വചനവഴിയിലെ അമൂല്യനിധി

അവധി ആഘോഷിക്കുവാനായി നാട്ടിലെത്തിയ ഉറ്റ സുഹൃത്തുക്കളായ മൂന്ന് പേര്‍ ഒരു യാത്ര പുറപ്പെട്ടു. ട്രക്കിങ്ങ് ഇഷ്ടമുള്ള  മൂവരും തങ്ങളുടെ മൂന്നു വാഹനങ്ങളുമായാണ് മല കയറുവാന്‍ പുറപ്പെട്ടത്. യാത്രയുടെ തുടക്കത്തില്‍ തന്നെ ചെറിയ ചാറ്റല്‍ മഴ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും വക വയ്ക്കാതെ അവര്‍ മലയുടെ അടിവാരത്തില്‍ എത്തി. തുടക്കത്തിന്റെ ആവേശത്തില്‍ മൂവരുടെയും വാഹനങ്ങള്‍ തടസങ്ങളൊന്നുമില്ലാതെ മുകളിലേയ്ക്ക് കുതിച്ചു. ചാറ്റല്‍ മഴയില്‍ നിന്ന് പെരുമഴ രൂപപ്പെടാന്‍ അധികം സമയം വേണ്ടി വന്നില്ല. അതില്‍ രണ്ടു പേരുടെ വാഹനങ്ങള്‍ പാതി വഴിയില്‍ പണിമുടക്കി. എന്നാല്‍ അധികമായി ഉണ്ടായിരുന്ന ശക്തിയാല്‍ മൂന്നാമന്റെ വാഹനം മഴയെ വക വയ്ക്കാതെ ദുര്‍ഘടം പിടിച്ച പാതയിലൂടെ നിസ്സാരമായി ലക്ഷ്യത്തിലെത്തി. 

സഹോദരങ്ങളെ, നമ്മുടെയൊക്കെ ജീവിത്തിലും ഈ അഢീഷണല്‍ പവ്വര്‍ നല്‍കപ്പെട്ടിട്ടുണ്ട്. നമ്മുടെ ജീവിത യാത്രയുടെ തുടക്കത്തില്‍ മാമ്മോദീസായിലൂടെ നല്‍കപ്പെട്ട പരിശുദ്ധാത്മാവിന്റെ രൂപത്തില്‍. എന്നാല്‍, പലപ്പോഴും ആ ശക്തി നാം തിരിച്ചറിയാറില്ല. കാറും കോളും പ്രലോഭനങ്ങളും മോഹഭംഗങ്ങളും ഒക്കെ നിറഞ്ഞ ഈ യാത്രയില്‍ നമ്മെ ബലപ്പെടുത്തുന്ന, പരിശുദ്ധാത്മാവിനെ തിരിച്ചറിയുവാന്‍ പലപ്പോഴും നാം ശ്രമിക്കാറില്ല. ശരിതെറ്റുകള്‍ വിവേചിച്ചു നല്‍കുന്ന ആത്മാവിന്റെ സ്വരം കേള്‍ക്കുവാന്‍ എപ്പോഴെങ്കിലും നാം ശ്രമിക്കാറുണ്ടോ...? പ്രിയപ്പെട്ടവരെ, ഇന്നുമുതല്‍ നമുക്ക് ഒരു തീരുമാനമെടുക്കാം. തിരുവചനത്തില്‍ വേരൂന്നി ദൈവകല്‍പനകള്‍ നിറവേറ്റി ജീവിതത്തെ നന്മയുള്ളതാക്കി മാറ്റുവാന്‍ പരിശുദ്ധാത്മാവിന്റെ കൃപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം. പിതാവായ ദൈവത്തിന്റെ ഹിതമനുസരിച്ച് പുത്രനായ ദൈവത്തിന്റെ ജീവിതത്തോട് ചേര്‍ന്ന് ജീവിക്കാന്‍ പരിശുദ്ധാത്മാവായ ദൈവത്തിന്റെ സഹായം നമുക്ക് തേടാം. വരങ്ങളാല്‍ നിറയപ്പെടുന്നതോടൊപ്പം നല്ല ഫലങ്ങള്‍ നല്‍കുന്നവര്‍ ആകുവാനും വേണ്ട കൃപയ്ക്കായി നമുക്ക് പരിശുദ്ധാത്മാവിനെ കൂട്ടു പിടിക്കാം. പുതിയൊരു ആത്മീയ അഭിഷേകം നമുക്ക് പ്രാപിക്കാം. 

 

പ്രാര്‍ത്ഥനകളോടെ,

റിജോ മണിമല

എഡിറ്റര്‍

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161709