അലസതയുടെ കൂടാരം വിട്ടിറങ്ങാം... പ്രാര്‍ത്ഥനയുടെ അരൂപിയില്‍ അലിയാം...
ജിയോ ജോണി

തിരുസഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളോട് ചേര്‍ന്നു നിന്നുകൊണ്ട് അനേകരിലേയ്ക്ക് ക്രിസ്തുവിന്റെ സ്‌നേഹം പകര്‍ന്നു നല്‍കി ജീസസ് യൂത്ത് മുന്നേറ്റം ഇന്ന് അനേകം ജീവിതങ്ങള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍ നല്‍കുകയാണ്. ആത്മീയ ഭൗതിക ജീവിത മേഖലകളില്‍ അനേകം പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും ലോകരക്ഷകനായ ക്രിസ്തുവില്‍ മാത്രമാണ് ഏക ആശ്രയം എന്ന തിരിച്ചറിവില്‍ ഓരോ ജീസസ് യൂത്തും സധൈര്യം മുന്നേറുന്നു.

പ്രാര്‍ത്ഥനയില്‍ അടിയുറച്ച പ്രവര്‍ത്തന ശൈലിയാണ് ജീസസ് യൂത്ത് മുന്നേറ്റത്തെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. 'എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും.' (ജെറമിയ 33:3) ജീവിതത്തിന്റെ ഏതവസ്ഥയിലൂടെ കടന്നു പോയാലും ദൈവസന്നിധിയിലേയ്ക്ക് നമ്മുടെ കരങ്ങള്‍ ഉയര്‍ത്തുമ്പോള്‍ അവിടുന്ന് നമുക്ക് ഉത്തരം നല്‍കുമെന്നുള്ള ഉറപ്പ് ഈ തിരുവചനം നമുക്ക് നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെയൊക്കെ ജീവിതത്തില്‍ അനുദിനമുള്ള പ്രാര്‍ത്ഥനയ്ക്ക് വലിയൊരു പ്രാധാന്യം ഉണ്ട്. ജീവിതത്തെ പൂര്‍ണ്ണമായും ദൈവത്തിന് വിട്ടുകൊടുത്തുകൊണ്ട്,  ദൈവഹിതത്തിനു പൂര്‍ണ്ണമായും കീഴ്‌വഴങ്ങുവാന്‍ ഒരുക്കുന്ന ജീസസ് യൂത്ത് അനുദിന പ്രാര്‍ത്ഥന ഇന്ന് അനേകരില്‍ ക്രിസ്തുസ്‌നേഹത്തിന്റെ മാധുര്യം അനവരതം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. മുന്നേറ്റത്തിലെ അംഗങ്ങളുടെ അനേകം നാളുകളിലെ നിരന്തരമായ പ്രാര്‍ത്ഥനയുടെ പിന്‍ബലത്തില്‍ പരിശുദ്ധാത്മ നിറവില്‍ ഒരുക്കപ്പെട്ട ഈ പ്രാര്‍ത്ഥന ഇന്ന്, ഓരോ പ്രഭാതത്തിലും പുതിയ സ്‌നേഹം പകരുന്ന ദൈവത്തിന്റെ ചിറകിന്‍കീഴില്‍ നമ്മെയൊക്കെ നയിച്ചുകൊണ്ടിരിക്കുന്നു. 

ഹൃദയങ്ങളെ ഒരോ നിമിഷവും തൊട്ടുണര്‍ത്തുന്ന വ്യത്യസ്ത തലങ്ങളിലൂടെയാണ് ഈ അനുദിന പ്രാര്‍ത്ഥന നമ്മെ കൊണ്ടുപോകുന്നത്. നിശബ്ദതയുടെ ആഴങ്ങളില്‍ ദൈവപിതാവിന്റെ സന്നിധിയില്‍ ചിലവഴിക്കുന്ന അമൂല്യ നിമിഷങ്ങളാണ് ഓരോ ദിനവും ഈ പ്രാര്‍ത്ഥന നമുക്ക് സമ്മാനിക്കുന്നത്. സ്വര്‍ഗ്ഗസ്ഥനായ പിതാവിനോട് പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ച ക്രിസ്തുനാഥന്റെ കൂടെ ആയിരുന്നുകൊണ്ടാണ് അനുദിന പ്രാര്‍ത്ഥന ആരംഭിക്കുന്നത്. ജീവിതത്തില്‍ നല്‍കപ്പെട്ട അളവില്ലാത്ത അനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ദൈവസന്നിധിയില്‍ ആയിരിക്കുന്ന നിമിഷങ്ങളില്‍ അതിയായ ദൈവിക സന്തോഷം ഉള്ളില്‍ നിറയുന്നത് അനുഭവിക്കുവാന്‍ കഴിയുന്നതിനേക്കാള്‍ വലിയ ഭാഗ്യം വേറെയുണ്ടാവില്ല.

നമ്മുടേതുമാത്രമായ ലോകത്തിന്റെ ചിന്തകളെല്ലാം വിട്ട് കരുണാമയന്റെ ചാരെ ആയിരുന്നുകൊണ്ട് ഹൃദയങ്ങളെ പരിശോധിക്കുമ്പോള്‍ പൂര്‍ണ്ണമായ അനുതാപത്തിലേയ്ക്ക് കടന്നു വരുവാന്‍ നമുക്ക് കഴിയും. പ്രതിസന്ധി ഘട്ടങ്ങളില്‍ ജീവിതത്തോണി ആടിയുലയുമ്പോള്‍, ഭയപ്പാടിന്റെ തിരമാലകള്‍ ആര്‍ത്തിരമ്പുമ്പോള്‍ ഉള്ളവും ഉള്ളതുമെല്ലാം അറിയുന്നവന്റെ ചാരെ വിചാരങ്ങളേയും വികാരങ്ങളേയും പൂര്‍ണ്ണമായും വിട്ടുകൊടുക്കുവാന്‍ നമുക്ക് കഴിയണം. അപ്പോള്‍ പടവില്‍ അവനുള്ളത് തിരിച്ചറിയാന്‍ നമുക്ക് കഴിയും. പിന്നീടങ്ങോട്ട് ആ തോണിയുടെ നിയന്ത്രണം പൂര്‍ണ്ണമായും അവനു വിട്ടുകൊടുക്കുമ്പോള്‍ പ്രത്യശയുടെ തീരത്തിലേയ്ക്ക് തുഴഞ്ഞെത്തുവാന്‍ നമുക്ക് കഴിയും...

റോമാക്കാര്‍ക്കെഴുതിയ ലേഖനം 8ാം അദ്ധ്യായം 26ാം തിരുവചനം ഇങ്ങനെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 'വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ.  എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നു.' നമ്മുടെ ബലഹീനതകളില്‍, ഇല്ലായ്മകളില്‍ നമുക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്ന പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം ജീസസ് യൂത്ത് അനുദിന പ്രാര്‍ത്ഥനയില്‍ ഉടനീളം അനുഭവിക്കുവാന്‍ നമുക്കെല്ലാവര്‍ക്കും കഴിയുന്നുണ്ട്. നിശബ്തതയുടെ ആഴങ്ങളില്‍, അലസതയുടടെ കൂടാരം വിട്ടിറങ്ങി പ്രാര്‍ത്ഥനയുടെ അരൂപിയില്‍ ആയിരിക്കുമ്പോള്‍ ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ ആത്മാര്‍ത്ഥതയോടെ ചെയ്യുവാന്‍ നമ്മെ ശക്തിപ്പെടുത്തുന്ന ദൈവകരുണ നമ്മില്‍ നിറയുന്നത് നമുക്ക് അനുഭവവേദ്യമാകും. ലോകത്തിന്റെ മോഹങ്ങള്‍ മാടിവിളിക്കുമ്പോഴും ദൈവത്തിന്റെ സ്‌നേഹ വലയത്തില്‍ ആയിരുന്നുകൊണ്ട് അവയോടൊക്കെ എനിക്കൊരു ക്രിസ്തുവുണ്ട് എന്നു സധൈര്യം പറയുവാന്‍ കഴിയുക എത്ര മഹത്തായ അനുഗ്രഹമാണ്.

നമ്മുടെ കൊച്ചു കേരളത്തില്‍ പരിശുദ്ധാത്മ നിറവില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് രൂപംകൊണ്ട് ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അനേകം ജീവിതങ്ങളെ ജീസസ് യൂത്ത് മുന്നേറ്റം കൈപിടിച്ചുയര്‍ത്തുന്നു. ലോകത്തിന്റെ ഏതു കോണില്‍ ആയിരുന്നാലും അവരെയൊക്കെ ഒരു കുടുംബമായി ഒരു മനസ്സായി ഒരുമിച്ചു കോര്‍ത്തിണക്കുന്ന ഈ പ്രാര്‍ത്ഥന ദൈവത്തിന്റെ അമൂല്യ സമ്മാനമാണെന്നതില്‍ നമുക്ക് സന്തോഷിക്കാം. സെഹിയോന്‍ ശാലയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ശിഷ്യഗണത്തിന്റെ മേല്‍ ആവസിച്ച അതേ പരിശുദ്ധാത്മാവിന്റെ നിറവില്‍, കൂടെ നടക്കുന്ന ക്രിസ്തുവിനെ ഉള്ളുതുറന്നു സ്‌നേഹിച്ചുകൊണ്ട്, അവന്റെ സ്‌നേഹത്തിന്റെ സുവിശേഷവുമായി അനേകരിലേയ്ക്ക് കടന്നുചെല്ലുവാനുള്ള കൃപയ്ക്കായി വിരിച്ച കരങ്ങളോടെ ഒരേ മനസ്സായി നമുക്ക് പ്രാര്‍ത്ഥിക്കാം..

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...

320 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 160801