വി. സെഫിറീനൂസ് പാപ്പാ

വി.കുര്‍ബ്ബാനയുടെ ഒരു വലിയ ഭക്തനായ വി.സെഫിറീനുസ്പാപ്പാ, സെവേരൂസ് ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് വിക്ടര്‍ മാര്‍പാപ്പായുടെ പിന്‍ഗാമിയായി സഭാഭരണം ഏറ്റെടുത്തു. സെവേരൂസ് ചക്രവര്‍ത്തിയുടെ ക്രൂരമര്‍ദ്ദനം 9 കൊല്ലത്തേയ്ക്കു തുടര്‍ന്നു. ഇക്കാലഘട്ടത്തില്‍ ക്രൈസ്തവജനതയെ ദിവ്യകാരുണ്യനാഥന്റെ സ്‌നേഹവാത്സല്യങ്ങളോടെ ആശ്വസിപ്പിച്ചിരുന്നത് ഈശോയുടെ ദിവ്യപ്രതിനിധിയായ മാര്‍പാപ്പായാണ്. രക്തസാക്ഷികള്‍ അദ്ദേഹത്തിന്റെ ആനന്ദവും, പാഷണ്ഡികളും മതത്യാഗികളും അദ്ദേഹത്തിന്റെ ഹൃദയത്തെ കുത്തിമുറിപ്പെടുത്തിയ കുന്തങ്ങളുമായിരുന്നു. പരിശുദ്ധാത്മാവായി ചമഞ്ഞ് ക്രിസ്തുവിന്റെ ദ്വീതീയാഗമനത്തിന് ജനങ്ങളെ ഒരുക്കാന്‍ തുടങ്ങിയ മോന്തേനൂസിന്റെ പാഷണ്ഡതയെ തകര്‍ത്തത് സെഫിറീനൂസ് പാപ്പയാണ്, മോന്തേനിസ്റ്റ് ചിന്താഗതി സ്വീകരിച്ച്, ചില പാപങ്ങള്‍ക്ക് മോചനമില്ലന്ന് വാദിച്ച വലിയ പണ്ഡിതനായിരുന്ന തെര്‍ത്തുല്യന്റെ അധഃപതനം പാപ്പാക്കു ഹൃദയഭേതകമായിരുന്നു.

മാര്‍സിയന്‍, വലെന്റെയിന്‍, തെയോഡോട്ടസ്റ്റുകള്‍ എന്നിവര്‍ മാര്‍പാപ്പായെ വളരെയധ്കം നിന്ദിക്കുകയുണ്ടായി. എങ്കിലും, ദിവ്യകാരുണ്യസന്നിധിയില്‍ അഭയം പ്രാപിച്ചു പ്രാര്‍ത്ഥനാനിരതനായിരുന്ന പാപ്പാ സുശക്തനായി വര്‍ത്തിച്ചു. പാഷണ്ഡികളെ ഭയപ്പെടാതെ തിരുസഭയുടെ വിശ്വാസസത്യങ്ങള്‍ സംരക്ഷിക്കാന്‍തക്ക ധീരത പ്രകടിപ്പിച്ച അദ്ദേഹം രക്തം ചിന്താതെ ഒരു രക്തസാക്ഷിയായിത്തീര്‍ന്നു. വി.കലിസ്റ്റസിന്റെ ഭൂഗര്‍ഭാലയം സഭയ്ക്കായി വാങ്ങിയത് സെഫിറീനുസ് പാപ്പായാണ്. വി.കുര്‍ബ്ബാനയോടുള്ള ഭക്തി പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. ദിവ്യബലിയര്‍പ്പിക്കാനുള്ള കാസാ മരംകൊണ്ട് നിര്‍മ്മിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി.

സംഭവബഹുലമായ 17 വര്‍ഷത്തെ സഭാശുശ്രൂഷയ്ക്കുശേഷം  217ല്‍ മാര്‍പാപ്പാ നിര്യാതനായി. പലപ്പോഴായി സഹിച്ച വേദനകളുടെ ആധിക്യം നിമിത്തം സെഫിറീനൂസ് പാപ്പായെ രക്തസാക്ഷിയെന്നു വിളിക്കാറുണ്ട്.

മുള്ളുകളുടെയിടയിലെ ലില്ലികളായിരിക്കണം നാം, എങ്ങനെ കുത്തിതുളച്ചാലും അവയുടെ പ്രശാന്തസുന്ദരമായ സൗരഭ്യം നഷ്ടപ്പെടുന്നില്ല എന്ന് വി. ബര്‍ണ്ണാദ് പറയുന്നു. ഇപ്രകാരമുള്ള ഒരു ലില്ലിയായിരുന്നു വി.സെഫിറീനൂസ്. ഭീകരമായ എതിര്‍പ്പുകള്‍ക്കിടയിലും വിശ്വാസം കാത്തുസൂക്ഷിക്കുകയും ദിവ്യകാരുണ്യഭക്തി പുലര്‍ത്തുകയും ചെയ്ത വിശുദ്ധ ലില്ലിയാണു സെഫിറീനൂസ്.

പ്രതികൂലസാഹചര്യങ്ങളില്‍പോലും വിശ്വസ്തരായിരിക്കാനും ദിവ്യകാരുണ്യനാഥനുവേണ്ടി ജീവിക്കാനും വി.സെഫിറീനൂസ് നമുക്ക് മാതൃകയാണ്.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 160801