പിതാക്കന്മാരില്‍നിന്നും പഠിക്കുക
ബിജു

'ഈജിപ്തുകാരിയായ ഹാഗറില്‍ അബ്രാഹത്തിനു ജനിച്ച മകന്‍ തന്റെ മകനായ ഇസഹാക്കിനോടുകൂടെ കളിക്കുന്നത് സാറാ കണ്ടു. അവള്‍ അബ്രാഹത്തിനോടു പറഞ്ഞു: ആ അടിമപ്പെണ്ണിനെയും അവളുടെ മകനെയും ഇറക്കി വിടുക അവളുടെ മകന്‍ എന്റെ മകന്‍ ഇസഹാക്കിനോടൊപ്പം അവകാശിയാകാന്‍ പാടില്ല. തന്മൂലം മകനെയോര്‍ത്ത് അബ്രാഹം വളരെ അസ്വസ്ഥനായി' ഉല്‍.21:09-11).

അബ്രാഹം തന്റെ മൂത്തമകനായ ഇസ്മായിലിനെയോര്‍ത്ത് അസ്വസ്ഥനാവുകയാണ്. മകന് അപ്പന്റെ സംരക്ഷണം, സ്‌നേഹം, വീട് തുടങ്ങി ഒരു പിതാവില്‍ നിന്നും ലഭിക്കേണ്ടതെല്ലാം നഷ്ടപ്പെടുമല്ലോയെന്നോര്‍ത്ത്, മകന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് വിഷമിക്കുമ്പോള്‍ കര്‍ത്താവ് ഇടപെടുന്നു.

ഈ സംഭവത്തിനുമുന്‍പ് പലതവണ കര്‍ത്താവ് അബ്രാഹത്തിനു പ്രത്യക്ഷപ്പെടുന്നതും (ഉല്‍-12:7), വാഗ്ദാനങ്ങള്‍ കൊടുക്കുന്നതും (ഉല്‍-13:15-16), അബ്രാഹം കര്‍ത്താവിനു ബലിപീഠം പണിയുന്നതും (ഉല്‍-12:8), (ഉല്‍-13:18), കര്‍ത്താവ് അബ്രാഹവുമായി ഉടമ്പടി ചെയ്യുന്നതും (ഉല്‍-15:1)  'ഭയപ്പെടേണ്ട ഞാന്‍ നിനക്ക് പരിചയാണ്, നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും'. അബ്രാഹാമിന്റെ ബലി കര്‍ത്താവ് സ്വീകരിക്കുന്നു. (ഉല്‍-15:17) ഇനിമേല്‍ നീ അബ്രാം എന്ന് വിളിക്കപ്പെടുകയില്ല; നിന്റെ പേര് അബ്രഹാം എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു (ഉല്‍-17:5). ഇപ്രകാരം ദൈവവും അബ്രാഹവുമായു ള്ള ബന്ധം നാം നിരവധി തവണ ബൈബിളില്‍ കാണുന്നുണ്ട്.

ഹാഗറിനേയും, ഇസ്മായേലിനെയും പറഞ്ഞയക്കുക എന്ന സാറായുടെ വാക്കുകള്‍ അബ്രാഹാമിനെ അസ്വസ്ഥനാക്കിയപ്പോള്‍; ദൈവവുമായി ആഴമേറിയ ബന്ധമുണ്ടായിരുന്ന അബ്രാഹം ദൈവത്തിലാശ്രയിച്ചപ്പോള്‍ ദൈവസ്വരം കേള്‍ക്കുവാന്‍, ദൈവഹിതം അറിയുവാന്‍ അബ്രാഹാമിനു കഴിഞ്ഞു. ദൈവം അരുളിച്ചെയ്തു; കുട്ടിയെക്കുറിച്ചും, നിന്റെ അടിമപ്പെണ്ണിനെക്കുറിച്ചും നീ ക്ലേശിക്കേണ്ട; സാറാ പറയുന്നതുപോലെ ചെയ്യുക, കാരണം ഇസഹാക്കിലൂടെയാണ് നിന്റെ സന്തതികള്‍ അറിയപ്പെടുക. അടിമപ്പെണ്ണില്‍ ജനിച്ച മകനെയും ഞാനൊരു ജനതയാക്കും. അവനും നിന്റെ മകനാണല്ലോ. (ഉല്‍-21:12-13)

നമുക്ക് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നമ്മുടെ ജീവിത്തിലുണ്ടോ? ചിലതീരുമാനങ്ങളെടുക്കാന്‍ കഴിയാതെ നാം കുഴങ്ങുന്നുണ്ടോ? നമ്മുടെ പ്രിയപ്പെട്ടവരില്‍ നിന്നോ, അധികാരികളില്‍ നിന്നോ നമ്മുടെ യുക്തിക്കും നീതിക്കും നിരക്കാത്ത നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകാറുണ്ടോ? നമുക്ക് അംഗീകരിക്കാന്‍ കഴിയാത്ത ചിലതെല്ലാം നമ്മുടെ ജീവിതപങ്കാളിയിലുണ്ടോ? എങ്കില്‍ നമുക്കും ദൈവസന്നിധിയില്‍ നമ്മുടെ അസ്വസ്ഥതകള്‍ സമര്‍പ്പിക്കാം. കര്‍ത്താവ് സംസാരിക്കുമെന്നും ഇടപെടുമെന്നും തീരുമാനമെടുക്കുവാന്‍ സഹായിക്കുമെന്നും വചനം നമ്മെ പഠിപ്പിക്കുന്നു.

പിതാവായ അബ്രാഹാമിനേപ്പോലെ നമുക്കും ദൈവത്തില്‍നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും അനുസരിക്കുകയും ചെയ്യാം. (ഉല്‍-21:24) അബ്രാഹം അതിരാവിലെ എഴുന്നേറ്റ് കുറേ അപ്പവും ഒരു തുകല്‍സഞ്ചിയില്‍ വെള്ളവുമെടുത്ത് ഹാഗറിന്റെ തോളില്‍ വച്ചു കൊടുത്തു. മകനെയും ഏല്‍പ്പിച്ചിട്ട് അവളെ പറഞ്ഞയച്ചു. മകന്‍ എവിടെ അന്തിയുറങ്ങും, എന്തു ഭക്ഷിക്കും, ആരവനെ സഹായിക്കും? അബ്രാഹാമിനു ഉത്തരമുണ്ടായിരുന്നു. 'എന്നെ നയിക്കുന്ന ദൈവം'.

തീരുമാനങ്ങളെടുക്കുമ്പോള്‍ ദൈവത്തോട് ആലോചന ചോദിക്കുന്ന ഒരു രീതി നമുക്ക് പരിശീലിക്കാം. ഒരു പക്ഷെ ദൈവഹിതം നമ്മുടെ യുക്തിക്ക് നിരക്കുന്നതായിരിക്കണമെന്നില്ല. ദൈവേഷ്ടം അറിയുവാന്‍ ആഗ്രഹമുള്ള ഒരാള്‍, അതിനോട് സഹകരിക്കുന്നതിന്റെ ഭാഗമായി വിലകൊടുക്കുവാനും, അനുസരിക്കുവാനും തയ്യാറാകുമ്പോള്‍ കര്‍ത്താവ് ആ വ്യക്തിയെ ദൈവഹിതം തിരിച്ചറിയുവാന്‍ പരിശീലിപ്പിക്കുന്നു. ഇസ്മായേലിനെ വീട്ടില്‍നിന്നും ഇറക്കിവിടുവാന്‍ പിതാവായ അബ്രാഹം തയ്യാറാകുന്നു. ഇസഹാക്കിനെ ബലികൊടുക്കുവാന്‍ ബലിപീഠത്തില്‍ ബന്ധിച്ച് കത്തി കയ്യിലെടുത്ത് ദൈവേഷ്ടത്തിനു വേണ്ടി സ്വന്തം ഇഷ്ടം ബലികഴിക്കുവാന്‍ അബ്രാഹം തയ്യാറാകുന്നു. 'നിന്റെ ഏകപുത്രനെപ്പോലും എനിക്കു തരാന്‍ മടിക്കായ്കകൊണ്ട് ഞാന്‍ ശപഥം ചെയ്യുന്നു: ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും' (ഉല്‍-22:16-17).

ദൈവഹിതം അനുസരിക്കുന്നവര്‍ക്കെല്ലാം അനുഗ്രഹമുണ്ടെന്ന് വചനം നമുക്ക് ഉറപ്പ് തരുന്നു. 10 വര്‍ഷം ബോംബെയില്‍ ജോലി ചെയ്ത ഞാന്‍ രണ്ട് പ്രാവശ്യം കര്‍ത്താവിനോട് ഗള്‍ഫില്‍ പോകാനുള്ള അനുവാദം ചോദിക്കുകയും രണ്ടു പ്രാവശ്യം കര്‍ത്താവ് നിരസിക്കുകയും ചെയ്തു. തത്ഫലമായി, ബൈബിള്‍ കോളേജില്‍ ചേര്‍ന്ന് വചനം പഠിക്കുവാനും അക്രൈസ്തവരോടു വചനം
പ്രഘോഷിക്കുവാനുമുള്ള ഭാഗ്യം കര്‍ത്താവ് എനിക്ക് തന്നു.

ആവിലയിലെ വി.അമ്മത്രേസ്യ പറയുന്നു, 'നമ്മുടെ ഓരോ പ്രാര്‍ത്ഥനയി ലും ദൈവസ്വരം കേള്‍ക്കാന്‍ നാം ആഗ്രഹിക്കുകയും, അതിനു കുറച്ചു സമയം മാറ്റി വയ്ക്കുകയും വേണം'.

എന്നാല്‍ വാതിലിലൂടെ പ്രവേശിക്കുന്നവന്‍ ആടുകളുടെ ഇടയനാണ്. കാവല്‍ക്കാരന്‍ അവന് വാതില്‍ തുറന്നു കൊടുക്കുന്നു. ആടുകള്‍ അവന്റെ സ്വരം കേള്‍ക്കുന്നു. അവന്‍ തന്റെ ആടുകളെ പേരുചൊല്ലി വിളിക്കുകയും പുറത്തേക്ക് നയിക്കുകയും ചെയ്യുന്നു. തനിയ്ക്കുള്ളതിനേയെല്ലാം പുറത്തിറക്കിയിട്ട് അവന്‍ അവയ്ക്ക് മുന്‍പേ നടക്കുന്നു. അവന്റെ സ്വരം തിരിച്ചറിയുന്നതുകൊണ്ട് ആടുകള്‍ അവനെ അനുഗമിക്കുന്നു.(യോഹ.10:2-4).

നമ്മുടെ മുന്‍പേ നമ്മേ നയിക്കുന്ന ഈശോയെ തിരിച്ചറിയാനും, അവന്റെ സ്വരം കേള്‍ക്കാനും, അവനെ അനുഗമിക്കാനും നമുക്കാഗ്രഹിക്കാം. അതിനായി നമ്മുടെ ജീവിതം ഈശോയ്ക്ക് വിട്ടുകൊടുക്കാം. നല്ല ഇടയനായ ഈശോ നമ്മെ അനുഗ്രഹിക്കട്ടെ.

334 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161713