വി. ജോണ്‍ ക്രിസോസ്റ്റം (344-407) ( മെത്രാന്‍. വേദപാരംഗതന്‍ )

സിറിയായിലെ സൈന്യാധിപനായിരുന്ന സെക്കുന്തുസിന്റെയും ഭാര്യ അസൂന്തയുടെയും ഏകപുത്രനാണു ജോണ്‍. അസൂന്തയ്ക്ക് 20 വയസ്സുള്ളപ്പോള്‍ സെക്കുന്തുസ് മരിച്ചു. ചെറുപ്പത്തിലേ വിധവയായെങ്കിലും മറ്റൊരു വിവാഹത്തെപ്പറ്റി അവള്‍ ചിന്തിച്ചതേയില്ല. ഭക്തയായ അസൂന്ത ജോണിനെ ദൈവഭക്തിയില്‍ വളര്‍ത്തി. പരുപരുത്ത വസ്ത്രമാണ് ജോണ്‍ യൗവ്വനത്തില്‍ ധരിച്ചിരുന്നത്. അനുദിനം ഉപവസിച്ചിരുന്നു. പ്രാര്‍ത്ഥനയ്ക്കും വിശുദ്ധഗ്രന്ഥധ്യാനത്തിനുമായിട്ട് സമയത്തിന്റെ അധികപങ്കും ചെലവഴിച്ചുപോന്നു. 26 വയസ്സായപ്പോഴേയ്ക്കും പൗരോഹിത്യത്തെപ്പറ്റി ആറു നിസ്തുലഗ്രന്ഥങ്ങള്‍ ജോണ്‍ രചിച്ചു. മുപ്പതാമത്തെ വയസ്സില്‍ ജോണ്‍ അന്തിയോക്യയ്ക്കടുത്തുള്ള വനാന്തരങ്ങളിലേയ്ക്ക് താമസം മാറ്റി. പ്രാര്‍ത്ഥന, ജ്ഞാനവായന, വി. ഗ്രന്ഥധ്യനം എന്നിവയ്ക്കായി സമയം ചെലവഴിച്ചു.

386 ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. മെത്രാനായ ജോണിന്റെ പണ്ഡിതോചിതമായ പ്രസംഗങ്ങളുടെ ഫലം അത്ഭുതാവഹമായിരുന്നു. സ്വര്‍ണ്ണജിഹ്വ എന്നര്‍ത്ഥമുള്ള ക്രിസോസ്റ്റം എന്ന അപരനാമം ലഭിക്കാന്‍ കാരണം ജോണിന്റെ നിസ്തുലമായ വാഗ്മിത്വമാണ്. എന്നാല്‍ വാഗ്വിലാസത്തെ അതിശയിക്കുന്നതായിരുന്നു ധീരതയും ദൈവഭക്തിയും. കൂടെക്കൂടെയുള്ള ദിവ്യകാരുണ്യസ്വീകരണം പ്രോത്സാഹിപ്പിച്ചുകൊണ്ടു പ്രസംഗിച്ചിരുന്നു.

ദിവ്യബലിയര്‍പ്പിക്കുമ്പോള്‍ സ്വര്‍ഗ്ഗീയവൃന്ദങ്ങള്‍ ഇറങ്ങിവന്ന് വി. കുര്‍ബ്ബാനയെ ആരാധിക്കുന്നതായി ജോണ്‍ കണ്ടിരുന്നുവെന്ന് വിശുദ്ധ നീലൂസ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കോണ്‍സ്റ്റാന്റിനോപ്പിളില്‍ ജോണ്‍ സ്വീകാര്യനായിരുന്നു. എന്നാല്‍ തിന്മകള്‍ക്കെതിരായി പ്രസംഗം നടത്തിയത് ശത്രുക്കളെ ഉളവാക്കാന്‍ ഹേതുവായി, 403 ല്‍ നാടുകടത്തപ്പെട്ടു. താമസിയാതെ തന്നെ തിരികെ വിളിക്കപ്പെടുകയുണ്ടായി. അലക്‌സാന്‍ഡ്രിയായിലെ തെയോഫിലസ് മെത്രാപ്പോലീത്തായും, എവുഡോക്‌സിയാ ചക്രവര്‍ത്തിയും നടത്തിയ അഴിമതിക്കെതിരായി ജോണ്‍ നടത്തിയ ആരോപണങ്ങള്‍ അവരെ പ്രകോപിപ്പിച്ചു.  രണ്ടു പ്രാവശ്യം അവര്‍ ജോണിനെ നാടുകടത്തി. തദവസരത്തില്‍ ജോണ്‍ പറഞ്ഞു. 'ശാരീരികമായി നിങ്ങള്‍ക്കെന്നെ നാടുകടത്താന്‍ സാധിക്കും. എന്നാല്‍ ദൈവസന്നിധിയില്‍ നിന്ന് എന്നെ അകറ്റിനിറുത്താന്‍ നിങ്ങള്‍ക്കു സാധിക്കില്ല.' 

നാനൂറുനാഴിക ദൂരെ ഒരു സ്ഥലത്തേയ്ക്കാണ് നാടുകടത്തപ്പെട്ടത്. അവിടെ പട്ടിണിയും തണുപ്പും സഹിച്ചു കഴിഞ്ഞുകൂടി. സാവകാശം ജോണ്‍ രോഗബാധിതനായി. മറ്റൊരു സ്ഥലത്തേയ്ക്കുള്ള യാത്രയ്ക്കിടയില്‍ രോഗം വര്‍ദ്ധിച്ചു. മുഷിഞ്ഞ വസ്ത്രം മാറി വെള്ള വസ്ത്രം ധരിച്ച് തിരുപാഥേയം സ്വീകരിച്ചു. 'സകലത്തിനും ദൈവത്തിന് സ്തുതി' എന്ന് പതിവായി ചൊല്ലാറുള്ള വാക്കുകള്‍ ഉരുവിട്ടുകൊണ്ട് തന്റെ ആത്മാവിനെ ജോണ്‍ ദൈവതൃക്കരങ്ങളില്‍ സമര്‍പ്പിച്ചു. പൗരസ്ത്യ സഭയിലെ മഹാപിതാക്കന്മാരിലൊരാളാണ് ജോണ്‍ ക്രിസോസ്റ്റം. 

ക്രിസ്തീയ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ദിവ്യകാരുണ്യ നാഥനോടുള്ള സ്‌നേഹം പ്രകടമാക്കുവാനും ത്യാഗം സഹിച്ചു സാക്ഷ്യം വഹിക്കുവാനും ജോണ്‍ ക്രിസോസ്റ്റം നമ്മെ പ്രേരിപ്പിക്കുന്നു.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 160803