രക്ഷാകവചം...
ജെറിന്‍ രാജ്

തോറ്റുപോകുമെന്നുറപ്പായ രാത്രിയില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി വിഷാദിച്ച് പുറത്തിരിക്കുകയായിരുന്നു. പെട്ടെന്ന് ആകാശത്ത് കുരിശടയാളം പ്രത്യക്ഷപ്പെ- ടുകയും നീ ഈ അടയാളത്തില്‍ വിജയിക്കപ്പെടും എന്ന് എഴുതപ്പെടുകയും ചെയ്തു. അദ്ദേഹം കണ്ടു. അക്രൈസ്തവനായ കോണ്‍സ്റ്റന്റൈന്‍ ഈ അടയാളം തന്റെ എല്ലാ സൈനീകരുടെയും പടച്ചട്ടയില്‍ തുന്നിച്ചേര്‍ത്തു. തോല്‍ക്കുമെന്ന് ഉറപ്പായിരുന്ന അടുത്ത പ്രഭാതം ഈ കുരിശടയാളം അവര്‍ക്ക് സമ്മാനിച്ചത് തികച്ചും അപ്രതീക്ഷിതമായ വിജയമായിരുന്നു. ഒപ്പം റോമാ സാമ്രാജ്യ- ത്തിന്റെ കെട്ടിപ്പടുക്കലും. അങ്ങിനെ റോമിലെ ആദിമക്രൈസ്തവ സഭ ശക്തിയാര്‍ജ്ജിക്കുവാന്‍ കുരിശെന്ന ഈ രക്ഷാകവചത്തിന് കോണ്‍സ്റ്റന്റൈനിലൂടെ സാധിച്ചു. ഇതില്‍ സന്തോഷവതിയായ അദ്ധേഹത്തിന്റെ അമ്മ ഹെലനാ രാജ്ഞി അ.ഉ.316ല്‍ ക്രിസ്തുവിന്റെ കുരിശ് കണ്ടെടുക്കുകയും ബസലിക്ക സ്ഥാപിക്കു- കയും ചെയ്യുകയുണ്ടായി. ഇതിന്റെ ഓര്‍മ്മയ്ക്കായാണ് തിരുസഭ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ എല്ലാവര്‍ഷവും സെപ്തംബര്‍ 14-ാം തിയതി ആഘോഷിക്കുന്നത്. 

ചെളിയും തുപ്പലും രോഗശാന്തിക്കുള്ള തൈലങ്ങളാക്കിയ എന്റെ കര്‍ത്താവിന് അവഗണനയുടെ അടയാളമായ കുരിശിനെ രക്ഷയുടെ കവചമാക്കി മാറ്റിയതിലും അവിടുത്തേതായ ഉദ്ദേശ്യമുണ്ടായിരുന്നി- രിക്കണം.'വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ അശക്തമായവയെയും. നിലവിലുള്ള നശിപ്പിക്കുവാന്‍ വേണ്ടി ലോകദൃഷ്ട്യാ നിസ്സാരമായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും ദൈവം തിരഞ്ഞെടുത്തു.' (1കോറി 1: 27-28) വിശുദ്ധ ഗ്രന്ഥം ഇപ്രകാരം കൂട്ടിച്ചേര്‍ക്കുന്നു, 'ദൈവ സന്നിധിയില്‍ ആരും അഹങ്കരിക്കാതിരി- ക്കേണ്ടതിനാണ് അവിടുന്ന് ഇപ്രകാരം ചെയ്തത്' (1കോറി 1:29). പരിഹാസത്തിന്റെയും പരാജയത്തിന്റെയും അടയാളത്തെ ദൈവം രക്ഷയുടെ അടയാളമാക്കി മാറ്റി. അങ്ങനെ 'കുരിശ് മനുഷ്യപുത്രന്റെ അടയാളമായി '(മത്താ 24:30) മാറി.

യേശുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ കാണാന്‍ എനിക്ക് ഇടവരാതിരിക്കട്ടെ (ഗലാ 6:14) എന്നു പറയാന്‍ തക്കവിധം അത്രമേല്‍ ശ്രേഷ്ഠമായ ഒന്നായാണ് വിശുദ്ധ പൗലോസ് ശ്ലീഹ വിശുദ്ധ കുരിശിനെ കണ്ടിരുന്നത്. അദ്ദേഹം വീണ്ടും പറയുകയുണ്ടായി, രക്ഷയിലൂടെ ചരിക്കുന്നവര്‍ക്ക് കുരിശിന്റെ വചനം ദൈവത്തിന്റെ ശക്തിയാണെന്ന് (1കോറി 1:18). കുരിശടയാളത്തില്‍ ശക്തിയുണ്ടെന്നത് സഭയുടെ വിശ്വാസ സത്യമാണ്, അത് തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. ഈ അടയാളത്തിലൂടെ ശത്രുക്കളുടെ മേല്‍ നമുക്ക് വിജയമുണ്ട് എന്ന് സ്വര്‍ഗ്ഗം ലോകത്തെ പഠിപ്പിച്ചത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയിലൂടെ നാം കണ്ടുവല്ലോ!. സഭ ഇപ്രകാരം പഠിപ്പിക്കുന്നു, വിശുദ്ധ കുരിശിന്റെ അടയാളത്തിലൂടെ നാം ദൈവത്തിന്റെ സംരക്ഷണത്താല്‍ വലയം ചെയ്യപ്പെടുന്നു. ദിവസത്തിന്റെ ആരംഭത്തിലും പ്രാര്‍ത്ഥനയുടെ ആരംഭത്തിലും മാത്രമല്ല സുപ്രധാന സംരംഭങ്ങളുടെ ആരംഭത്തിലും ക്രൈസ്തവര്‍ തന്റെമേല്‍ കുരിശടയാളം വരയ്ക്കണം. അങ്ങനെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ നമ്മുടെ കാര്യങ്ങള്‍ തുടങ്ങണം. നാം എല്ലാ വശത്തും ദൈവശക്തിയാല്‍ ചുറ്റപ്പെടുന്നു. പേരുചൊല്ലി അവിടുത്തെ നാമം വിളിക്കുമ്പോള്‍ നാം തുടങ്ങാന്‍ പോകുന്ന ഓരോ കാര്യങ്ങളുടെ മേലും അവിടുത്തെ അത്ഭുതശക്തി വന്ന് അവ വിശുദ്ധീകരിക്കപ്പെടുന്നു. അങ്ങനെ ഈ അടയാളം വഴി ദൈവാനുഗ്രഹം നമ്മുടെ മേല്‍ പ്രവേശിക്കുന്നു. പ്രലോഭനത്തില്‍ ശക്തിയും സാത്താനുമായുള്ള പോരാട്ടത്തില്‍ വിജയവും ഈ അടയാളം വഴി നമുക്ക് ലഭിക്കുന്നു. (യുകാറ്റ് 360).

'ഇതുവരെ ജനിച്ചതും ഇനി ജനിക്കാനിരി ക്കുന്നതുമായ സകല മനുഷ്യരുടേയും പാപത്തിന്റെ വിലകൊടുത്ത സ്ഥലമാണ് വിശുദ്ധ കുരിശ്.' (വി.ക്രിസോസ്റ്റം). അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേര്‍ക്കുന്നു. 'ദൈവീകമല്ലാത്ത എല്ലാറ്റിനെയും അടിച്ചമര്‍ത്താന്‍ കുരിശടയാളം ഉപയോഗിച്ചാല്‍ മതി.' 'നമ്മുടെ വ്യക്തിപരമായ രക്ഷയുടെ അടയാളമാണ് കുരിശ്' എന്നാണ് വിശുദ്ധ ബേസില്‍ പറഞ്ഞിരിക്കുന്നത് 'രണ്ടു ദൃഷ്ടികളും മനസ്സും ജീവിതം മുഴുവനും കുരിശിലര്‍പ്പിച്ചാല്‍ ജഡികപാപങ്ങളും സാത്താനും സാത്താന്റെ തന്ത്രങ്ങളും തന്ത്രികളും ദൂരെ ഓടിയകലും' എന്ന് വി.അത്തനേഷ്യസും എഴുതി. ആയതിനാല്‍ വിശുദ്ധ കുരിശിന്റെ അടയാളത്താല്‍ സ്വയം മുദ്രചെയ്യുന്നതിനും, വിശുദ്ധ കുരിശിന്റെ അടയാളം (തിരുസഭ അംഗീകരിച്ചിട്ടുള്ള വെഞ്ചിരിച്ച ക്രൂശിത രൂപങ്ങള്‍ മാത്രം) ധരിക്കുന്നതിനും നാം ലജ്ജിതരാകേണ്ടതില്ല. (ക്രൂശിതരൂപമടക്കം മറ്റൊന്നും ശരീരത്തില്‍ പച്ചകുത്തുന്നത് മേല്‍പറഞ്ഞ പരാമര്‍ശത്തോട് യോജിക്കുന്നതല്ല). നമ്മുടെ നെറ്റിത്തടങ്ങളെ വിരലുകള്‍ക്കൊണ്ട് ആത്മധൈര്യത്തോടെ കുരിശടയാളത്തില്‍ മുദ്രയിടാന്‍ വിശുദ്ധ സിറിലും നമ്മെ ആഹ്വാനം ചെയ്യുന്നു. ക്രൂശിത രൂപത്തിന്‍ ശക്തിയും കുരിശടയാളത്തിന്റെ മഹത്വവും ആഴത്തില്‍ അറിഞ്ഞവരും അനുഭവിച്ചവരുമാണ് സഭയിലെ എല്ലാ വിശുദ്ധരും.

പ്രിയസഹോദരങ്ങളെ, ആദിമ ക്രൈസ്തവരെന്ന പോലെ നമ്മുടെ സഭയും ഇന്ന് ഏറെ പീഢിപ്പിക്കപ്പെടുന്നു. അഗ്നിപരീക്ഷണങ്ങളിലൂടെയാണ് നാം ദിവസേന കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. എല്ലാ ശത്രുക്കളുടെ മേലും വിജയം നല്‍കുന്ന നമ്മുടെ കര്‍ത്താവിന്റെ അടയാളം നമ്മുടെയെല്ലാം കയ്യിലും കഴുത്തിലും ഒക്കെ ഉണ്ടാകാം. ശക്തി തിരിച്ചറിയാതെ വെറുമൊരു ആഭരണം മാത്രമായി വിശുദ്ധ കുരിശിനെ ഇന്ന് പലരും കൊണ്ടുനടക്കുന്നു. തിരിച്ചറിയുക, നീയും ഞാനും അണിഞ്ഞിരിക്കുന്നത് രക്ഷയുടെ കവചമാണ്. ഞാനും നീയും അടങ്ങുന്ന സഭയെ രക്ഷിക്കാന്‍ കെല്‍പ്പുള്ള കവചം. നമുക്ക് വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കാം... ഓ വിശുദ്ധ കുരിശേ, എല്ലാ തിന്മകളില്‍ നിന്നും ഞങ്ങളെ മോചിപ്പിക്കേണമെ... വിശുദ്ധ കുരിശിന്റെ അടയാളത്താലെ ഞങ്ങളുടെ ശത്രുക്കളില്‍ നിന്നും ഞങ്ങളെ രക്ഷിക്ക, ഞങ്ങളുടെ തമ്പുരാനേ... പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍... ആമ്മേന്‍. 

382 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 160801