വി. ജിയാനാ ഫ്രാന്‍സിസ്‌ക്ക ബെറേറ്റാ

ഇറ്റലിയിലെ മഗെന്റ്റായിലാണ് വി. ജിയാനാ ഫ്രാന്‍സിസ്‌ക്ക ബെറേറ്റായുടെ ജനനം. 13 മക്കളുള്ള അവരുടെ കുടുംബത്തിലെ '10-ാമത്തെ കുട്ടിയായിരുന്നു ജിയാനാ.  ജിയാനായ്ക്ക് 3 വയസ്സുള്ളപ്പോള്‍ അവരുടെ കുടുംബം ബെര്‍ഗാമോയിലേക്ക് പലായനം ചെയ്തു.

ഇറ്റലിയിലെ മിലനില്‍ 1942ല്‍ ജിയാനാ തന്റെ വൈദ്യശാസ്ത്ര 'പഠനം ആരംഭിച്ചു. പഠനകാലങ്ങളില്‍തന്നെ പാവപ്പെട്ട രോഗികളെ പരിചരിക്കുന്നതില്‍ ജിയാനാ അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. വൈദ്യശാസ്ത്ര പഠനത്തിനുശേഷം മെസറോയില്‍ ചെറിയ ക്ലിനിക് തുടങ്ങി. മിഷണറി വൈദീകനായ തന്റെ സഹോദരന്റെ കൂടെ ബ്രസീലില്‍ പാവപ്പെട്ട സ്ത്രീകള്‍ക്കായി സേവനം ചെയ്യുവാന്‍ അതിയായി ആഗ്രഹിച്ചു.എന്നാല്‍, വിശുദ്ധയുടെ അനാരോഗ്യം അതിനു സമ്മതിച്ചില്ല.

1955 ല്‍ ജിയാനാ കുടുംബജീവിതം ആരംഭിച്ചു. എഞ്ചിനീയറായ പിട്ട്‌റോമോളയെയാണ് വിവാഹം ചെയ്തത്.  ഈ ദമ്പതികള്‍ക്ക് 1956ല്‍ പിര്‍ലുഗിയും, 1957 ല്‍ മരിയ സിറ്റായും 1959ല്‍ 'ലോറയും ജനിച്ചു. അതിനു ശേഷം രണ്ട് തവണ ഗര്‍ഭം ധരിച്ചുവെങ്കിലും ഗര്‍ഭസ്ഥശിശുക്കള്‍ ജിയാനായുടെ ഉദരത്തില്‍ വച്ചു തന്നെ മരണപ്പെട്ടു. പിന്നീട് 1961ല്‍ ജിയാനാ വീണ്ടും ഗര്‍ഭം ധരിച്ചു. അതിന്റെ 2-ാം മാസം ജിയാനായുടെ ഗര്‍ഭപാത്രത്തില്‍ ഒരു മുഴ രൂപപ്പെട്ടു. ഈ മുഴ ജിയാനായുടെ ജീവന്‍ നഷ്ടമാക്കും എന്ന് മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ പരിശോധനകള്‍ക്ക് ശേഷം വിശുദ്ധയ്ക്ക് മൂന്ന് വഴികള്‍ പറഞ്ഞുകൊടുത്തു.

ഒന്ന്  : ഭ്രൂണഹത്യ, അതു വഴി ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന്‍ നഷ്ടമാക്കുക.

രണ്ട്  : ഗര്‍ഭപാത്രം പൂര്‍ണ്ണമായി നീക്കം ചെയ്യല്‍.

മൂന്ന് : ഗര്‍ഭപാത്രത്തില്‍ നിന്നും മുഴ മാത്രം നീക്കം ചെയ്യല്‍.

തനിക്ക് എന്ത് സംഭവിച്ചാലും സാരമില്ല തന്റെ കുഞ്ഞിന്റെ ജീവന് ഒന്നും സംഭവിക്കരുത് എന്ന് ജിയാനാ ഡോക്ടര്‍മാരോട് പറഞ്ഞു. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അതു തന്റെ ജീവനെ ഹനിക്കുമെന്ന് വിശുദ്ധയ്ക്ക് അറിവുണ്ടായിരുന്നു, വളരെയേറെ ആരോഗ്യപരമായ ബുദ്ധിമുട്ടുകളിലൂടെ വിശുദ്ധയ്ക്ക് കടന്നുപോകേണ്ടിവന്നു. എന്നാലും തന്റെ ജീവന്‍ പോയാലും തന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണമെന്നുള്ള തീരുമാനത്തില്‍ ഉറച്ചുനിന്നു.

1962 ഏപ്രില്‍ 21-ാം തീയതി ഒരു ദു:ഖവെള്ളിയാഴ്ച ദിവസം ജിയാനായെ ആശുപത്രിയില്‍ 'പ്രവേശിപ്പിച്ചു. ശസ്ത്രക്രിയവഴി കുഞ്ഞിന് ജന്മം കൊടുത്തു. അതേ തുടര്‍ന്ന് കലശലായ വേദനയിലൂടെ 'വിശുദ്ധ കടന്നുപോയി. കുഞ്ഞിന് ജന്മം നല്കിയതിന്റെ ഏഴാം ദിവസം ജിയാനാ ഈ ലോകത്തോട് വിട 'പറഞ്ഞു. അമ്മയുടെ ഓര്‍മ്മയ്ക്കായി കുഞ്ഞിന് ജിയാനാ ഇമ്മാനുവേല്‍ എന്ന പേര് നല്‍കി.

വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2004 മെയ്,16ന് ജിയാനായെ വിശുദ്ധരുടെ പദവിയിലേക്ക്  ഉയര്‍ത്തി. ആ ചടങ്ങില്‍ മാര്‍പാപ്പ ജിയാനയെ വിശേഷപ്പെടുത്തിയത് 'ദൈവസ്‌നേഹത്തിന്റെ വാഹക 'എന്നാണ്. ഭര്‍ത്താവായ പിട്ട്‌റോയും നാലാമത്തെ മകള്‍ ജിയാനയും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

പ്രാര്‍ത്ഥന:

യേശുവേ ഞാന്‍ എന്നെത്തന്നെ അങ്ങേയ്ക്ക് പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നു. അങ്ങയുടെ 'തിരുഹിതം നിറവേറ്റാന്‍ എന്നെ യോഗ്യയാക്കണമേ, എന്റെ ഏറ്റവും സ്‌നേഹമുള്ള ഈശോയെ, അളവില്ലാത്ത കരുണയുടെ ഉറവിടമേ, ആത്മാക്കളുടെ പിതാവേ, ദു:ഖിതരുടെ ആശ്രയമേ, ബലഹീനരായ ഞങ്ങളെ ആണികളാല്‍ മുറിവേല്‍പ്പിക്കപ്പെട്ട അങ്ങയുടെ കൈകളില്‍ പൊതിഞ്ഞുപരിപാലിക്കണമേ. പിതാവേ ഞാന്‍ അങ്ങയുടെ പക്കലേയ്ക്ക് അണയുന്നു. അങ്ങയുടെ തിരുഹൃദയത്തില്‍ നിന്നും ഒഴുകുന്ന അളവറ്റ സ്‌നേഹത്താലും നന്മയാലും എന്നെ പൊതിയണമേ. സദാ അങ്ങയുടെ പരിപാലനയിലായിരിക്കുവാനും, അവസാനം 'അങ്ങയുടെ നിത്യസ്‌നേഹത്തില്‍ അലിഞ്ഞുചേരുവാനും എന്നെ യോഗ്യയാക്കണമേ.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161710