍ക്കും കാതോര്‍ക്കാം. ദൈവം നമ്മെ അനു്രഗഹിക്കട്ടെ.

 

സ്‌നേഹത്തോടെ,

ജോബിന്‍ അഗസ്റ്റിന്‍

എഡിറ്റര്‍

 

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161713