കാന്തലീസിലെ വി. ഫെലിക്‌സ് (1515-1587)

ഇറ്റലിയിലെ റിയേറ്റിയില്‍ കാന്തലീസ് എന്ന ഗ്രാമത്തില്‍ ഒരു കര്‍ഷകകുടുംബത്തില്‍ ഫെലിക്‌സ് ജനിച്ചു. വളര്‍ന്നുവന്ന ഫെലിക്‌സിന്റെ ജോലി കാലിമേയ്ക്കലായിരുന്നു. പിന്നീടു കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടു. കഠിനാദ്ധ്വാനിയും ദയാശീലനും സൗമ്യനുമായിരുന്നു ഫെലിക്‌സ്. അനുദിനം ദിവ്യബലിയില്‍ സംബന്ധിക്കാന്‍ കഴിയാത്തതില്‍ വളരെ ദുഃഖിച്ചിരുന്നു..

തൊഴില്‍ രംഗത്തുണ്ടായ ഒരപകടം, ഫെലിക്‌സിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായിത്തീര്‍ന്നു. ഒരിക്കല്‍ ഉഴവിനുപയോഗപ്പെടുത്തിയ കാളകള്‍ തീരെ മെരുക്കമില്ലാത്തവയായിരുന്നു. ജോലിക്കിടയില്‍ കാളകള്‍ ഇടയുകയും ഫെലിക്‌സിന്റെ നിയന്ത്രണം വിടുകയും ഉടമസ്ഥനെ തട്ടിവീഴ്ത്തുകയും ചെയ്തു. കലപ്പയുടെ മുനകള്‍ ഫെലിക്‌സിന്റെ ശരീരത്തിലൂടെ ഉഴുകയും, കൂട്ടുകാരന്‍ മരിച്ചുകാണുമെന്ന് മറ്റുള്ളവര്‍ കരുതുകയും ചെയ്തു. എന്നാല്‍, വസ്ത്രം കീറിയതൊഴികെ കാര്യമായ മുറിവൊന്നും ഏറ്റിട്ടുണ്ടായിരുന്നില്ല. ഇപ്രകാരം രക്ഷപെട്ട ഫെലിക്‌സ് എഴുന്നേറ്റ് യജമാനനെ സമീപിച്ച്  വിവരം ധരിപ്പിച്ചിട്ടു ജോലിയില്‍ നിന്ന് പിരിഞ്ഞു.

ലളിതജീവിതം ഇഷ്ടപ്പെട്ടിരുന്ന ഫെലിക്‌സ് ഉണ്ടായിരുന്നവയെല്ലാം ദരിദ്രര്‍ക്കു കൊടുത്തശേഷം അടുത്തുണ്ടായിരുന്ന കപ്പുച്ചിന്‍ ആശ്രമത്തില്‍  പ്രവേശനം തേടി. 1543-ല്‍ 28-ാംമത്തെ വയസ്സില്‍ നവസന്യാസിയായി. ജീവിതക്ലേശങ്ങളെ നേരിടാനുള്ള പരിശീലനം നേടി. സന്യാസാനുഷ്ഠാനങ്ങളില്‍ വിശ്വസ്തനായിരുന്ന ഫെലിക്‌സിന് പലതരത്തിലുള്ള പൈശാചിക പ്രലോഭനങ്ങളും തുടര്‍ച്ചയായ രോഗപീഡകളും തരണം ചെയ്യേണ്ടിവന്നു. ക്ഷമാശീലം, ആത്മനിയന്ത്രണം, പ്രാര്‍ത്ഥന, നിഷ്‌കളങ്കത ഇവയെല്ലാം അഭ്യസിച്ച് വ്രതവാഗ്ദാനം നടത്തി.

റോമിലെ ആശ്രമത്തില്‍ ഭിക്ഷാടനത്തിനു നിയുക്തനായി. യാചകവൃത്തിയിലെ പെരുമാറ്റം ഏവരിലും മതിപ്പുളവാക്കത്തക്കതായിരുന്നു. ഓരോ ധര്‍മ്മവും ദൈവത്തിനു നന്ദി പറഞ്ഞാണ് സ്വീകരിച്ചിരുന്നത്. തന്നിമിത്തം നാട്ടുകാര്‍ ' ദൈവകൃപ ' എന്ന ഓമനപ്പേര് ഫെലിക്‌സിനു നല്‍കി. ഭിക്ഷാടനം നടത്തി ശേഖരിക്കുന്നവയെല്ലാം അനുദിനം ആശ്രമത്തിലേയ്ക്കു സ്വയം ചുമന്നു കൊണ്ടുവന്നിരുന്നു. തിരിച്ചെത്തിയാല്‍ ദിവ്യസക്രാരിയുടെ മുമ്പില്‍  പ്രാര്‍ത്ഥനാലീനനായി നിന്ന് ഉപകാരികളെ ദൈവത്തിന് സമര്‍പ്പിക്കുകയായിരുന്നു ഫെലിക്‌സിന്റെ പതിവ്.

അത്ഭുതവരങ്ങളാല്‍ ദിവ്യകാരുണ്യനാഥന്‍ ഫെലിക്‌സിനെ അനുഗ്രഹിച്ചു. കുരിശടയാളത്താല്‍ രോഗശാന്തി നല്കാന്‍ കഴിവ്‌നല്കി.  മരിച്ചവരെ ഉയര്‍പ്പിക്കാനും സങ്കീര്‍ണ്ണ പ്രശ്‌നങ്ങളില്‍ ശരിയായ ഉപദേശം നല്കാനും സഹായിച്ചു.

പരി.കന്യകാമറിയത്തോട് ഫെലിക്‌സിനുണ്ടായിരുന്ന ഭക്തി അസാമാന്യമായിരുന്നു. ഉണ്ണിയീശോയെ ഫെലിക്‌സിന്റെ കരങ്ങളില്‍ ഒരിക്കല്‍ മാതാവ് ഏല്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ലോകത്തോടു വിടപറയാന്‍ സമയമായപ്പോള്‍ പരി.കന്യകാമറിയം ഫെലിക്‌സിനെ ക്ഷണിക്കാന്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. 1587 മെയ് 18-ാം തീയ്യതി പന്തക്കുസ്താനാളില്‍ സുസ്‌മേരവദനനായി ഫെലിക്‌സ് മരണമെന്ന സഹോദരിയെ സ്വീകരിച്ചു.

എട്ടാം ഊര്‍ബന്‍ പാപ്പാ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായും 11-ാം ക്ലമെന്റ് പാപ്പാ വിശുദ്ധനായും പ്രഖ്യാപിച്ചു. വിശുദ്ധ കുര്‍ബ്ബാനയോടും പരിശുദ്ധ കന്യകാമറിയത്തോടും ഭക്തിപുലര്‍ത്താനും, ദാരിദ്യത്തിലും അദ്ധ്വാനത്തിലും  വിനയത്തിലും ജീവിക്കുവാനും വി. ഫെലിക്‌സിന്റെ ജീവിതം നമ്മെ പ്രേരിപ്പിക്കുന്നു. 

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161713