കാലടിപ്പാടുകള്‍
മോബിന ബേബി

മനുഷ്യമസ്തിഷ്‌ക്കത്തിനു ഇന്നും പിടിതരാതെ മറഞ്ഞിരിക്കുന്ന മഹാസമസ്യയുടെ പ്രയാണമാണ് നമ്മുടെ ജീവിതം. ജനനമെന്ന പോര്‍മുഖത്തുനിന്നും കാലചക്രത്തിന്റെ തേരിലേറി മരണത്തിന്റെ തുറമുഖത്തേക്കു പാഞ്ഞടുക്കുമ്പോള്‍, ഈ ലോകജീവിതത്തീരത്ത് നമ്മുടെ നന്മയുടെ കാല്‍പ്പാടുകള്‍ പതിപ്പിക്കാന്‍ നമുക്കു സാധിക്കുമ്പോഴാണ് ജീവിതം ദൈവമഹത്വം ഉദ്‌ഘോഷിക്കുന്നതായി മാറുന്നത്. നമുക്കു പുറകെ കടന്നുവരുന്ന തലമുറയ്ക്ക് ക്രിസ്തുചാരേക്ക് വഴികാട്ടുന്നവയാകണം നമ്മുടെ കാലടികള്‍.

വി. മത്തായി 6:19-20ല്‍ യേശുക്രിസ്തു അരുളിചെയ്യുന്നു, 'ഭൂമിയില്‍ നിക്ഷേപം കരുതിവെയ്ക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും; കള്ളന്മാര്‍ തുരന്നു മോഷ്ടിക്കും. എന്നാല്‍, സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കായി നിക്ഷേപങ്ങള്‍ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല; കള്ളന്മാര്‍ മോഷ്ടിക്കുകയില്ല'. 

തിന്നുക, കുടിക്കുക, ആനന്ദിക്കുക . എന്ന കൊളോണിയലിസ്റ്റ് ചിന്താഗതിയുള്ള ധനവാന്റെ ചിത്രം വി.ലൂക്കാ 12-ാം അദ്ധ്യായത്തില്‍ വരച്ചുകാട്ടുന്നുണ്ട്. കളപ്പുരകളില്‍ കൂട്ടിവയ്ക്കുകയും ഭോജനശാലകളില്‍ അര്‍മാദിക്കുകയും ഭൗതീകസമ്പത്തിന്റെ മേനിക്കൊഴുപ്പ് പ്രദര്‍ശിപ്പിക്കുകയും ചെയ്ത് ജീവിതം ആഘോഷിക്കുന്നവരോട് വിശുദ്ധ ഗ്രന്ഥം ചോദിക്കുന്നു, നിന്റെ ആത്മാവിനെ അതിന്റെ ഉടയവന്‍ ഈ നിമിഷം തിരിച്ചെടുത്താല്‍ നീ എന്തു ചെയ്യും? ഈ ലോകം മുഴുവനും നേടിയിട്ടും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ എന്തുപ്രയോജനം?

ആകയാല്‍ (സഭാപ്രസംഗകന്‍ 12:1) ജ്ഞാനികളില്‍ ജ്ഞാനിയായ സോളമന്‍ നമ്മോട് ആഹ്വാനം ചെയ്യുന്നു. ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കും മുമ്പ് യൗവനകാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക. സൂര്യനും പ്രകാശവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകും; വൃഷ്ടി കഴിഞ്ഞ് മറഞ്ഞമേഘങ്ങള്‍ വീണ്ടും വരും.

നാഗരീകതയുടെ മട്ടുപ്പാവില്‍നിന്നും ലാളിത്യത്തിന്റെ മണ്ണിലേക്കിറങ്ങിവന്നു സഹജീവികള്‍ക്കുകൂടി പ്രയോജനമാകേണ്ട ഈ മനുഷ്യായുസ്സിനെ സ്വാര്‍ത്ഥതയുടെയും അഹങ്കാരത്തിന്റെയും ദ്രവ്യാഗ്രഹത്തിന്റെയും ചങ്ങലക്കെട്ടുകളില്‍നിന്നും മോചിപ്പിക്കേണ്ടതുണ്ട്. പകരം സഹനത്തിന്റെയും വിനയത്തിന്റെയും വിട്ടുകൊടുക്കലിന്റെയും കുരിശെടുത്ത് ക്രിസ്തുവിനെ അനുഗമിക്കേണ്ടതുണ്ട്. ബാങ്ക് ബാലന്‍സിന്റെ കനവും മണിമാളികയുടെ വിസ്താരവും ആഡംബരവാഹനങ്ങളുടെ എണ്ണവും അല്ല ന്യായവിധിയുടെ നാളില്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള പാസ്സ് തരുന്നതെന്നും വഴിപാടുകളുടേയും നേര്‍ച്ചകളുടേയും കൈക്കൂലികൊണ്ട് സ്വര്‍ഗ്ഗകവാടം തുറക്കാനാവില്ലെന്നും തിരിച്ചറിവുണ്ടാകുവാന്‍ വൈകേണ്ടതില്ല. തന്നെപ്പോലെ തന്റെ അയല്‍ക്കാരനെയും ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലതയും തന്റെ കണ്ണില്‍ കോലിരിക്കുമ്പോള്‍ അപരന്റെ കണ്ണിലെ കരടെടുക്കാനുള്ള വിവേകവും കാണപ്പെടുന്ന സഹോദരനെ വെറുക്കുകയും കാണപ്പെടാത്ത ദൈവത്തെ പുകഴ്ത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കാനുള്ള പരിശ്രമവും ഒത്തുചേരുമ്പോഴാണ് ഹ്രസ്വമായ ഇഹലോകജീവിതം ധന്യമാക്കാന്‍ സാധിക്കുന്നത്.

പ്രവാസജീവിതം നയിക്കുന്ന നാമോരോരുത്തരും അദ്ധ്വാനിക്കുന്നതും മിച്ചംപിടിക്കുന്നതും ജന്മനാട്ടില്‍ സുഖപ്രദവും സൗകര്യപൂര്‍വ്വവുമായി ജീവിക്കുന്നതിനുമുള്ള ധനസമ്പാദനത്തിനുവേണ്ടിയാണ്. അതിനായ് ഏതുജോലി സ്വീകരിക്കാനും എത്രനേരം വേണമെങ്കിലും കഷ്ടപ്പെടാനും എന്തു വിട്ടുവീഴ്ച്ചകള്‍ ചെയ്യാനും ഒരുക്കവുമാണ്. എന്നാല്‍, ഈ ഭൂമിയിലെ പ്രവാസികളാണ് നാം ഓരോരുത്തരും.  ദൈവം നമ്മുടെ ജീവിതവിസ ക്യാന്‍സല്‍  ചെയ്ത് മരണമെന്ന ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കു ചെയ്യുന്ന നിമിഷം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ആയതിനാല്‍, നീ പറുദീസായിലേക്കുള്ള സമ്പാദനം ആരംഭിക്കുവാന്‍ അമാന്തം കാട്ടരുത്. അതിനുവേണ്ടി ത്യാഗങ്ങളും നഷ്ടങ്ങളും സഹിക്കുക. ശകാരങ്ങളില്‍ സംയമനം പാലിക്കുക. സഭയ്ക്കും സമൂഹത്തിനും സത്പ്രവര്‍ത്തികള്‍ ചെയ്യുക.

ഒരുപക്ഷെ യേശുവിനെ രുചിച്ചറിയുവാനും അവന്റെ രക്ഷയുടെ സുവിശേഷം അനുഭവിക്കുവാനും അവസരം ലഭിക്കാത്ത, അതു പ്രയോജനപ്പെടുത്താത്ത അനേകം ആത്മാക്കള്‍ നമുക്കുമുമ്പേ കടന്നുപോയിട്ടുണ്ടാകാം. ശുദ്ധീകരണസ്ഥലത്തുനിന്നും പശ്ചാത്താപത്തിന്റെ തേങ്ങലുകള്‍ ഉയരുന്നുണ്ടാകാം. നിഷ്ഫലമാക്കിക്കളഞ്ഞ ജീവിതത്തെപ്രതി വിലപിക്കുന്നുണ്ടാകാം. അവര്‍ക്കായി നമുക്ക് ചെയ്യാന്‍ സാധിക്കുക നമ്മുടെ പ്രാര്‍ത്ഥനകളില്‍ അവരെയും ഓര്‍ക്കുക എന്ന ദിവ്യ ഔഷധം മാത്രമാണ്. അറിഞ്ഞും അറിയാതെയും അവര്‍ ചെയ്തിട്ടുള്ള പാപങ്ങള്‍ക്കായി സര്‍വ്വശക്തനോട് അപേക്ഷിക്കുക. ജീവന്റെ പുസ്തകത്തില്‍ അവരുടെ നാമവും ചേര്‍ക്കപ്പെടുവാന്‍ പ്രാര്‍ത്ഥിക്കേണ്ടത് ജീവനുള്ള നമ്മുടെ കര്‍ത്തവ്യമാണ്. അതോടൊപ്പം നിത്യാഗ്നിക്ക് അര്‍ഹരാകാതെ പറുദീസയിലേക്കുള്ള പ്രവേശനം സാധ്യമാക്കുന്ന പ്രവൃത്തികള്‍ പരിശീലിക്കുക. ക്രിസ്തുവിന്റെ വേലക്കാരാവുക. നീര്‍ക്കുമിളകളാകുന്ന ലോകമോഹങ്ങളുടെ പുറകെ പോകാതെ കര്‍ത്താവിന്റെ അനുയായികളാവുക. വിശുദ്ധ പൗലോസ് അപ്പസ്‌തോലനെപ്പോലെ, ആത്മവിശ്വാസത്തോടെ മരണത്തെ ലാഭകരമായി കാണുക. ഇപ്രകാരം ഏറ്റുപറയുക, ഞാന്‍ നല്ല പോര്‍ പൊരുതി ഓട്ടം തികച്ചു. വിശ്വാസം കാത്തു. നീതിയുടെ കിരീടം എനിക്കായ് കാത്തുവച്ചിരിക്കുന്ന ഈ കാലടികള്‍ നമുക്കും പിന്തുടരാം.

380 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161709