കുരിശാണ് രക്ഷ...

പീലാത്തോസിന്റെ കൊട്ടാരത്തിന്റെ സമീപത്തുള്ള മനോഹരമായ ഉദ്യാനത്തില്‍ ഒരുപാട് വൃക്ഷലതാദികള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. പെട്ടെന്ന് രണ്ടു മരംവെട്ടുകാര്‍ ഉദ്യാനത്തിലേക്ക് പ്രവേശിക്കുന്നു. കുറേ വൃക്ഷങ്ങളെ നോക്കിയശേഷം അവര്‍ ഒരു വൃക്ഷം തിരഞ്ഞെടുക്കുന്നു. ആദ്യത്തെ വെട്ട് തന്റെ ചുവട്ടില്‍ കൊണ്ടപ്പോള്‍ തന്നെ ആ വൃക്ഷം തന്റെ മരണം ഉറപ്പിച്ചു. സമീപത്തെ ആ വലിയ കൊട്ടാരത്തിലെ മനോഹരമായ ഏതെങ്കിലും വീട്ടുപകരണമായി താന്‍ മാറുമെന്ന് സ്വയം ആശ്വസിച്ചു. ആ ആശ്വാസത്തിന് നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. മരംവെട്ടുകാര്‍ ആ മരത്തിനെ ഒരു കുരിശായി രൂപാന്തരപ്പെടുത്തി. താന്‍ വിറകായി അടുപ്പില്‍ എരിഞ്ഞു തീര്‍ന്നാലും ഒരിക്കലും കുരിശായി തീരരുതെന്ന് ആ മരം വിചാരിച്ചിരുന്നു. കാരണം കുരിശ് പരിഹാസത്തിന്റേയും നിന്ദയുടേയും അടയാളമായിരുന്നു. കുരിശുമായി അവര്‍ പീലാത്തോസിന്റെ കൊട്ടാരത്തിലെത്തി. ചമ്മട്ടിയടിയേറ്റ് ചോരയില്‍ കുളിച്ചുനില്‍ക്കുന്ന ഈശോയുടെ ചുമലില്‍ അവര്‍ കുരിശു വച്ചുകൊടുത്തു. അവസാനം ഗാഗുല്‍ത്തായില്‍ ഈശോയുടെ കൈകാലുകളില്‍ തറച്ച ആണികളിലൂടെ ആ നീതിമാന്റെ രക്തം മരത്തിനുള്ളിലേക്ക് ഒഴുകിയിറങ്ങി. മനുഷ്യനായി പിറന്ന ദൈവകുമാരന്റെ ദിവ്യദേഹം വഹിക്കാന്‍ ഭാഗ്യം ലഭിച്ച മരം: വി.കുരിശ്! മുമ്പ് നിന്ദയുടേയും പരിഹാസത്തിന്റെയും അടയാളമായിരുന്ന കുരിശ് അന്നുമുതല്‍ നമുക്ക് പ്രതീക്ഷയുടേയും രക്ഷയുടേയും അടയാളമായി നിലകൊള്ളുന്നു.

 പ്രിയപ്പെട്ടവരെ, നമ്മുടെയെല്ലാം ജീവിതത്തില്‍ നാം ഈ കുരിശിന്റെ അനുഭവത്തിലൂടെ കടന്നുപോകുന്നവരാണ്. നാം ആഗ്രഹിക്കാത്ത ജീവിതമേഖലകളില്‍ ചെന്നെത്തുമ്പോള്‍ സ്വയം ശപിച്ചും നിരാശപ്പെട്ടും ജീവിതം തള്ളിനീക്കുന്നവരാണ് നമ്മില്‍ പലരും. നാം എത്തിപ്പെട്ടിരിക്കുന്ന ജീവിതമേഖലകളില്‍ ക്രിസ്തുവിന് സാക്ഷിയായി മാറി മറ്റുള്ളവര്‍ക്കു മുമ്പില്‍ പ്രതീക്ഷയുടേയും രക്ഷയുടേയും കുരിശുകളായി ഉയര്‍ന്നു നില്‍ക്കുവാന്‍ നമുക്ക് കഴിയണം. വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍ ആചരിക്കുന്ന ഈ അവസരത്തില്‍ രക്ഷയുടെ അടയാളമായി നാം ധരിച്ചിരിക്കുന്ന വിശുദ്ധ കുരിശ് നമ്മുടെ സഹോദരങ്ങള്‍ക്കു കൂടി അനുഭവഭേദ്യമാക്കി കൊടുക്കുവാന്‍ നമുക്ക് ശ്രമിക്കാം. ഈശോ നമ്മെ അനുഗ്രഹിക്കട്ടെ.

 

സ്‌നേഹപൂര്‍വ്വം,

ജോബിന്‍ അഗസ്റ്റിന്‍

എഡിറ്റര്‍

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 160801