വി.ആന്റണിമരിയ സക്കറിയാ ( 1502-1539)

ഇറ്റലിയിലെ ക്രെമോണായില്‍ 1502-ലാണ് ആന്റണി ജനിച്ചത്. 18-ാമത്തെ വയസ്സില്‍ വിധവയായ അമ്മ മകന്റെ വിദ്യാഭ്യാസത്തില്‍ അതീവ ശ്രദ്ധചെലുത്തി. 22-ാമത്തെ വയസ്സില്‍ ഒരു ഭിഷഗ്വരപരീക്ഷ ജയിച്ച് ദരിദ്രരുടെ ഇടയില്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സമര്‍പ്പിതജീവിതത്തോട് ആഭിമുഖ്യമുളവായി. ഭാവിയില്‍ ലഭ്യമാകാമായിരുന്ന എല്ലാ ആനുകൂല്യങ്ങളും പരിത്യജിച്ചുകൊണ്ട് മതാദ്ധ്യാപകനായി ജോലിചെയ്തു. 26-ാമത്തെ വയസ്സില്‍ വൈദികനായി.

  താമസിയാതെ ആന്റണി മിലാനിലേക്ക് പോയി. ലൂഥറിന്റെ മതവിപ്ലവം ശക്തിപ്പെട്ടിരുന്ന കാലമായിരുന്നു അത്. തന്നിമിത്തം വൈദികരുടെയും സന്ന്യസ്തരുടെയും ജീവിതനവീകരണം ലക്ഷ്യം വച്ചുകൊണ്ട് പുരുഷന്‍മാരുടെയും സ്ത്രീകളുടെയും ഓരോസഭയ്ക്കു പ്രാരംഭമിട്ടു.

  വി.പൗലോസിന്റെ ചൈതന്യം സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന വി.ബര്‍ണാബാസിന്റെ നാമത്തില്‍ പുരുഷന്‍മാര്‍ക്കായി ഫാ.ആന്റണി സ്ഥാപിച്ച സമൂഹം ബര്‍ബൈറ്റ്‌സ് എന്നറിയപ്പെടുന്നു. ദൈവാലയത്തിലും തെരുവീഥികളിലും ഉജ്ജ്വലമായ പ്രസംഗങ്ങളാണ് അദ്ദേഹം നടത്തിയിരുന്നത്. പരസ്യപ്രായശ്ചിത്തങ്ങളനുഷ്ഠിക്കാനും ഫാ.ആന്റണി തയ്യാറായി.

  അത്മായരുടെ സഹകരണത്തോടുകൂടി അടുക്കലടുക്കലുള്ള ദിവ്യകാരുണ്യ സ്വീകരണം, 40 മണി ആരാധന മുതലായകാര്യങ്ങള്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ശത്രുക്കള്‍ അദ്ദേഹത്തിന്റെ രണ്ടുസഭകളെയും കുറ്റപ്പെടുത്തിയതിനാല്‍ അവ രണ്ടും രണ്ടുപ്രാവശ്യം ഔദ്യോഗികപരിശോധനയ്ക്ക് വിധേയമാക്കി. രണ്ടുപ്രാവശ്യവും അവ കുറ്റരഹിതമെന്ന് തെളിഞ്ഞു.

  മിലാന്റെ അപ്പസ്‌തോലനായി ഫാ.ആന്റണി അറിയപ്പെട്ടിരുന്നു. ഒരു കുരിശുരൂപം കൈയിലേന്തി കര്‍ത്താവിന്റെ പീഡാനുഭവത്തെപ്പറ്റിയും അനുതാപത്തിന്റെ ആവശ്യകതയെപ്പറ്റിയും തെരുവീഥികളില്‍ ചുറ്റിനടന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു. ആഞ്ചെലിക്കന്‍സ് ഓഫ് സെന്റ്‌പോള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സന്യാസിനീ വിഭാഗം സ്ത്രീകളുടെ സാന്മാര്‍ഗിക നിലവാരം ഉയര്‍ത്താന്‍വേണ്ടി അത്യദ്ധ്വാനം ചെയ്തിരുന്നു.

  1539-ല്‍ ഒരു ധ്യാനപ്രസംഗത്തിനിടയില്‍ രോഗിയായിത്തീര്‍ന്ന ഫാ.ആന്റണിയെ ക്രമോണായിലുള്ള ഭവനത്തിലെത്തിച്ചു. അവിടെ അമ്മയുടെ പരിചരണം സ്വീകരിച്ച് 36-ാമത്തെ വയസ്സില്‍ അദ്ദേഹം ദിവംഗതനായി. 1897-ല്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161710