യേശുവിന്റെ ഉത്ഥാനത്തിനു തെളിവുകളുണ്ടോ?

യേശുവിന്റെ ഉത്ഥാനത്തിന് ശാസ്ത്രീയമായ അര്‍ത്ഥത്തില്‍ തെളിവുകളില്ല. എന്നാല്‍, വ്യക്തിപരവും സമൂഹപരവുമായ വളരെ ശക്തമായ സാക്ഷ്യങ്ങളുണ്ട്. ജറുസലേമിലെ ആ സംഭവങ്ങളെക്കുറിച്ച് ധാരാളം സമകാലികര്‍ നല്‍കിയ സാക്ഷ്യങ്ങളാണവ. (639-644,647,656-657)

ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ ഏറ്റവും പഴയസാക്ഷ്യം. വി. പൗലോസ് കോറിന്തോസുകാര്‍ക്ക് എഴുതിയ എഴുത്താണ്. ക്രിസ്തുവിന്റെ മരണശേഷം ഏതാണ്ട് ഇരുപതുവര്‍ഷം കഴിഞ്ഞ് എഴുതിയതാണിത്: 'എനിക്കു ലഭിച്ചത് സര്‍വപ്രധാനമായിക്കരുതി ഞാന്‍ നിങ്ങള്‍ക്ക് ഏല്‍പ്പിച്ചുതന്നു. വിശുദ്ധലിഖിതങ്ങളില്‍ പറഞ്ഞിട്ടുള്ളതുപോലെ ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതുപോലെ മൂന്നാം നാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു. അവന്‍ കേപ്പായ്ക്കും പിന്നീട് പന്ത്രണ്ടു പേര്‍ക്കും പ്രത്യക്ഷനായി. അതിനുശേഷം അഞ്ഞൂറിലധികം സഹോദരര്‍ക്കു പ്രത്യക്ഷനായി. അവരില്‍ ഏതാനും പേര്‍ മരിച്ചുപോയി. മിക്കവരും ഇന്നും ജീവിച്ചിരിപ്പുണ്ട്' (1കോറി 15:3-6). ആദിമക്രൈസ്തവസമൂഹത്തില്‍ നിലനിന്ന സാക്ഷ്യമാണ്. വിശുദ്ധ പൗലോസ് രേഖപ്പെടുത്തുന്നത്. ക്രിസ്തുവിന്റെ മരണവും ഉത്ഥാനവും കഴിഞ്ഞ് രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുശേഷം നിലനിന്നതുമാണ്. അദ്ദേഹം ഒരു ക്രിസ്ത്യാനിയായ വര്‍ഷം തന്നെ നിലനിന്നതുമാണ്. ഉത്ഥിതനായ ക്രിസ്തുവുമായുണ്ടായ ഞെട്ടിക്കുന്ന കണ്ടുമുട്ടലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ക്രിസ്ത്യാനിയായത്.

ഉത്ഥാനമെന്ന യാഥാര്‍ത്ഥ്യത്തിന്റെ ഒന്നാമത്തെ സൂചനയായി 'ശൂന്യമായ കല്ലറ' (ലൂക്കാ 24:2-3) എന്ന വസ്തുതയെ ശിഷ്യന്‍മാര്‍ കരുതി. എല്ലാവരിലും വച്ച് സ്ത്രീകള്‍ അത് ആദ്യം കണ്ടെത്തി. അക്കാലത്തെ നിയമമനുസരിച്ച് അവര്‍ക്ക് സാക്ഷ്യപ്പെടുത്താന്‍ പാടില്ലായിരുന്നു. ശൂന്യമായിക്കഴിഞ്ഞ കല്ലറ അപ്പസ്‌തോലനായ യോഹന്നാന്‍ 'കണ്ടുവിശ്വസിച്ചു' (യോഹ 20:8-9) എന്നും നാം വായിക്കുന്നു. എന്നാലും പ്രത്യക്ഷപ്പെടലുകളുടെ ഒരു പരമ്പരയ്ക്കുശേഷമാണ് യേശു ജീവച്ചിരിക്കുന്നുവെന്ന് പൂര്‍ണ്ണമായ ഉറപ്പുണ്ടായത്. ഉത്ഥിതനായ കര്‍ത്താവുമായുള്ള അനേകം കണ്ടുമുട്ടലുകള്‍, സ്വര്‍ഗത്തിലേക്കുള്ള അവിടത്തെ ആരോഹണത്തോടെ അവസാനിച്ചു. എന്നാലും അതിനു ശേഷവും, ഇന്നും ജീവിക്കുന്ന കര്‍ത്താവുമായുള്ള കണ്ടുമുട്ടല്‍ നടക്കുന്നുണ്ട്. യേശുക്രിസ്തു ജീവിക്കുന്നു.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 161710