മ്യൂറോയിലെ വി. ജരാര്‍ദ് മജെല്ലാ

1726-ല്‍ ഇറ്റലിയിലെ മ്യൂറോയില്‍ വി. ജരാര്‍ദ് ജനിച്ചു. അദ്ദേഹത്തിന്റെ ചെറുപ്പകാലം വളരെ ദാരിദ്ര്യം നിറഞ്ഞതായിരുന്നു. അതിനാല്‍ തന്നെ ദരിദ്രരോടും പാവങ്ങളോടും അദ്ദേഹം വളരെയേറെ കാരുണ്യം കാണിച്ചിരുന്നു. ജരാര്‍ദിന്റെ പിതാവ് ഒരു തയ്യല്‍ക്കാരനായിരുന്നു. അദ്ദേഹത്തിന് 12 വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. അതേ തുടര്‍ന്ന് അമ്മ അദ്ദേഹത്തെ പിതാവിന്റെ സഹോദരന്റെ അടുത്തേയ്ക്ക് തയ്യല്‍ പഠിക്കുവാനായി അയച്ചു. കുറച്ചു വര്‍ഷങ്ങള്‍ തയ്യല്‍ ജോലികളില്‍ വ്യാപ്രതനായിരുന്ന ജരാര്‍ദ് പിന്നീട് ലാസിഡോനിയയുടെ മെത്രാന്റെ സഹായിയായി ജോലിനോക്കി. ജോലിയില്‍ നിന്നും കിട്ടിയിരുന്ന വേദനത്തില്‍ നിന്നും പകുതി തന്റെ കുടുംബത്തിനും മറ്റെപകുതി മ്യൂറോയിലെ പാവപ്പെട്ടജനങ്ങള്‍ക്കുമായി നല്കിയിരുന്നു. വര്‍ഷങ്ങള്‍ കഴിയും തോറും തുടര്‍ച്ചയായ ഉപവാസത്താല്‍ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചു കൊണ്ടിരുന്നു.

ഒരു വൈദികനാകണമെന്ന ആഗ്രഹത്താല്‍ മ്യൂറോയിലുള്ള കപ്പൂച്ചിന്‍ ആശ്രമത്തെ രണ്ടു തവണ സമീപിച്ചു, എന്നാല്‍ രണ്ടു തവണയും ആശ്രമാധികാരികള്‍ ജരാര്‍ദിനെ തിരിച്ചയച്ചു. ആശ്രമത്തിന്റെ കഠിനമായ ജീവിതശൈലികളുമായി അദ്ദേഹത്തിന് പൊരുത്തപ്പെട്ടു പോകാന്‍ കഴിയില്ലെന്നായിരുന്നു അവരുടെ മറുപടി. എന്നാല്‍ ഈ മറുപടികളൊന്നും ജരാര്‍ദിന്റെ ആഗ്രഹത്തെ ബലഹീനമാക്കിയില്ല. ദൈവസ്‌നേഹത്താല്‍ നിറഞ്ഞ ജരാര്‍ദില്‍ തന്റെ ആഗ്രഹം തീക്ഷണമായി കത്തിജ്വലിച്ചു കൊണ്ടിരുന്നു. ഒടുവില്‍ 1749, ജരാര്‍ദിന് 23 വയസ്സുള്ളപ്പോള്‍ ദിവ്യരക്ഷ സന്ന്യാസ സമൂഹത്തില്‍ (മോസ്റ്റ് ഹോളി റിഡീമര്‍) അംഗമായി. ഒരു വൈദീകനായിരിക്കെ ജരാര്‍ദ് ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം, വിധേയത്വം എന്നിവയാല്‍ തന്റെ ജീവിതത്തെ ക്രമപ്പെടുത്തി.

അദ്ദേഹം പാവപ്പെട്ടവര്‍ക്കായി തന്റെ അധികസമയവും മാറ്റിവെച്ചു. എവിടെയെല്ലാം തന്റെ സഹായം ആവശ്യമായുണ്ടോ അവിടെയെല്ലാം ഒരു ദൈവദാസനെപ്പോലെ അദ്ദേഹം സന്നിഹിതനായി. പ്രാര്‍ത്ഥനാനിരതനായി ദിവ്യകാരുണ്യസന്നിധിയില്‍ ദീര്‍ഘസമയം ചെലവഴിക്കുകയും കഠിനാദ്ധ്വാനം ചെയ്ത് സമൂഹാംഗങ്ങളെ ശുശ്രൂഷിക്കുകയും ചെയ്ത ജരാര്‍ദിനെ പരിശുദ്ധാത്മാവ് നിരവധി ദാനങ്ങളാല്‍ അഭിഷേചിച്ചു. വ്യക്തിപരമായ ഉപദേശങ്ങളിലൂടെ അദ്ദേഹം അനേകരെ കര്‍ത്താവിങ്കലേയ്ക്കാനയിച്ചു.

നിരന്തരമായ അദ്ധ്വാനത്താല്‍ അദ്ദേഹത്തിന്റെ ആരോഗ്യം വേഗം ക്ഷയിച്ചുകൊണ്ടിരുന്നു. രോഗത്തിന്റെ വേദനകളെല്ലാം കര്‍ത്തൃസ്‌നേഹപ്രേരിതനായി സന്തോഷപൂര്‍വ്വം സഹിക്കുകയും പാപികളുടെ മാനസാന്തരത്തിനായി സമര്‍പ്പിക്കുകയും ചെയ്തു. ദിവ്യകാരുണ്യനാഥനോടുള്ള ഭക്തിയും അടുപ്പവും അത്യഗാധമായിരുന്നു. 'കാരാഗൃഹത്തിലടയ്ക്കപ്പെട്ട എന്റെ ദൈവം' എന്നാണ് സക്രാരിയിലെ ഈശോയെപ്പറ്റി അദ്ദേഹം പറഞ്ഞിരുന്നത്. ദിവ്യകാരുണ്യസന്നിധിയില്‍ ദീര്‍ഘസമയം ചെലവഴിച്ചിരുന്ന ജരാര്‍ദ്, ഒരു പിതാവിനോടെന്നപോലെ പലരുടെയും പലവിധ ആവശ്യങ്ങളും ദിവ്യകാരുണ്യനാഥനോട് അപേക്ഷിച്ച് നിറവേറ്റിക്കൊടുത്തു.

ജരാര്‍ദ് വഴി ഒട്ടനവധി അത്ഭുതങ്ങള്‍ ഒരോ വര്‍ഷങ്ങളിലുമായി ദൈവം പ്രവര്‍ത്തിച്ചു. പാവപ്പെട്ട കൃഷിക്കാരന്റെ കൃഷിനശിച്ചപ്പോള്‍ അടുത്ത കൊയ്ത്തുകാലം വരെയുള്ള ധാന്യം നല്കി അനുഗ്രഹിച്ചു. അദ്ദേഹം മരിക്കുന്നതിനുമുന്‍പ് അവസാനം നടന്നതായി രേഖപ്പെടുത്തിയിരിക്കുന്ന ഒരു അത്ഭുതം, ഇതു മുഖാന്തരമാണ് അദ്ദേഹം ഗര്‍ഭിണികളുടെ പാലകനെന്ന് അറിയപ്പെടുന്നത്. ജരാര്‍ദിന്റെ മരണത്തിനു തൊട്ടുമുന്‍പ് അദ്ദേഹം ഒരു കൊച്ചു പെണ്‍കുട്ടിയെ കാണാനിടയായി, വിശുദ്ധന്റെ കൈയ്യിലെ തൂവാല താഴെ വീണു, ആ കുട്ടി അതെടുത്ത് വിശുദ്ധനെ തിരിച്ചേല്പ്പിക്കാന്‍ ചെന്നപ്പോള്‍ അതു കൈയ്യില്‍ തന്നെ സൂക്ഷിച്ചുകൊള്ളുവാന്‍ ആ കുട്ടിയോട് നിര്‍ദേശിച്ചു. പിന്നീട് ജരാര്‍ദിന്റെ മരണത്തിനു വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ആ കുട്ടി വിവാഹിതയാവുകയും, കുഞ്ഞിനെ ഗര്‍ഭം ധരിക്കുകയും ചെയ്തു. എന്നാല്‍ മാസങ്ങള്‍ തികയുന്നതിനു മുന്‍പ് ആ കുട്ടിക്ക് ഗര്‍ഭാരിഷ്ടതകള്‍ അനുഭപ്പെടുകയും കുഞ്ഞ് നഷ്ടപ്പെടുമെന്നു വരെയായി. അപ്പോള്‍ അവള്‍ വിശുദ്ധന്റെ ആ തൂവാല കൈകളിലെടുത്ത് അദ്ദേഹത്തിന്റെ മദ്ധ്യസ്ഥം യാചിച്ചു. അത്ഭുതമെന്നവണ്ണം ആ സ്ത്രീ മാസങ്ങള്‍ തികയുന്നതിനു മുന്‍പു തന്നെ പൂര്‍ണ്ണ ആരോഗ്യമുള്ള ഒരു കുഞ്ഞിനു ജന്മം നല്കി. ആ സ്ത്രീയും പൂര്‍ണ്ണ ആരോഗ്യവതിയായി കാണപ്പെട്ടു. ഈ വാര്‍ത്ത ആ നാട്ടിലെങ്ങും പരന്നു. അതേ തുടര്‍ന്ന് കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളും, കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചിരിക്കുന്ന സ്ത്രീകളും, കുഞ്ഞുങ്ങളുടെ അമ്മമാരുമെല്ലാം വിശുദ്ധന്റെ മദ്ധ്യസ്ഥത്താല്‍ വളരെ അനുഗ്രഹങ്ങള്‍ പ്രാപിച്ചു.

വെറും 5 വര്‍ഷവും 5 മാസവും 18 ദിവസവുമാണ് ദിവ്യരക്ഷകസന്ന്യാസസമൂഹത്തില്‍ ജീവിച്ചത്. ഇതിനിടയില്‍ അത്ഭുതപ്രവര്‍ത്തകന്‍, നല്ല കുമ്പസാരത്തിന്റെ സഹായകന്‍, രോഗികളുടെ ആശ്രയം, പാപികളുടെ  പിതാവ്, മാതാക്കളുടെ വിശുദ്ധന്‍ തുടങ്ങിയ പേരുകളില്‍ അദ്ദേഹം അറിയപ്പെട്ടു.

1755 ഒക്‌ടോബര്‍ 16 ന് ജരാര്‍ദ് ദിവംഗതനായി. 1893ല്‍ ലെയോ 13-ാമന്‍ പാപ്പാ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1904 ഡിസംബര്‍ 11-ാം തീയതി 10-ാം പീയൂസ് പാപ്പാ ജരാര്‍ദ്ദിനെ വിശുദ്ധരുടെ ഗണത്തില്‍ ചേര്‍ത്തു.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161638