പരി. മാതാവിന്റെ ന്യൂനോ അന്‍വാരെസ് പെരേര (1360-1431) (കര്‍മ്മലീത്താസന്യാസി)

1360-ല്‍ പോര്‍ച്ചുഗലില്‍ ന്യൂനോ ജാതനായി. നല്ല ശിക്ഷണത്തില്‍ കുട്ടി വളര്‍ന്നു വന്നു. വളര്‍ച്ചയ്ക്കനുസരിച്ച് ഒരു പട്ടാളക്കാരന് യോജിക്കുന്ന ശിക്ഷണവും വിദ്യാഭ്യാസവും ന്യൂനോയ്ക്കു കിട്ടി.

16-ാമത്തെ വയസ്സില്‍ പിതാവിന്റെ ആവശ്യപ്രകാരം പോര്‍ച്ചുഗലിലെ സമ്പന്നയും നല്ലവളുമായ ഡോണാഅല്‍വിം എന്ന വിധവയെ വിവാഹം ചെയ്തു. അവര്‍ക്കു മൂന്നു മക്കളുണ്ടായി. ആണ്‍കുട്ടികള്‍ രണ്ടുപേരും ചെറുപ്പത്തില്‍ തന്നെ മരിച്ചു. അവശേഷിച്ച മകളെ ബ്രാഗന്‍സായിലെ പ്രഥമ പ്രഭുവായ അല്‍ഫോന്‍സോ വിവാഹം ചെയ്തു.

അല്‍ഫോന്‍സോയുടെ പിതാവ് ജാവോ, രാജാവുമായിരുന്നു. തന്റെ പടത്തലവനായി ജാവോ ന്യൂനോയെ നിയമിച്ചു. വിദഗ്ദ്ധനായ നയതന്ത്രജ്ഞനായിരുന്ന ന്യൂനോ യുദ്ധങ്ങളിലെല്ലാം വിജയം നേടി. വളരെ കുറഞ്ഞ സൈന്യത്തെക്കൊണ്ട് എണ്ണമറ്റ സ്പാനീഷ് പട്ടാളത്തെ കീഴടക്കി പോര്‍ച്ചുഗലിന് സ്വാതന്ത്യം നേടിക്കൊടുത്ത ന്യൂനോ രാജ്യവാസികളേവര്‍ക്കും പ്രിയങ്കരനായി. 

ദിവ്യകാരുണ്യഭക്തനായിരുന്ന ന്യൂനോ സ്വന്തം സമ്പത്തുകൊണ്ട് ധാരാളം പള്ളികളും ആശ്രമങ്ങളും പണിയിച്ചു. പരി. കന്യാമറിയത്തോട് അസാമാന്യമായ ഭക്തിപുലര്‍ത്തിയിരുന്നതിനാല്‍ ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ ഉപവാസം അനുഷ്ഠിച്ചിരുന്നു.

1387-ല്‍ ഭാര്യ മരിച്ചു. താമസിയാതെ സന്യാസ ജീവിതത്തിനുള്ള തീരുമാനം സ്വീകരിച്ചു. കര്‍മ്മലീത്താ ആശ്രമത്തില്‍ പ്രവേശിച്ച് പരി. മാതാവിന്റെ സ്വന്തം ന്യൂനോ എന്ന പേരില്‍ സമര്‍പ്പിത ജീവിതം ആരംഭിച്ചു. ആശ്രമത്തിലെ എല്ലാ ജോലികളും താല്പര്യത്തോടെ ചെയ്തുപോന്നു. അതിഥികളോട് ദിവ്യകാരുണ്യനാഥന്റെ ശുശ്രൂഷാപരമായ സ്‌നേഹം പ്രകടമാക്കിയിരുന്നു. പാവങ്ങളെ ശുശ്രൂഷിക്കാനും വെച്ചുവിളമ്പിക്കൊടുക്കാനും ന്യൂനോ കാണിച്ചിരുന്ന താല്പര്യം പ്രസ്താവ്യമാണ്.

ഇപ്രകാരം എളിയ ജീവിതം നയിച്ച അദ്ദേഹം 1431 ഏപ്രില്‍ 1-ന് പരലോക പ്രാപ്തനായി. 2009 ഏപ്രില്‍ 26-ന് ന്യൂനോയെ വിശുദ്ധനെന്ന് ബനഡിക്ട് 16-ാമന്‍ പാപ്പാ പ്രഖ്യാപിച്ചു. ജീവിത വിജയത്തിന് ദിവ്യകാരുണ്യ ഭക്തിയുടെയും താപസികതയുടെയും ആവശ്യകത തിരിച്ചറിഞ്ഞു ജീവിച്ചവനാണ് വി. ന്യൂനോ.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161710