ദൈവകരുണ
ആന്‍ മരിയ

വിശ്വാസത്തോടെ എന്റെ കരുണയിലേക്കു തിരിയുന്നതുവരെ മനുഷ്യകുലം സമാധാനം കണ്ടെത്തുകയില്ല.

'കര്‍ത്താവിന് കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു' (സങ്കീ 118:1). ദൈവത്തിന്റെ അനന്തമായ കാരുണ്യം സ്വീകരിക്കുന്നവരുടെ എക്കാലത്തെയും ഏറ്റുപറച്ചിലാണിത്. ദൈവം നീതിമാനാണ്, എന്നാല്‍ അവിടുന്ന് നീതി പാലിക്കാത്ത ഏക അവസരം അവിടുത്തെ കരുണ ചൊരിയുന്ന സമയമാണ്. അര്‍ഹതയില്ലാത്തിടത്ത് ലഭിക്കുന്നതിനെയാണ് കാരുണ്യം എന്ന് വിളിക്കുന്നത്. അതുകൊണ്ടു തന്നെ മനുഷ്യരിലേക്ക് ദൈവകരുണ എത്തുന്നത് അനര്‍ഹമാം വിധമാണ്.

ദൈവം മനുഷ്യകുലത്തിന് നല്‍കുന്ന സ്വര്‍ഗ്ഗീയ കൃപയാണ് കരുണ. ദൈവകരുണയെന്നാല്‍ സ്‌നേഹത്താല്‍ സംരക്ഷിക്കുക യെന്നതാണ്. അതിനാല്‍ ദൈവകരുണയില്‍ ദയ അടങ്ങിയിരിക്കുന്നു. ഈ ദയയുടെ അടി സ്ഥാനം സ്‌നേഹമാണ്. ഈശോയുടെ കാരു ണ്യത്തിന്റെ പൂര്‍ണ്ണരൂപമാണ് അവിടുത്തെ മനുഷ്യാവതാരത്തിലും പരസ്യജീവിതത്തി ലും പീഢാനുഭവസമയത്തും ഉത്ഥാനത്തിലും നമുക്ക് കണ്ടെത്തുവാന്‍ കഴിയുക. ഈ കാരുണ്യത്തെ ലോകത്തിന് മനസ്സിലാക്കിക്കൊടുക്കേണ്ടത് ഓരോ ക്രൈസ്തവന്റെയും ധര്‍മ്മമാണ്.

എണ്ണിത്തീര്‍ക്കുവാന്‍ സാധിക്കാത്തവിധത്തിലുള്ള നന്മകള്‍ ദൈവത്തിലുണ്ട്. എന്നാല്‍ എല്ലാറ്റിലും ഉപരിയായി ഒരു നന്മയെക്കുറിച്ച് വി.ഗ്രന്ഥത്തില്‍ എടുത്തുപറഞ്ഞിരിക്കുന്നു. അത് ദൈവത്തിന്റെ കരുണയാണ്.

വി.ഫൗസ്റ്റീനയോട് ഈശോ പറയുന്നു, 'എന്റെ മകളെ, കരുണയുടെ ഭക്തിപ്രചരിപ്പിക്കുവാന്‍ നിന്നാല്‍ കഴിയും വിധം സഹകരിക്കുക. നിന്റെ കുറവുകള്‍ ഞാന്‍ പരിഹരിക്കാം. ക്‌ളേശിക്കുന്ന മനുഷ്യകുലത്തോട് എന്റെ കരുണാര്‍ദ്രമായ ഹൃദയത്തോട് ഒട്ടിച്ചേര്‍ന്നിരിക്കു വാന്‍ പറയുക. ഞാന്‍ അതിനെ
സമാധാനം കൊണ്ട് നിറയ്ക്കാം.' ഞാന്‍ കരുണയും സ്‌നേഹവും തന്നെയാണെന്ന് എല്ലാ ജനങ്ങളോടും പറയുക (ഡയറി 1044). 'കരുണയാണ് ദൈവത്തിന്റെ ഏറ്റവും വലിയ സ്വഭാവവിശേഷമെന്ന് പ്രഘോഷിക്കുക. എന്റെ കരവേലകളെല്ലാം കരുണയാല്‍ മഹിമയണിഞ്ഞി രിക്കുന്നു' (ഡയറി 301).

മനുഷ്യകുലത്തോട് ദൈവം കരുണ കാണിക്കുന്നത് പ്രധാനമായും രണ്ടു കാര്യങ്ങള്‍ക്കു വേണ്ടിയാണ്. ഒന്നാമതായി, പൗലോസ്ശ്ലീഹാ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ ഇപ്രകാരം നാം വായിക്കുന്നു. '...നിന്നെ അനുതാപത്തിലേക്ക് നയിക്കുകയാണ് ദൈവത്തിന്റെ കരുണയുടെ ലക്ഷ്യമെന്ന് നീ അറിയുന്നില്ലേ' (റോമ 2:4). തന്നില്‍ വിശ്വസിക്കുന്ന ഒരുവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കണമെന്ന് യേശു ആഗ്രഹിക്കുന്നു. തന്റെ കാരുണ്യത്തികവിനാല്‍ സകല മനുഷ്യാത്മാക്കളെയും പൂര്‍ണ്ണമായ അനുതാപത്തിലേക്ക് നയിക്കുകയാണ് ദൈവകരുണയുടെ ഒന്നാമത്തെ ലക്ഷ്യം.

രണ്ടാമതായി, ദൈവം നമ്മോട് കരുണ കാണിക്കുന്നത്, അതേ കരുണ നാം മറ്റുള്ളവരോട് കാണിക്കുന്നതിനുവേണ്ടിയാണ്. നിര്‍ദ്ദയനായ ഭൃത്യന്റെ ഉപമയില്‍, (മത്താ 18:21-35) യജമാനന്‍ ഭൃത്യനോട് ചോദിക്കുന്ന അതേ ചോദ്യം ഇന്ന് നാമോരുരുത്തരെയും നോക്കി ഈശോ ആവര്‍ത്തിക്കുന്നുണ്ട്. 'ഞാന്‍ നിന്നോടു കരുണ കാണിച്ച തുപോലെ നീയും നിന്റെ സഹസേവക നോടു കരുണ കാണിക്കേണ്ടതായി രുന്നില്ലേ?'(മത്താ 18:33). 'സ്വര്‍ഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍' (ലൂക്ക 6:36) കൂടാതെ, 'കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; എന്തെന്നാല്‍ അവര്‍ക്കു കരുണ ലഭിക്കും.'(മത്താ 5:7). ഈ തിരുവചനങ്ങളിലൂടെെയല്ലാം നാം മനസ്സിലാക്കേണ്ടത് ദൈവകരുണ നമുക്കു ലഭിക്കണമെങ്കില്‍ നാം മറ്റുള്ളവരോടും കരുണ കാണിക്കണ മെന്നതാണ്. ഭൂമുഖത്തെ സകല മനുഷ്യരും ദൈവത്തിന്റെ കരുണയും സ്‌നേഹവും അനുഭവിച്ചറിയണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ദൈവത്തിന്റെ കരുണയും സ്‌നേഹവും ആവശ്യമില്ലെന്ന് മനുഷ്യന്‍ പ്രഖ്യാപിക്കുമ്പോഴും ദൈവത്തിന്റെ കരുണ നമ്മെ പിന്തുടരുന്നു. അതൊരു സ്വഭാവവിശേഷമായി നമ്മെ അനുനിമിഷം അനുഗമിക്കുന്നു. ധൂര്‍ത്തപുത്രന്റെ ഉപമയിലും, നല്ല സമറിയാക്കാരന്റെ ഉപമയിലും ദൈവത്തിന്റെ കരുണയാണ് വെളിപ്പെടുന്നത്.

'ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്' എന്ന് ഈശോ വെളിപ്പെടുത്തുന്നുണ്ട്. വി.ഫൗസ്റ്റീന വഴി യേശു ഈ ലോകത്തിന് പല മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. അതില്‍ പ്രധാനം ഇതാണ്; 'നീതിയുള്ള ന്യായാധിപനായി വരുന്നതിനു മുമ്പ് ഞാന്‍ ആദ്യം എന്റെ കരുണയുടെ കവാടം മലര്‍ക്കെ തുറക്കുന്നു, കരുണയുടെ കവാടത്തിലൂടെ പ്രവേശിക്കുവാന്‍ വിസമ്മതിക്കുന്നവര്‍ എന്റെ നീതിയുടെ വാതിലിലൂടെ കടന്നു പോകേണ്ടി വരും.' ഈ കരുണയുടെ വര്‍ഷത്തില്‍, ദൈവത്തിന്റെ ആഴമായ കരുണയില്‍ നമുക്കാശ്രയിക്കാം. നമ്മുടെ ഹൃദയങ്ങളില്‍ ആഴമായ അനുതാപവും നമ്മുടെ അനുദിന ജീവിതത്തില്‍ മറ്റുള്ളവരോട് ആഴമായ കരുണയും ഉണ്ടാകുവാനായി നമുക്കു ആഗ്രഹിക്കാം, അതിനായി പ്രാര്‍ത്ഥിക്കാം.

ഈശോയുടെ അതിദാരുണമായ പീഢാസഹനങ്ങളെക്കുറിച്ച് പിതാവേ ഞങ്ങളുടെയും ലോകം മുഴുവന്റെയും മേല്‍ കരുണയായിരിക്കേണമെ.

636 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161713