ഒളിച്ചു വച്ചിരിക്കുന്ന വലിയ നിധി

പ്രാര്‍ത്ഥനയുടെ വില മലയാളി ശരിക്കും മനസിലാക്കിയ മാസമായിരുന്നു ഈ ഓഗസ്റ്റ് മാസം. മഴയും വെള്ളവും മലയാളിക്കൊരു പ്രശ്‌നമല്ല എന്നഹങ്കരിച്ചിരുന്നവര്‍ മഹാപ്രളയത്തിനു മുമ്പില്‍ തീര്‍ത്തും നിസഹായരായി നിന്നു. ജോലിത്തിരക്കു മൂലം പ്രാര്‍ത്ഥിക്കാന്‍ സമയം കിട്ടാത്തവരും പ്രാര്‍ത്ഥനകള്‍ മറന്നു തുടങ്ങിയവരും നിരീശ്വരവാദികളും എന്നുവേണ്ട ഏത് തരക്കാരും തങ്ങളുടെ സൃഷ്ടാവിന്റെ മുമ്പില്‍ തൊഴുകൈയ്യോടെ തങ്ങളുടെ ജീവനുവേണ്ടി പ്രാര്‍ത്ഥിച്ചു. പ്രളയജലം ഒന്നാം നിലയും കടന്ന് മുകളിലേക്ക് എത്തിയ നേരത്ത് പ്രാണരക്ഷാര്‍ത്ഥം നിലവിളിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം പലരൂപത്തില്‍ അവരുടെ മുമ്പില്‍ അവതരിച്ചു. ചിലര്‍ക്ക് മുക്കുവന്മാരുടെ രൂപത്തില്‍, ചിലര്‍ക്ക് അഗ്നിശമനസേനയുടെ രൂപത്തില്‍, ചിലര്‍ക്ക് പൊലീസുകാരുടെ രൂപത്തില്‍ അങ്ങിനെ തങ്ങളുടെ രക്ഷകരായവരിലെല്ലാം അവര്‍ ദൈവത്തെ കണ്ടു.

 പ്രിയപ്പെട്ടവരെ നമുക്ക് കഷ്ടപ്പാടുകളും ദുരിതങ്ങളും ഉണ്ടാകുമ്പോള്‍ മാത്രമാ ണോ നാം പ്രാര്‍ത്ഥിക്കേണ്ടത്? അല്ല. പക്ഷേ, നമ്മില്‍ പലരുടേയും പ്രാര്‍ത്ഥനകള്‍ നമ്മുടെ ആവശ്യനേരത്ത് മാത്രമാണ്. നമ്മുടെ ദൈവത്തോട് നാം അനുദിനം പ്രാര്‍ത്ഥനയിലൂടെ ചേര്‍ന്ന് നില്‍ക്കണം. ജീസസ്‌യൂത്തായ നമ്മെ സംബന്ധിച്ചിടത്തോളം അനുദിന പ്രാര്‍ത്ഥനക്ക് ജീവിതത്തില്‍ വലിയ മാനമുണ്ട്. നമ്മുടെ പഴ്‌സുകളിലോ പ്രാര്‍ത്ഥനാമുറികളിലോ നാം ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു വലിയ നിധിയുണ്ട്. മഞ്ഞകളറിലുള്ള ജീസസ്‌യൂത്തിന്റെ അനുദിന പ്രാര്‍ത്ഥന.

എന്നും മുടക്കമില്ലാതെ പ്രാര്‍ത്ഥിക്കും എന്ന് ദൈവനാമത്തില്‍ പ്രതിജ്ഞയെടുത്ത് പ്രാര്‍ത്ഥനയും വാങ്ങി പഴ്‌സില്‍ വച്ച് പോന്ന നമ്മളില്‍ എത്രപേര്‍ ദിവസവും ഈ പ്രാര്‍ത്ഥനയിലൂടെ കടന്നുപോകുന്നുണ്ട്? ഞാനും നിങ്ങളും അടക്കം സൗകര്യപൂര്‍വ്വം കുഴിച്ചിട്ടിരിക്കുന്ന വലിയൊരു താലന്താണ് ഈ പ്രാര്‍ത്ഥന. നമ്മുടെ ദൈന്യംദിന ജീവിത്തി ന്റെ എല്ലാ മേഖലയും പരിശോധിച്ച് നാഥന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാന്‍ നമ്മെ സഹായിക്കുന്നു. നാഥന്റെ കൂടെ നിന്ന് പ്രാര്‍ത്ഥിച്ച് തുടങ്ങി കരുണാമയന്റെ ചാരെ നമ്മുടെ വ്യക്തി ജീവിതത്തെ പരിശോധിച്ച് സമര്‍പ്പണവഴിയേ നമ്മുടെ ജീവിത്തെ മുഴുവനായും നാഥനു സമര്‍പ്പിച്ച് ജീസസ്‌യൂത്ത് മുഴുവന്‍ ഒരു കുടുംബമായി നാഥനെ വിളിച്ചപേക്ഷിച്ച് സ്‌നേഹത്താല്‍ നിറഞ്ഞു പങ്കുവെയ്ക്കാന്‍ ഈ പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു. കര്‍ത്താവ് നമ്മെ അനുഗ്രഹിക്കട്ടെ. എല്ലാ തിന്മകളില്‍ നിന്നും സംരക്ഷിക്കട്ടെ. നിത്യമായ ജീവിത്തിലേക്ക് നമ്മെ നയിക്കുമാറാകട്ടെ.  ആമേന്‍.

 

സ്‌നേഹപൂര്‍വ്വം,

ജോബിന്‍ അഗസ്റ്റിന്‍

എഡിറ്റര്‍

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 160803